തിരുവനന്തപുരം: ശബരിമലയിൽ പുതിയ സത്യവാങ്മൂലം സുപ്രീംകോടതിയിൽ നൽകുന്നത് ഇടതു സർക്കാരിന്റെ പരിഗണനയിൽ. സർക്കാർ നേരിട്ട് ഇക്കാര്യത്തിൽ ഇടപെടൽ നടത്തില്ല. മറിച്ച് പുതിയ സത്യവാങ്മൂലം നൽകാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിനോട് ആവശ്യപ്പെടും. ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ യുഡിഎഫ് ചർച്ചയാക്കുന്ന സാഹചര്യത്തിലാണ് ഇത്. ഇക്കാര്യത്തിൽ വ്യക്തത വരുത്തിയില്ലെങ്കിൽ തിരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാകുമെന്ന ആശങ്ക ഇടതു പക്ഷത്തിനുണ്ട്. ഇക്കാര്യത്തിൽ സിപിഎം കരുതലോടെ മാത്രമേ തീരുമാനം എടുക്കൂ.

നവോത്ഥാനത്തിനൊപ്പം നിന്നാൽ തുടർഭരണം ലഭിക്കില്ല. വ്യക്തമായ നിലപാട് പ്രഖ്യാപിച്ചില്ലെങ്കിൽ സുപ്രീംകോടതി വിധി വിശ്വാസികൾക്ക് എതിരായാൽ അത് സർക്കാർ നടപ്പാക്കുമെന്ന പ്രതീതി വരും. ഇതിനാണ് കോൺഗ്രസും ബിജെപിയും ശ്രമിക്കുന്നത്. ഈ സാഹചര്യത്തിലാണ് പുതിയ സത്യവാങ്മൂലത്തിൽ ചർച്ച നടക്കുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലും ദേവസ്വം ബോർഡിന് ഇത് നൽകുന്നതിൽ തടസ്സങ്ങളൊന്നും ഉണ്ടാകില്ല. അതുകൊണ്ട് തന്നെ വ്യക്തമായ നിയമോപദേശം തേടി തീരുമാനം എടുക്കും. വിശ്വാസികൾക്ക് അനുകൂലമാണ് തിരുവിതാംകൂർ ദേവസ്വം ബോർഡെന്ന് പ്രസിഡന്റ് എൻ വാസുവും വ്യക്തമാക്കിയിട്ടുണ്ട്. ഈ വിഷയം അജണ്ടയിൽ എടുത്ത് ചർച്ച ചെയ്യും.

സ്ത്രീ പ്രവേശനത്തെ അനുകൂലിക്കാൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ഇനി തയ്യാറാകില്ല. യുഡിഎഫിന്റെ രാഷ്ട്രീയത്തെ പൊളിക്കാൻ വേണ്ടെതെല്ലാം സിപിഎം ചെയ്യുമെന്ന സൂചനയാണ് പുറത്തു വരുന്നത്. ഹൈന്ദവ വോട്ടുകൾ നഷ്ടമാകുന്നത് സിപിഎമ്മിന് വലിയ തിരിച്ചടിയാകുമെന്നാണ് സിപിഎമ്മന്റെ വിലയിരുത്തൽ. ഇതാണ് വൈരുദ്ധ്യാത്മിക ഭൗതികവാദത്തിന്റെ പ്രസക്തിയിൽ സിപിഎം നേതാവ് എം വി ഗോവിന്ദൻ സംശയം ഉയർത്തിയതിന് കാരണം. എംഎ ബേബിയുടെ നിലപാട് പ്രഖ്യാപനം വിവാദത്തിലായി. ഇതിനിടെ സർക്കാർ തീരുമാനം കോടതി നിലപാട് അറിഞ്ഞ ശേഷമെന്ന് വ്യക്തമാക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ദേവസ്വം ബോർഡ് നിർണ്ണായക നീക്കത്തിന് ശ്രമിക്കുന്നത്.

ശബരിമലയിൽ സർക്കാരിന്റെ നിർണായകമായ ചുവടുമാറ്റത്തിന് സിപിഎം തയ്യാറാകും എന്ന് ബേബിയുടെ രണ്ടാമത്തെ പ്രസ്താവനയിലുമുണ്ട്. സൂപ്രീംകോടതി ആവശ്യപ്പെട്ടാൽ ചർച്ചകളിലൂടെ സർക്കാർ തീരുമാനം എടുക്കുമെന്നാണ് ബേബി ഇപ്പോഴും പറയുന്നത്. സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികളിൽ വാദം വരുന്ന സമയത്ത് ആവശ്യമെങ്കിൽ പുതിയ സത്യവാങ്മൂലം നൽകാൻ തയ്യാറെന്ന് നേരത്തെ ബേബി വ്യക്തമാക്കിയിരുന്നു. ഈ പ്രത്യക്ഷ സമീപനം പിന്നീട് ബേബി തിരുത്തിയെങ്കിലും സർക്കാർ എല്ലാവരോടും കൂടിയാലോചിക്കുമെന്ന് വ്യക്തമാക്കുന്നുമുണ്ട്.

