മുംബൈ: പൗണ്ട് ദുർബലമായപ്പോൾ ഒരു പൗണ്ടിന് ലഭിക്കുന്ന രൂപയുടെ തുകയുമായി വൻ ഇടിവാണ് സംഭവിച്ചത്. 90 രൂപ വരെ ഒരു ഘട്ടത്തിൽ എത്തിയ പൗണ്ട് വില 90-നും താഴേയ്ക്ക് പോകുമോ ന്ന ആശങ്കയായിരുന്നു എങ്ങും. എന്നാൽ, രൂപയ്ക്ക് പെട്ടെന്ന് കരുത്ത് ചോർന്നതോടെ താരതമ്യേന ഭേദം എന്ന നിലയിൽ കൂടുതൽ രൂപ ലഭിക്കാൻ ആരംഭിച്ചു.

പൗണ്ടിന്റെ വിലത്തകർച്ച മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാർ പ്രതീക്ഷയോടെയാണ് കണ്ടിരുന്നത്. എന്നാൽ, പൊടുന്നനെ രൂപ ദുർബലമായത് അവരുടെ പ്രതീക്ഷകൾ അട്ടിമറിച്ചു. തിങ്കളാഴ്ച 55 പൈസയാണ് രൂപയുടെ മൂല്യമിടിഞ്ഞത്. ഡോളർ 62.91 രൂപയിലും പൗണ്ട് 93.97 രൂപയിലുമാണ് ക്ലോസ് ചെയ്തത്. ഒരു ഘട്ടത്തിൽ 90 രൂപ വരെ ഇടിഞ്ഞ പൗണ്ടാണ് രൂപയ്ക്ക് മൂല്യം കുറഞ്ഞതോടെ പതുക്കെ തിരിച്ചുകയറിയത്.

ഇക്കൊല്ലത്തെ ഏറ്റവും വലിയ വീഴ്ചയാണ് രൂപയ്ക്ക് സംഭവിച്ചിട്ടുള്ളത്. കയറ്റുമതി വിപണിയിൽ ഡോളറിന്റെ വരവ് കുറഞ്ഞതും രൂപയെ പ്രതിസന്ധിയിലാക്കിയെന്ന് ഈ രംഗത്തുള്ളവർ പറയുന്നു. ഡോളർ ശക്തിപ്രാപിച്ചതും രൂപയുടെ മൂല്യത്തകർച്ചയ്ക്ക് കാരണമായിട്ടുണ്ട്.

പൗണ്ട് വിലയിൽ തകർച്ചയുണ്ടായപ്പോൾ മലയാളികളടക്കം ധാരാളം പേർ ബ്രിട്ടനിൽ മുതൽമുടക്കാൻ തയ്യാറായിരുന്നു. പൗണ്ടുവില 90-ലും താഴേയ്ക്ക് പോകുമെന്ന് കരുതി കാത്തുനിന്നവരും ഏറെയാണ്. എന്നാൽ, രൂപയുടെ മൂല്യത്തിലുണ്ടായ തകർച്ച ഈ പ്രതീക്ഷകളെ അപ്പാടെ തകർക്കുകയും ചെയ്തു. ബ്രിട്ടനിൽ തിരഞ്ഞെടുപ്പ് അടുത്തതോടെ സർക്കാർ പ്രഖ്യാപിച്ച പദ്ധതികൾ പൗണ്ടിന്റെ മൂല്യം നിലനിർത്തുമെന്നാണ് സൂചന.