തിരുവനന്തപുരം 'പേര് റൂബി, നാട് എറണാകുളം, താമസം സ്വന്തം തലസ്ഥാനത്ത്. ജോലി ഡബ്ബിങ് ആർട്ടിസ്റ്റ്, വയസ്സ് 31, വിശദമായി വഴിയേ പരിചയപ്പെടാം'- ഫേസ് ബുക്കിൽ വേൾഡ് മലയാളി സർക്കിളിൽ മൂന്ന് ദിവസം മുൻപ് ഇങ്ങനെ പോസ്റ്റിട്ട റൂബിയുടെ ആത്മഹത്യയുടെ വാർത്ത ഞെട്ടലോടെയാണ് സുഹൃത്തുക്കളൊക്കെ കേട്ടത്. ശ്രീകാര്യം പാങ്ങപ്പാറയിലെ വാടക വീട്ടിലാണ് റൂബിയെയും സുഹൃത്ത് സുനിലിനെയും ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഫെബ്രുവരിയിലാണ് ഇരുവരും ശ്രീകാര്യത്ത് വീട് വാടകയ്ക്ക് എടുത്തത്. കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിയോടെ സുനിൽ സുഹൃത്തിനെ വിളിച്ച് റൂബി തൂങ്ങിമരിച്ചെന്നും താൻ ഉടൻ മരിക്കുമെന്നും അറിയിക്കുകയായിരുന്നു. സുഹൃത്ത് ശ്രീകാര്യം പൊലീസിനെ വവരമറിയിച്ചു. തുടർനന് പൊലീസെത്തി വീടിന്റെ കതക് പൊളിച്ചു അകത്തു കടന്നപ്പോൾ റൂബിയെ താഴത്തെ മുറിയിലും സുനിലിനെ മുകളിലത്തെ മുറിയിലും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ജീവിതത്തെ പൊസിറ്റീവ് ആയി മാത്രം നോക്കി കണ്ട ആൾ ആയിരുന്നു റൂബിയെന്ന് സുഹൃത്തുക്കൾ പറയുന്നു. ഊർജ്ജം നിറച്ച ഫേസ്‌ബുക്ക് പോസ്റ്റുകൾ ആയിരുന്നു റൂബി എഴുതിയവയിൽ ഏറെയും. അതുകൊണ്ടുതന്നെ 'വിശക്കുന്നു' എന്ന പോസ്റ്റിനെയും തമാശ ആയിട്ടാണ് പലരും എടുത്തത്. മരിക്കുന്നതിന്റെ തലേന്ന് വാട്സ്ആപ്പ് സൗഹൃദ കൂട്ടായ്മയിൽ നിന്ന് റൂബി സ്വയം പുറത്തുപോയതിനെയും സുഹൃത്തുക്കൾ ഗൗരവമായി എടുത്തില്ല. 'ആകെ ലോക്ഡൗണായി' എന്നുപറഞ്ഞ് ചില സുഹൃത്തുക്കൾക്ക് സന്ദേശം അയക്കുകയും ചെയ്തിരുന്നു. ലോക്ക്ഡൗൺ കാരണം റൂബിയും സുഹൃത്തും കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവിച്ചിരുന്നു എന്നാണ് വിവരം

കഴിഞ്ഞ ഒരുവർഷമായി സുനിലുമായി റൂബി ലീവിങ് റ്റുഗതർ റിലേഷൻഷിപ്പിലാണ് റൂബി. ബാംഗ്ലൂരിൽ വച്ചുള്ള പരിചയമാണ് ചേർത്തല സ്വദേശിയായ റൂബിയും വഞ്ചിയൂർ സ്വദേശിയായ സുനിലും തമ്മിൽ പ്രണയത്തിന് വഴി മാറിയത്. ഇത് പിന്നീട് ഒന്നിച്ചുള്ള താമസമായി. പിന്നെ വഴക്കും പിണക്കവും. മദ്യവും ജീവിതത്തിൽ വില്ലനായി. ഇതോടെ താളപിഴകളും.