ദേവസ്വം ബോർഡിന് സ്വമേധയാ സത്യവാങ്മൂലം നൽകാനാകുമോ എന്ന് പരിശോധിക്കുന്നത്. സുപ്രീംകോടതി ആവശ്യപ്പെട്ടാൽ സർക്കാർ പുതിയ സത്യവാങ്മൂലം നൽകും. 2006-ലാണ് 'ഇന്ത്യൻ യങ് ലോയേഴ്‌സ് അസോസിയേഷൻ' എന്ന സംഘടന, സെക്രട്ടറി ഭക്തി പസ്രീജ സേത്തി മുഖേന സുപ്രീംകോടതിയെ സമീപിച്ചത്. ആർത്തവകാലത്ത് യുവതികൾക്ക് ക്ഷേത്രപ്രവേശനം വിലക്കാൻ നിയമപിൻബലം നൽകുന്ന കേരള ഹിന്ദു പൊതു ആരാധനാസ്ഥല പ്രവേശനചട്ടത്തിലെ മൂന്നാം (ബി) വകുപ്പ് റദ്ദാക്കണമെന്നായിരുന്നു ഹർജിയിലെ മുഖ്യ ആവശ്യം.

2007-ൽ വി എസ്. അച്യുതാനന്ദൻ സർക്കാർ യുവതീപ്രവേശനത്തിന് അനുകൂലനിലപാടുമായി സത്യവാങ്മൂലം നൽകിയതാണ് ശബരിമല കേസിലെ ആദ്യ വഴിത്തിരിവ്. ഒരേമതത്തിൽ വിശ്വസിക്കുന്ന എല്ലാവർക്കും തുല്യ ആരാധനാസ്വാതന്ത്ര്യം ഭരണഘടന അനുശാസിക്കുന്നുണ്ടെന്ന് സത്യവാങ്മൂലത്തിൽ പറഞ്ഞു. ഈ വിഷയം പഠിക്കാൻ കമ്മിഷനെ വെക്കണമെന്നും യുവതികൾക്ക് മാത്രമായി പ്രത്യേക സീസൺ അനുവദിക്കുന്നതിനെക്കുറിച്ച് ആലോചിക്കണമെന്നും അതിൽ വ്യക്തമാക്കി. 2016-ൽ കേസ് സുപ്രീംകോടതിയിലെ ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചിനുമുന്നിലെത്തി.

2016-ൽ സുപ്രീംകോടതിയിൽ ഉമ്മൻ ചാണ്ടി സർക്കാർ വി എസ്. സർക്കാരിന്റെ നിലപാടിൽനിന്ന് പിൻവാങ്ങി. ശബരിമലയിൽ യുവതീപ്രവേശം ആവശ്യമില്ലെന്നും തത്സ്ഥിതി തുടരണമെന്നുമാവശ്യപ്പെട്ട് യു.ഡി.എഫ്. സർക്കാർ സത്യവാങ്മൂലം നൽകി. സംസ്ഥാനസർക്കാരിന്റെ നിലപാട് മാറ്റത്തെ കോടതി വാക്കാൽ ചോദ്യംചെയ്തു. പിന്നീട് വിഷയം ഭരണഘടനാ ബെഞ്ചിന് വിടണമെന്ന് ദേവസ്വംബോർഡിന് വേണ്ടി മുതിർന്ന അഭിഭാഷകൻ കെ.കെ. വേണുഗോപാൽ ആവശ്യപ്പെട്ടു. കേസ് അഞ്ചംഗ ബെഞ്ചിലെത്തി. കേസ് ഭരണഘടനാ ബെഞ്ചിലെത്തിയപ്പോൾ കേരളത്തിൽ പിണറായി വിജയന്റെ ഇടതുസർക്കാർ അധികാരത്തിലെത്തിയിരുന്നു. ഇതോടെ, സംസ്ഥാനസർക്കാർ വീണ്ടും നിലപാട് മാറ്റി. യുവതീപ്രവേശത്തെ അനുകൂലിക്കുന്നുവെന്ന് സർക്കാർ അറിയിച്ചു. എന്നാൽ, ദേവസ്വംബോർഡ് പഴയ നിലപാടിൽ തുടർന്നു.

സ്ത്രീകൾക്ക് ഭരണഘടന നൽകുന്ന തുല്യത, അന്തസ്സ്, മതസ്വാതന്ത്ര്യം തുടങ്ങി ക്ഷേത്രപ്രവേശവിലക്ക് അയിത്തത്തിന് കീഴിൽ വരുമെന്നുവരെ ഹർജിയെ അനുകൂലിക്കുന്നവർ വാദിച്ചു. നൈഷ്ഠിക ബ്രഹ്മചാരിയായ പ്രതിഷ്ഠയുടെ അവകാശങ്ങൾ, ആചാരങ്ങളുടെ അനിവാര്യത എന്നിവ ചൂണ്ടിക്കാട്ടി ശക്തമായ എതിർവാദവുമുണ്ടായി. കക്ഷിചേരാനെത്തിയവരെയെല്ലാം കേട്ടശേഷം ബെഞ്ച് യുവതീപ്രവേശത്തെ അനുകൂലിച്ച് 2018 സെപ്റ്റംബർ 28-ന് വിധിയെഴുതി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം. ഖൻവിൽകർ, ഡി.വൈ.ചന്ദ്രചൂഢ്, ആർ.എഫ്. നരിമാൻ എന്നിവർ അനുകൂലിച്ചും ജസ്റ്റിസ് ഇന്ദു മൽഹോത്ര എതിർത്തും വിധിയെഴുതി. ഈ വിധിയാണ് സുപ്രീംകോടതിയുടെ വിശാല ബഞ്ചിന്റെ പരിഗണനയിലുള്ളത്.