ശബരിമല: പതിനെട്ടാംപടിക്കു മുകളിൽ ഹൈഡ്രോളിക് മേൽക്കൂര നിർമ്മിക്കുന്നതിനു തുടക്കം. 3 മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കാമെന്ന് ഉഷഃപൂജയ്ക്കു ശേഷം ദേവന്റെ അനുജ്ഞ വാങ്ങിയ ശേഷമാണു ചടങ്ങുകൾ തുടങ്ങിയത്.

തുടർന്നു പതിനെട്ടാംപടിക്കൽ എത്തി ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ നിലവിളക്ക് കൊളുത്തി നിർമ്മാണത്തിനു തുടക്കം കുറിച്ചു. തന്ത്രി കണ്ഠര് മഹേഷ് മോഹനര്, മേൽശാന്തി എൻ.പരമേശ്വരൻ നമ്പൂതിരി, മേൽക്കൂര നിർമ്മിച്ചു നൽകുന്ന വിശ്വ സമുദ്ര കൺസ്ട്രക്ഷൻ കമ്പനിയുടെ വൈസ് പ്രസിഡന്റ് രാമയ്യ, അംഗം പി.എം.തങ്കപ്പൻ, ചീഫ് എൻജിനീയർ ജി.കൃഷ്ണകുമാർ, കോ ഓർഡിനേറ്റർ കെ.റെജികുമാർ എന്നിവർ പങ്കെടുത്തു.

ആവശ്യമുള്ളപ്പോൾ മേൽക്കൂരയായി ഉപയോഗിക്കാനും അല്ലാത്ത സമയം മടക്കി വയ്ക്കാനും പറ്റുന്ന വിധത്തിലാണു ഡിസൈൻ. ദീപാരാധനയ്ക്കു ശേഷം നടന്ന പടിപൂജ കണ്ടുതൊഴാൻ ആയിരങ്ങളാണ് ഇന്നലെ ശബരിമലയിലെത്തിയത്. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിലായിരുന്നു ചടങ്ങുകൾ. ഓരോ പടിയിലും കുടികൊള്ളുന്ന മല ദൈവങ്ങൾക്കു പൂജ കഴിച്ചു. മേൽശാന്തി എൻ.പരമേശ്വരൻ നമ്പൂതിരി സഹകാർമികത്വം വഹിച്ചു.ഇന്നലെ കളഭാഭിഷേകവും ഉണ്ടായിരുന്നു.

അതേസമയം തീർത്ഥാടകരുടെ തിരക്ക് ഏറെയുണ്ടായിട്ടും നിലയ്ക്കൽ പമ്പ റൂട്ടിൽ ചെയിൻ സർവീസിന് ആവശ്യത്തിനു കെഎസ്ആർടിസി ബസ് ഇല്ലാത്തത് അയ്യപ്പന്മാരെ വലച്ചു. പുലർച്ചെ 5ന് നട തുറക്കുമ്പോൾ ദർശനത്തിനായി സന്നിധാനത്ത് എത്തേണ്ട ഭക്തർക്ക് 2 മണിക്കൂറോളം നിലയ്ക്കൽ കാത്തുനിൽക്കേണ്ടിവന്നു. ദർശനം കഴിഞ്ഞു പമ്പയിൽ എത്തിയപ്പോൾ നിലയ്ക്കലേക്കു മടങ്ങാനും ആവശ്യത്തിനു ബസില്ലായിരുന്നു.