ശബരിമല: ശബരിമല മണ്ഡലകാലം ആരംഭിക്കുന്നതിനു മുന്നോടിയായി ഗതാഗതസൗകര്യം വിലയിരുത്തുന്നതിന് 12ന് രാവിലെ 11.30ന് പമ്പയിൽ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേരും. കോവിഡിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം ശബരിമല സന്ദർശിക്കുവാൻ കഴിയാത്തതിനാൽ ഈ വർഷം കൂടുതൽ തീർത്ഥാടകർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന തീർത്ഥാടകർക്ക് സൗകര്യപ്രദമായ രീതിയിൽ ഗതാഗതവും പാർക്കിങ് സംവിധാനവും തയ്യാറാക്കാനുള്ള നടപടികൾ ഇതിനകം പൂർത്തിയായിട്ടുണ്ടെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. ശബരിമലയിലേക്കുള്ള ഗതാഗത സൗകര്യങ്ങളും പാർക്കിങ് ക്രമീകരണങ്ങളും വിലയിരുത്താനാണ് യോഗം ചേരുന്നത്.

പമ്പ ദേവസ്വം ബോർഡ് സാകേതം ഓഡിറ്റോറിയത്തിൽ നടക്കുന്ന യോഗത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ്, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, ആന്റോ ആന്റണി എംപി, എംഎ‍ൽഎമാരായ മാത്യു ടി. തോമസ്, പ്രമോദ് നാരായൺ, സെബാസ്റ്റ്യൻ കുളത്തുങ്കൽ, കെ.യു. ജെനിഷ് കുമാർ, ജനപ്രതിനിധികൾ, ഗതാഗത സെക്രട്ടറി, ട്രാൻസ്പോർട്ട് കമ്മീഷണർ, പത്തനംതിട്ട ജില്ലാ കളക്ടർ, മോട്ടോർ വാഹന വകുപ്പ്, കെ.എസ്.ആർ.ടി.സി, റോഡ് സേഫ്റ്റി അഥോറിറ്റി എന്നീ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.