മുംബൈ: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സഹായഹസ്തവുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറും. 'മിഷൻ ഓക്സിജൻ' പദ്ധതിയിലേക്ക് ഒരു കോടി രൂപ സംഭാവന ചെയ്താണ് സച്ചിൻ മാതൃകയായത്.

കോവിഡ് ആശുപത്രികളിലേക്ക് ഓക്സിജൻ കോൺസെൻട്രേറ്ററുകൾ ഇറക്കുമതി ചെയ്യാനാണ് ഈ പണം ഉപയോഗിക്കുക. കോവിഡ്-19നെതിരെ എല്ലാവരും ഒരുമിച്ചു നിൽക്കണമെന്നും തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ സച്ചിൻ പറയുന്നു.

നേരത്തെ കോവിഡ് മുക്തരായവർ പ്ലാസ്മ ദാനം ചെയ്യണമെന്ന് അഭ്യർത്ഥിച്ച് സച്ചിൻ സോഷ്യൽ മീഡിയയിൽ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. തന്റെ 48-ാം ജന്മദിനത്തിലാണ് സച്ചിൻ ഈ വീഡിയോ പങ്കുവെച്ചത്.

പ്ലാസ്മ ദാനം ചെയ്യുക എന്നതാണ് സമൂഹത്തിനായി ഇപ്പോൾ ചെയ്യാൻ കഴിയുന്ന വലിയ സേവനമെന്നും കോവിഡ് ചികിത്സയിലായിരുന്ന കാലയളവിൽ ആരാധകർ നൽകിയ പിന്തുണ മറക്കാനാവില്ലെന്നും സച്ചിൻ വീഡിയോയിൽ പറയുന്നുണ്ട്. കോവിഡ് ബാധിതനായ ശേഷമുള്ള അനുഭവങ്ങളും ലിറ്റിൽ മാസ്റ്റർ പങ്കുവെച്ചു.