മോസ്‌കോ: ഏതൊരു നിമിഷവും ഒരു യുദ്ധം സംജാതമായേക്കാം എന്ന തിരിച്ചറിവിൽ, അത് ഒഴിവാക്കാനുള്ള അവസാനവട്ട ശ്രമത്തിലാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. വ്ളാഡിമിർ പുട്ടിന്റെ സൈന്യം ബുധനാഴ്‌ച്ചയ്ക്ക് മുൻപായി തന്നെ ഉക്രെയിൻ അതിർത്തികടക്കാൻ സാധ്യതയുണ്ടെന്ന് പുതിയ രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ടുകൾ പുറത്തു വരുമ്പോൾ, ബോറിസ് ജോൺസൺ തിരക്കിട്ടാ യൂറോപ്യൻ യാത്രയിലാണ്. സഖ്യകക്ഷികളുമായി ചേർന്ന് റഷ്യയെ യുദ്ധത്തിൽ നിന്നും പിന്തിരിപ്പിക്കാനുള്ള ശ്രമമാണ് ബോറിസ് ജോൺസൺ നടത്തുന്നത്.

അതിനിടയിൽ ഇന്നലെ ഉക്രെയിന് കൂടുതൽ സാമ്പത്തിക സഹായം വാഗ്ദാനമ്മ് ചെയ്തിരിക്കുകയാണ് ബ്രിട്ടൻ. ഉക്രെയിൻ ആക്രമണം ഉണ്ടാകുന്ന പശ്ചാത്തലത്തിൽ അതിനെതിരെ എടുക്കേണ്ട പ്രതികരണത്തെ കുറിച്ച് ചർച്ച ചെയ്യുവാൻ ഈയാഴ്‌ച്ച ബ്രസ്സൽസിൽ നേരുന്ന നാറ്റൊ സഖ്യകക്ഷികളുടെ യോഗത്തിൽ ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി ബെൻ വാലസ് പങ്കെടുക്കും. ബുധനാഴ്‌ച്ച മിസൈലുകളും ബോംബുകളും വർഷിച്ചുകൊണ്ടായിരിക്കും റഷ്യ യുദ്ധം ആരംഭിക്കുക എന്നാണ് ഇന്നലെ അമേരിക്കൻ രഹസ്യാന്വേഷണ വൃത്തങ്ങൾ പെന്റഗണിൽ വിശദീകരിച്ചതെന്ന് ചില വിശസനീയ കേന്ദ്രങ്ങൾ പറയുന്നു. അതിനുശേഷമായിരിക്കും കരയുദ്ധം ആരംഭിക്കുക എന്നും അവർ പറയുന്നു.

അതേസമയം, അത്തരമൊരു റിപ്പോർട്ടിന്റെ വിശ്വസ്യത തന്നെ ചോദ്യം ചെയ്യുകയാണ് ഉക്രെയിൻ പ്രസിഡണ്ട് വൊളോഡിമിർ സെലെൻസ്‌കി.ഏതടിസ്ഥാനത്തിലാണ് ഈ റിപ്പോർട്ടുകൾ ഉണ്ടാകുന്നത് എന്നാണ് അദ്ദേഹം ചോദിക്കുന്നത്. റഷ്യൻ ആക്രമണത്തെ കുറിച്ച് വിശ്വാസയോഗ്യമായ റിപ്പോർട്ടുകൾ ആരുടെയെങ്കിലും കൈയി ഉണ്ടെങ്കിൽ അത് ഉക്രെയിനുമായി പങ്കുവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സെലെൻസ്‌കി ബൈഡനുമായി ഇന്നലെ ഒരു മണിക്കൂറിലധികം ഫോണിൽ സംസാരിച്ചു. റഷ്യൻ ആക്രമണം ഉണ്ടായാൽ സത്വര പ്രതികരണം ഉറപ്പു നകിയ ബൈഡനോട് ആക്രമണത്തെ ചെറുക്കാൻ കൂടുതൽ മെച്ചപ്പെട്ട അയുധങ്ങളും ധനസഹായവും സെലെൻസ്‌കി ആവശ്യപ്പെട്ടു.

അതേസമയം, സ്ഥിതിഗതികൾ ശാന്തമാക്കാനുള്ള ശ്രമത്തിലാണ് ബോറിസ് ജോൺസൺ എന്നാണ് നമ്പർ 10 ഡൗണിങ് സ്ട്രീറ്റ് പറയുന്നത്. അതിർത്തിയിലെ റഷ്യൻ സേനാനീക്കങ്ങളെ കുറിച്ച് ദിവസവും അദ്ദേഹത്തിന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ടുകൾ ലഭിക്കുന്നുണ്ട്. ഈ വാരം അവസാനത്തിൽ ബോറിസ് എവിടെക്കായിരിക്കും യാത്ര എന്നകാര്യം പക്ഷെ അദ്ദേഹത്തിന്റെ ഓഫീസ് വ്യക്തമാക്കിയില്ല. ബാൾടിക് രാജ്യങ്ങളും നോർഡിക് രാജ്യങ്ങളും സന്ദർശിക്കാൻ അദ്ദേഹത്തിന് ഉദ്ദേശമുണ്ടെന്നറിയുന്നു.

