തിരുവനന്തപുരം: ശബരിമല മേൽശാന്തിയായി ബ്രാഹ്മണൽ അല്ലാത്തവരെ കൂടി പരിഗണിക്കണം എന്ന ആവശ്യം ഉന്നയിച്ചു പ്രക്ഷോഭത്തിലാണ് ബിഡിജെഎസ്. ഇക്കാര്യം ഉന്നയിച്ചു കൊണ്ട് അവർ കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റ് പടിക്കൽ സമരവും സംഘടിപ്പിക്കുകയുണ്ടായി. എന്നാൽ, എൻഡിഎ ഘടകക്ഷി ഉന്നയിച്ച ഈ ആവശ്യം ബിജെപി ഇതുവരെ ഏറ്റെടുത്തിട്ടില്ല. സംഭവം സജീവ വിഷയമായി ഉരുമ്പോഴും ഈ ആവശ്യം തിരുവിതാംകൂർ ദേവസ്വം ബോർഡ് തള്ളി.

ബ്രാഹ്മണപൂജയാണ് ശബരിമലയിലെ അംഗീകൃത സമ്പ്രദായമെന്ന നിലപാടിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് നിലയുറപ്പിച്ചു. എല്ലാവരുമായി ചർച്ച ചെയ്ത് മാറ്റം ആലോചിക്കാമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് വ്യക്തമാക്കി. 'ശബരിമല അയ്യപ്പന് അയിത്തമോ' എന്ന മുദ്രാവാക്യം ഉന്നയിച്ചു കൊണ്ടാണ് വിഷയം ബിഡിജെഎസ് ഏറ്റെടുത്തിരിക്കുന്നത്.

ബ്രാഹ്മണപൂജയാണ് ശബരിമലയിലെ സമ്പ്രദായം. പൂജാവിധി പഠിച്ചവരെ ജാതിവ്യത്യാസമില്ലാതെ ശബരിമലയിലെ മേൽശാന്തി നിയമനത്തിന് പരിഗണിക്കണമെന്ന് ആവശ്യപ്പെടുന്നത് ബിജെപിയുടെ ഘടകകക്ഷിയായ, തുഷാർ വെള്ളാപ്പള്ളി നയിക്കുന്ന ബി.ഡി.ജെ.എസ്. ആണ്. ശബരിമല യുവതീ പ്രവേശന വിഷയങ്ങളിൽ ജാഗ്രതക്കുറവുമൂലം കൈപൊള്ളിയ തിരുവിതാംകൂർ ദേവസ്വം ബോർഡിന് അബ്രാഹ്മണ ശാന്തികാര്യത്തിൽ എടുത്തുചാട്ടമില്ല. അതിനാൽ ഹൈക്കോടതി അംഗീകരിച്ച ബ്രാഹ്മണപൂജാ സമ്പ്രദായത്തിനൊപ്പമാണ് ബോർഡ് എന്ന് ദേവസ്വം പ്രസിഡന്റ് എൻ. വാസു വ്യക്തമമാക്കുന്നു.

ഒരു വിഭാഗത്തിനും എതിർപ്പില്ലെങ്കിൽ സമവായത്തിലൂടെ മാറ്റം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. 'മലയാള ബ്രാഹ്മണർ ആയിരിക്കണം ശബരിമലയിലെ മേൽശാന്തി എന്നാണ് ആ ഗൈഡ് ലൈനിൽ പറഞ്ഞിരിക്കുന്നത്. എടുത്തുചാടി ഒരു തീരുമാനം എടുക്കാൻ സാധിക്കില്ല. ഏകപക്ഷീയമായ ഒരു നിലപാടും ഇക്കാര്യത്തിലുണ്ടാവില്ല'- അദ്ദേഹം പറഞ്ഞു.

എൻ.ഡി.എയിൽ ആലോചിച്ചല്ല, ഘടകകക്ഷിയായ ബി.ഡി.ജെ.എസ്. വിഷയത്തിൽ പ്രതിഷേധത്തിന് ഇറങ്ങിയത്. ശബരിമലയിലെ ആചാരം വൈകാരികമായി ഉന്നയിക്കുന്ന ബിജെപി. ഉൾപ്പെടെയുള്ള സംഘപരിവാർ സംഘടനകൾ അബ്രഹ്മണ പൂജാ വിഷയത്തിൽ പ്രതികരിച്ചിട്ടുമില്ല. അതിനാൽ ശബരിമലയിൽ പുതിയ വിവാദത്തിനുള്ള കളമൊരുക്കലാണെന്ന സംശയത്തിലാണ് ദേവസ്വം ബോർഡും സർക്കാരും.

ശബരിമല മേൽശാന്തി സ്ഥാനത്തേക്ക് മലയാള ബ്രാഹ്മണരെ മാത്രമേ നിയമിക്കൂവെന്ന വിജ്ഞാപനമാണ് ഇപ്പോഴത്തെ വിവാദങ്ങൾക്ക് ഇടയാക്കിയത്. നിലവിലെ ശബരിമല മേൽശാന്തി വി.കെ.ജയരാജ് പോറ്റി തുളു പാരമ്പര്യത്തിൽപ്പെട്ടയാളാണെന്നാണ് ബിഡിജെഎസ് ചൂണ്ടിക്കാട്ടുന്നത്. തൃശൂർ പൂപ്പത്തി വാരിക്കാട്ട് മഠത്തിൽ പരേതനായ കൃഷ്ണൻ എമ്പ്രാന്തിരിയുടെ മകനാണ് ജയരാജ് പോറ്റി. കർണാടകയിൽ നിന്ന് വന്ന തുളു വംശജരാണ് എമ്പ്രാന്തിരിമാർ.

ശിവഗിരി മഠത്തിന്റെ പരിചയ സർട്ടിഫിക്കറ്റ് ലഭിച്ച, ഉന്നതവിദ്യാഭ്യാസം നേടിയവരെപ്പോലും ജാതിയുടെ പേരിൽ പുറത്താക്കുമ്പോഴാണ് ബോർഡിന്റെ ഇരട്ടത്താപ്പെന്നും ബിഡിജെഎസ് ചൂണ്ടിക്കാട്ടുന്നു. ദേവസ്വം വിജിലൻസ് വിഭാഗം അന്വേഷിച്ച് ക്‌ളിയറൻസ് നൽകിയാലേ ശബരിമല, മാളികപ്പുറം മേൽശാന്തി ഇന്റർവ്യൂവിന് അപേക്ഷകരെ പരിഗണിക്കാറുള്ളൂ. 'മലയാളബ്രാഹ്മണൻ' എന്ന നിർവചനം വന്നത് 2002ൽ മാത്രമായിരുന്നു. ശബരിമല മേൽശാന്തി പദവിയിൽ മലയാള ബ്രാഹ്മണനെന്ന വ്യവസ്ഥ ഉൾപ്പെടുത്തിയത് 2002ൽ മാത്രവുമയാരുന്നു. ഈഴവ സമുദായാംഗവും പ്രശസ്ത തന്ത്രിയുമായ പരേതനായ മാത്താനം വിജയൻ തന്ത്രി 1979ൽ ശബരിമല മേൽശാന്തി ഇന്റർവ്യൂവിൽ പങ്കെടുത്ത കാര്യവുമാണ് ഈ വിഷയത്തിൽ എസ്എൻഡിപി അടക്കമുള്ളവർ ചൂണ്ടിക്കാട്ടുന്നത്.