വഞ്ചിയൂരിലെ കുടുംബവീട് വിറ്റപണത്തിൽ നിന്നും തന്റെ ഭാഗമെടുത്ത് സുനിൽ ബില്ലിങ് മെഷിൻ വിൽക്കുന്ന ബിസിനസ് ആരംഭിച്ചിരുന്നു. സപ്ലൈക്കോ പോലുള്ള പൊതുമേഖലാസ്ഥാപനങ്ങൾക്കൊക്കെ ബില്ലിങ് മെഷിനുകൾ വിതരണം ചെയ്തിരുന്നത് സുനിലാണ്. എന്നാൽ ബില്ലിങ് മെഷിനുകളുടെ വിതരണം സർക്കാർ സ്ഥാപനമായ കെൽട്രോൺ ഏറ്റെടുത്തതോടെ സുനിലിന് ബിസിനസ് നിർത്തേണ്ടി വന്നു. ഈ സമയത്താണ് സുനിൽ ബാംഗ്ലൂരിൽ എത്തുന്നതും റൂബിയെ പരിചയപ്പെടുന്നതും.

സുനിൽ മുമ്പ് മറ്റൊരു വിവാഹം കഴിച്ചിരുന്നെങ്കിലും ഡിവോഴ്‌സ് ആയിരുന്നു. എന്നാൽ റൂബിക്ക് മറ്റൊരു കുടുംബം ഉണ്ടെന്ന സൂചനയും പൊലീസിനുണ്ട്. ഇതേ കുറിച്ച് പൊലീസ് അന്വേഷിക്കുന്നുണ്ട്. ഈ ഘട്ടത്തിൽ ഒന്നും സ്ഥിരീകരിക്കുന്നില്ല. ഇവർ തമ്മിലുണ്ടായ വഴക്ക് കാരണം റൂബി ആദ്യം ആത്മഹത്യ ചെയ്‌തെന്നും അതിനെതുടർന്നാണ് സുഹൃത്തിന് വാട്‌സാപ്പ് മെസേജ് അയച്ച ശേഷം സുനിലും ആത്മഹത്യ ചെയ്തതെന്നുമാണ് പ്രാഥമിക നിഗമനങ്ങൾ.

വാട്സാപ്പ് സന്ദേശവുമായി സുനിലിന്റെ സുഹൃത്ത് ശ്രീകാര്യം പൊലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു. സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കി അവർ ഉടൻ ഇടപെട്ടു. പാങ്ങപാറയിലെ വീട്ടിൽ എത്തിയപ്പോൾ വാട്സാപ്പ് സന്ദേശം ശരിയാണെന്നും വ്യക്തമായി. ഇതോടെ കുടുംബാംഗങ്ങളെ വിവരം അറിയിച്ചു. ചെന്നൈയിൽ നിന്നും റൂബിയുടെ ബന്ധുക്കൾ കൂടി എത്തിയ ശേഷമേ കൂടുതൽ വിവരങ്ങൾ ലഭിക്കൂ എന്ന് ശ്രീകാര്യം പൊലീസ് അറിയിച്ചു.അതുവരെ കാത്തിരിക്കാനാണ് തീരുമാനം.

വഞ്ചിയൂർ സ്വദേശിയായ സുനിൽ സിപിഎമ്മിന്റെ സജീവ പ്രവർത്തകനാണ്. വിദ്യാർത്ഥികാലത്ത് എസ്എഫ്‌ഐ നേതാവായിരുന്ന സുനിൽ യൂണിവേഴ്‌സിറ്റി കോളേജിലെ മാഗസീൻ എഡിറ്ററുമായിരുന്നു. കഴിഞ്ഞ കുറച്ചുകാലമായി സുനിൽ അമിത മദ്യപാനത്തിന് അടിമയായിരുന്നെന്ന് സുഹൃത്തുക്കളും പറയുന്നു. ഇതും കുടുംബത്തിൽ താളപ്പിഴകളുണ്ടാക്കി. തിരുവനന്തപുരത്ത് വഞ്ചിയൂർ അമ്പലമുക്കിലാണ് സുനിലിന്റെ കുടുംബ വീട്. ഇത് ഈയിടെ വിറ്റിരുന്നു.

അതിന് ശേഷം ഭാഗം വാങ്ങുകയും ബിസിനസിൽ ഇറങ്ങുകയും ചെയ്തു. പക്ഷേ കച്ചവടം മുമ്പോട്ട് പോയില്ല. ഇതിന്റെ പ്രശ്നങ്ങൾ സുനിലിന് ഉണ്ടായിരുന്നു. എസ് എഫ് ഐയുടെ ഏര്യാ ജോയിന്റെ സെക്രട്ടറയായിരുന്നു സുനിൽ.