ജർമ്മനിയും ഒരു സമാധാന ശ്രമത്തിനായി മുന്നിട്ടിറങ്ങിയിരിക്കുകയാണ്, ഇന്ന് ജർമ്മൻ ചാൻസലർ ഉക്രെയിൻ തലസ്ഥാനമായ കീവിൽ എത്തും. ഒരു ദിവസത്തെ ചർച്ചകൾക്കും കൂടിക്കാഴ്‌ച്ചകൾക്കും ശേഷം ഒലാഫ് ഷൂൾസ് നാളെ മോസ്‌കോ സന്ദർശിക്കും. അതേസമയം, റഷ്യ ബുധനാഴ്ച്കഹ് ഉക്രെയിൻ ആക്രമിക്കും എന്നകാര്യം അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾ റിപ്പോർട്ട് നൽകിയിട്ടുണ്ട് എന്നകാര്യം സ്ഥിരീകരിക്കാൻ പെന്റഗൺ വക്താവ്‌ജോൺ കിർബി തയ്യാറായില്ല. എന്നാൽ അത്തര ഒരു ആക്രമണത്തെ കുറിച്ച് വൈറ്റ്ഹൗസ് വക്തവ് ജെയ്ക്ക് സള്ളിവൻ സി എൻ എൻ ചാനലിൽ ഏറെ വാചാലനായി.

മിസൈലുകളും ബോംബുകളും വർഷിച്ചുകൊണ്ട് ആകാശത്തുനിന്നായിരിക്കും യുദ്ധം എന്ന് അദ്ദേഹം ടി വി ചാനലിൽ പറഞ്ഞു. അതുകൊണ്ടു തന്നെ സാധാരണ പൗരന്മാർ കൊല്ലപ്പെടുവാനുള്ള സാധ്യത ഏറെയാണ്. അതിനു ശേഷമായിരിക്കും കരസേന ആക്രമിച്ചുകടക്കുക. അതിർത്തികടന്ന് രാജ്യാന്തരഭാഗത്തേക്ക് സൈന്യം പ്രവേശിക്കുന്നതോടെ കൂടുതൽ സാധാരണ പൗരന്മാർ കൊല്ലപ്പെടും എന്നും അദ്ദേഹം പറഞ്ഞു. എന്നു വേണമെങ്കിലും എപ്പോൾ വേണമെങ്കിലും ഈ ആക്രമണം ആരംഭിക്കാം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റഷ്യൻ സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തിയ ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി ബെൻ വാലസ് ഒരു ഹ്രസ്വകാല ഒഴിവുദിന യാത്രയ്ക്കായി യൂറോപ്പിലേക്ക് പോയിരിക്കുകയാണ്. കഴിഞ്ഞ ദിവസം, റഷ്യൻ ആക്രമണം തടയുവാൻ യൂറോപ്യൻ യൂണീയൻ നയതന്ത്ര തലത്തിൽ എടുക്കുന്ന നടപടികളെ പരിഹസിച്ചതിന് അദ്ദേഹത്തിന് ഏറെ വിമർശനം ഏൽകേണ്ടതായി വന്നു. ഹിറ്റ്ലറെ സന്തോഷിപ്പിക്കാൻ ശ്രമിക്കുന്നതുപോലെയാണ് യൂറോപ്യൻ യൂണീയന്റെ പ്രവർത്തനങ്ങൾ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

പാശ്ചാത്യൂലോകത്തിന്റെ ഉപരോധം എന്ന ഭീഷണിയിൽ ഒന്നും പുടിൻ ഭയക്കുന്നില്ല എന്നാണ് സ്വീഡനിലെ റഷ്യൻ അംബാസിഡർ വിക്ടർ ടടാരിൻസെവ് പറഞ്ഞത്. പാശ്ചാത്യ ശക്തികൾ എത്രമാത്രം സമ്മർദ്ദം റഷ്യയ്ക്ക് മേൽ ചുമത്തുന്നുവോ റഷ്യ അത്രയും കൂടുതൽ ശക്തിയാർജ്ജിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ന് ഒട്ടുമിക്ക കാര്യങ്ങളിലും സ്വയം പര്യാപ്തത നേടിയ രാജ്യമാണ് റഷ്യ എന്നും, തങ്ങളുടെ ഉപയോഗം കഴിഞ്ഞ് സാധനങ്ങൾ കയറ്റു മതി ചെയ്യുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതിനിടയിൽ ഡച്ച് വിമാന കമ്പനിയായ കെ എൽ എം ഇന്നലെ കീവിലേക്കുള്ള എല്ലാ വിമാന സർവീസുകളും റദ്ദാക്കി. മറ്റു വിമാന കമ്പനികളും സമാനമായ നടപടി കൈക്കൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നത്. റഷ്യയുടെ നാവിക പരിശീലനം നടക്കുന്നതിനാൽ ഇന്നു മുതൽ ശനിയാഴ്‌ച്ച വരെ വിമാനങ്ങൾ കരിങ്കടലിനും മുകളിലൂടെ പറക്കുന്നത് ഒഴിവാക്കണമെന്ന് ഉക്രെയിൻ മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്. 2014-ൽ റഷ്യൻ പിന്തുണയുള്ള വിമതന്മാർ പിടിച്ചടക്കിയ ഉക്രെയി പ്രവിശ്യക്ക് മുകളിലൂടെ പറന്ന ഒരു മലേഷ്യൻ എയർലൈൻസ് വിമാനം വെടിവെച്ച് വീഴ്‌ത്തിയിരുന്നു.