മോഹൻലാൽ, എന്തുകൊണ്ട് അദ്ദേഹത്തെ മലയാള സിനിമയിലെ അല്ലെങ്കിൽ ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളായി കരുതപ്പെടുന്നു? എന്തുകൊണ്ട് മോഹൻലാലിന്റെ അഭിനയ മികവിനെ ഇത്രയധികം വാഴ്‌ത്തിപ്പാടുന്നു? പേര് കേട്ട മറ്റ് പല മികച്ച നടന്മാരുടെ അഭിനയ മികവിനെ പറ്റി പറയുമ്പോൾ ഭൂരിഭാഗം പേരും എടുത്ത് കാണിക്കാറുള്ളത് അവരുടെ സെന്റിമെന്റൽ രംഗങ്ങളിലെ പ്രകടനങ്ങളാണ്.

എന്നാൽ മോഹൻലാലിന്റെ മികച്ച പ്രകടനങ്ങൾ എടുത്ത് കാണിക്കാൻ സെന്റിമെന്റസ് നിറഞ്ഞ രംഗങ്ങൾ തന്നെ വേണമെന്നില്ല. പകരം നിസാരമെന്ന് തോന്നുന്ന കഥാസന്ദർഭങ്ങളിൽ അദ്ദേഹത്തിന്റെ കണ്ണുകളിൽ, മുഖത്ത് മിന്നിമറയുന്ന സൂക്ഷമമായ ഭാവങ്ങൾ മാത്രം മതി. മണിരത്‌നത്തിന്റെ ഇരുവർ എന്ന സിനിമയിലെ ഈ രംഗം മേൽപ്പറഞ്ഞതിത് ഉദാഹരണമായി ചൂണ്ടിക്കാണിക്കാവുന്ന ഒട്ടനവധി രംഗങ്ങളിൽ ഒന്നാണ്.

ആനന്ദൻ എന്ന പുതുമുഖ നടൻ തമിഴ് സെൽവൻ എന്ന തന്റെ കൂട്ടുകാരനെ സിനിമയുടെ നിർമ്മാതാവിനും സംവിധായകനും പരിചയപ്പെടുത്തിയ ശേഷം സംവിധായകൻ ഒരു ഗാനരംഗത്തിന്റെ സന്ദർഭം വിവരിക്കുന്നതും അതിന് തമിഴ് സെൽവൻ വരികൾ പറയുമ്പോൾ ഉടനീളം ആനന്ദന്റെ മുഖത്ത് വിരിയുന്ന ഭാവങ്ങൾ അതി ഗംഭീരമാണ്. ആകാംക്ഷയും പിരിമുറക്കവും അഭിമാനവും സന്തോഷവും സന്തോഷാശ്രുവും ഒക്കെ ഞൊടിയിടയിലാണ് ആനന്ദനിലൂടെ മോഹൻലാൽ തൊടുത്ത് വിട്ടത്. ഇതാണ് സൂക്ഷ്മാഭിനയത്തിന്റെ മനോഹാരിത എന്ന് പറയുന്നത്. മോഹൻലാലിന് വളരെ നന്നായി സാധ്യമാകുന്ന ഒന്ന്. പല നടന്മാരും ബ്ലാങ്ക് ആയി വിടുന്ന ഇത്തരം രംഗങ്ങളിൽ മോഹൻലാൽ കാണിക്കുന്ന ഈ ഭാവാഭിനയ മികവ് തന്നെയാണ് അദ്ദേഹത്തെ മറ്റ് നടന്മാരിൽ നിന്നും വ്യത്യസ്തനാക്കുന്നത്,അവരെക്കാൾ മികച്ച നടനാക്കുന്നത്.

