ന്യൂഡൽഹി: ആർഎസ്എസിനെതിരെ പരോക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ്. ദേശീയവാദം എന്നുപറയുന്നത് കർഷകരുടെ ക്ഷേമമാണെന്നും നാഗ്പുരിൽ നിന്ന് പ്രസംഗം നടത്തുന്നതല്ലെന്നും സച്ചിൻ പറഞ്ഞു. രാജ്യത്ത് കർഷകപ്രക്ഷോഭം ശക്തമാകുന്നതിന്റെ പശ്ചാത്തലത്തിൽ കർഷകരെ പിന്തുണച്ചു കൊണ്ടാണ് സച്ചിൻ രംഗത്തെത്തിയത്.

'നാം കർഷകരുടെ ക്ഷേമത്തെ കുറിച്ച് സംസാരിക്കുകയാണെങ്കിൽ അതാണ് ദേശീയവാദം. മുറി ട്രൗസർ ധരിച്ചുകൊണ്ട് നാഗ്പുരിൽ നിന്ന് പ്രസംഗം നടത്തുന്നതല്ല ദേശീയത.' ആർഎസ്എസിനെ പേരെടുത്ത് പറയാതെ സച്ചിൻ പറഞ്ഞു.

പുതിയ കാർഷിക നിയമങ്ങൾ പാസാക്കുക വഴി കർഷകരെ ബിജെപി. ഇരുട്ടിലേക്ക് തള്ളി വിടുകയാണെന്നും സച്ചിൻ അഭിപ്രായപ്പെട്ടു. ഏതെങ്കിലും തീരുമാനങ്ങൾ പിൻവലിക്കുന്നതോ റദ്ദാക്കുന്നതോ സർക്കാരിനെ തോൽപിക്കില്ലെന്ന് മനസ്സിലാക്കാൻ കേന്ദ്രം തയ്യാറാകണം.

ഭേദഗതികൾ വരുത്തുന്നതും, നിയമങ്ങൾ പിൻവലിക്കുന്നതും, ഖേദം തോന്നുന്നതുമെല്ലാം നേതാക്കളുടെ ഔന്നത്യം വർധിപ്പിക്കുകയേയുള്ളൂ. കർഷകരുടെ ക്ഷേമത്തിന് വേണ്ടി വരുംദിവസങ്ങളിൽ കൂട്ടായി സമ്മർദം ചെലുത്തുകയും ഒന്നിച്ച് പ്രവർത്തിക്കുകയും ചെയ്യുമെന്നാണ് താൻ കരുതുന്നതെന്നും സച്ചിൻ പൈലറ്റ് പറഞ്ഞു.