മോസ്‌കോ: ഉക്രെയിൻ അതിർത്തിയിൽ റഷ്യ സൈന്യവിന്യാസം നടത്തിയതുമായി ബന്ധപ്പെട്ട് അമേരിക്കയും റഷ്യയും തമ്മിൽ നടന്ന ചർച്ചകൾ പരാജയപ്പെട്ടതോടെ റഷ്യ അതിർത്തിയിൽ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കിയിരിക്കുകയാണെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നു. സ്വന്തം സൈന്യത്തിനെതിരായി തന്നെ റഷ്യ ഒരു ആക്രമണം അഴിച്ചുവിട്ടേക്കുമെന്നാണ് അമേരിക്കൻ രഹസ്യാന്വേഷണ കേന്ദ്രങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്. ഉക്രെയിൻ ആക്രമിക്കുന്നതിനുള്ള ഒരു കാരണം കണ്ടെത്താനായിട്ടാണ് ഈ വ്യാജ ആക്രമണമെന്നും രഹസ്യാന്വേഷണ റിപ്പോർട്ടിൽ പറയുന്നു.

സമൂഹമാധ്യമങ്ങളിലൂടെയുള്ള വ്യാജ പ്രചാരണങ്ങൾക്ക് റഷ്യ ശക്തികൂട്ടിയിരിക്കുകയാണ്. ഉക്രെയിനിനെ ഒരു ആക്രമണകാരിയായി ചിത്രീകരിക്കാൻ ലക്ഷ്യം വെച്ചുകൊണ്ടുള്ളതാണ് ഈ സോഷ്യൽ മീഡിയ യുദ്ധം എന്നും അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾ പറയുന്നു. വലിയൊരു സൈബർ ആക്രമണത്തിലൂടെ ഉക്രെയിൻ സർക്കാരിന്റെ വെബ്സൈറ്റ് ഇല്ലാതാക്കിയതോടെ ഏതു നിമിഷവും യുദ്ധമുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.അതിനിടയിലെ റഷ്യൻ സൈനിക മേധാവികൾ അതിർത്തിയിൽ വിന്യസിച്ചിരിക്കുന്ന സൈന്യത്തിന്റെ തയ്യാറെടുപ്പുകൾ പരിശോധിക്കുകയും ചെയ്തിട്ടുണ്ട്.

നാറ്റോ സഖ്യം തങ്ങളുടെ അതിർത്തിക്കടുത്തേക്ക് വ്യാപിപ്പിക്കുകയില്ലെന്ന് ഉറപ്പ് തരണമെന്നുള്ള റഷ്യയുടെ ആവശ്യം പാശ്ചാത്യ ശക്തികൾ നിഷേധിക്കുകയാണ്. തങ്ങൾക്ക് ക്ഷമ നശിച്ചിരിക്കുന്നു എന്നാണ് റഷ്യൻ വിദേശകാര്യമന്ത്രി ഇതിനെ കുറിച്ച് കഴിഞ്ഞ ദിവസം പറഞ്ഞത്. നഗര യുദ്ധമുറകളിലും അട്ടിമറികളിലും പ്രത്യേക പരിശീലനം നേടിയ ഒരു വിഭാഗംസൈനികരായിരിക്കും അതിർത്തിയിലെ സൈന്യത്തിനു നേരെ വ്യാജ ആക്രമണം അഴിച്ചുവിടുക എന്നതിന്റെ തെളിവുകൾ അമേരിക്കയുടെ കൈവശമുണ്ടെന്നാണ് അമേരിക്ക അവകശപ്പെടുന്നത്. ഇതിനായി, ഇതിനോടകം തന്നെ ഒരു സംഘത്തെ അമേരിക്ക തയ്യാറാക്കി നിർത്തിയിട്ടുണ്ടെന്നും അമേരിക്കൻ വൃത്തങ്ങൾ പറയുന്നു.

നേരത്തേ ക്രീമിയൻ ഉപദ്വീപ് കീഴടക്കാൻ റഷ്യ പയറ്റിയ തന്ത്രങ്ങൾ തന്നെയാണ് ഇപ്പോൾ പയറ്റുന്നതെന്ന് അമേരിക്കൻ പ്രതിരോധ വകുപ്പിന്റെ ഒരു വക്താവ് പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി വ്യാജപ്രചരണം അഴിച്ചുവിട്ട് കൈവ് ആണ് ആക്രമത്തിനു പിന്നിലെന്ന് വരുത്തി തീർക്കുകയായിരുന്നു അന്ന് റഷ്യ ചെയ്തത്. രഹസ്യാന്വേഷണ റിപ്പോർട്ട് വിശ്വസനീയമാണെന്നും പ്രതിരോധ വകുപ്പിന്റെ വക്താവ് പറഞ്ഞു.

എന്നാൽ തങ്ങൾ ഒരു പ്രകോപനത്തിന് തയ്യാറെടുക്കുകയാണെന്ന വാർത്ത റഷ്യൻ വക്താവ് നിഷേധിച്ചു. തികച്ചും വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് രഹസ്യാന്വേഷണ റിപ്പോർട്ട് എന്ന പേരിൽ പ്രചരിപ്പിക്കുന്നത് എന്നും റഷ്യ ആരോപിക്കുന്നു. എന്നാൽ, ഉക്രെയിൻ അതിർത്തിയിൽ വിന്യസിച്ച സൈന്യത്തിന്റെ യുദ്ധ സന്നദ്ധത റഷ്യൻ അധികൃതർ വെള്ളിയാഴ്‌ച്ച പരിശോധിച്ചതായി വിശ്വസനീയമായ റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുണ്ട്.

റഷ്യ തങ്ങളുടെ അതിർത്തിയിൽ പ്രകോപനമുണ്ടാക്കാൻ ശ്രമിക്കുകയാണെന്ന ഉക്രെയിൻ ആരോപണം ശരിവയ്ക്കുന്നതാണ് അമേരിക്കയുടെ രഹസ്യാന്വേഷണ റിപ്പോർട്ട്. അതേസമയം, ആക്രമണ കാര്യത്തിൽ ഇനിയും പുട്ടിൻ ഒരു സുനിശ്ചിതമായ തീരുമാനം എടുത്തിട്ടില്ല എന്നാണ് പറയപ്പെടുന്നത്. നയതന്ത്ര ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കാൻ ഇനിയും അവസരമുണ്ടെന്ന് അർത്ഥം. സത്യത്തിൽ ഉക്രെയിൻ ആക്രമിക്കുവാൻ പുടിൻ ഉദ്ദേശിക്കുന്നുണ്ടോ എന്നകാര്യം സംശയമാണ്. ആക്രമിക്കാനല്ല, മറിച്ച് മേഖലയിൽ തന്റെ ശക്തി തെളിയിക്കുക മാത്രമാണെന്നുംവിശ്വസിക്കുന്നവരുണ്ട്.