മണിരത്‌നത്തിന്റെ ഇരുവർ എന്ന സിനിമ റിലീസായിട്ട്, മോഹൻലാലിന്റെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്ന് തിരശ്ശീലയിൽ എത്തിയിട്ട് ഇന്നേയ്ക്ക്, ജനുവരി 14ന് 25 വർഷങ്ങളായി. തൃശ്ശൂർ ആമ്പല്ലൂർ ത്യാഗരാജർ പോളിടെക്‌നിക്കിൽ ഡിപ്ലോമ ഫൈനൽ ഇയറിന് പഠിക്കുമ്പോൾ ആണ് ഇരുവർ റിലീസാകുന്നത്. എന്റെ നാടായ കൊടുങ്ങല്ലൂര് ഇരുവർ റിലീസ് ഇല്ലാതിരുന്നതുകൊണ്ട് ആ ദിവസം ക്ലാസ് കട്ട് ചെയ്ത് നേരെ പോയത് തൃശ്ശൂർ ജോസ് തിയേറ്ററിലേക്കാണ്. ആദ്യ ഷോയായ നൂൺഷോ കാണാൻ..പക്ഷെ അഭൂതപൂർവ്വമായ തിരക്ക് കാരണം ആ ഷോയ്ക്ക് ടിക്കറ്റ് കിട്ടിയില്ല. ചെറിയ നിരാശയോടെ നേരെ സപ്നയിൽ പോയി മിൻസാരക്കനവ് കണ്ടു. അത് കഴിഞ്ഞ് വടക്കേ സ്റ്റാൻഡിലുള്ള മിഥില ഹോട്ടലിൽ പോയി ഊണ് കഴിച്ച് വീണ്ടും ജോസിൽ എത്തി 3 മണിക്കൂറോളം ക്യൂ നിന്ന് ഫസ്റ്റ് ഷോ ടിക്കറ്റ് എടുത്ത് ഇരുവർ കണ്ടു.

ഒരുപാട് ഒരുപാട് ഇഷ്ടമായ സിനിമയാണ് ഇരുവർ, ഒപ്പം മോഹൻലാലിന്റെ പ്രകടനവും. മോഹൻലാലിന്റെ കരിയർ ബെസ്റ്റ് പെർഫോമൻസുകളിലൊന്ന്. സൂക്ഷ്മാഭിനയത്തിന്റെ കൊടുമുടി എന്ന് പറയാവുന്ന പ്രകടനം. മണിരത്‌നത്തിന്റെ മുൻകാല സിനിമകളിൽ നിന്നും വ്യത്യസ്തമായി അല്പം ഓഫ് ബീറ്റ് ആയതുകൊണ്ട് അന്ന് ആവറേജ് റിവ്യൂ ആണ് ഇരുവറിന് ലഭിച്ചത്. ബോക്‌സ് ഓഫീസിൽ പരാജയവും. ബഹുഭൂരിപക്ഷം മോഹൻലാൽ ഫാൻസും അന്ന് തിയേറ്ററിൽ പോയി കാണാതെ തള്ളി കളഞ്ഞ സിനിമ എന്ന് പറയാം. തൃശ്ശൂർ ജോസിൽ നിന്നും കണ്ടത് കൂടാതെ കൊടുങ്ങല്ലൂർ ശ്രീകാളിശ്വരിയിൽ നിന്നും, അങ്ങനെ നാല് പ്രാവശ്യം തിയേറ്ററിൽ നിന്ന് തന്നെ ഞാൻ ഇരുവർ കണ്ടിട്ടുണ്ട്. ഇപ്പോഴും ഇടക്ക് കാണുന്ന സിനിമ.

അന്ന് പ്രേക്ഷകർ നിരാകരിച്ച ഇരുവർ ഇന്ന് തമിഴ് സിനിമ ചരിത്രത്തിലെ തന്നെ ക്ലാസിക് സിനിമകളിലൊന്നായിട്ടാണ് കണക്കാക്കപ്പെടുന്നത്. തന്റെ ഇത് വരെയുള്ള സിനിമകളിൽ ഏറ്റവും മികച്ച വർക്ക് ആയി മണിരത്‌നം കരുതുന്നതും ഇരുവർ തന്നെയാണ്. ഒപ്പം തന്നെ അത്ഭുതപ്പെടുത്തിയ പ്രകടനം മോഹൻലാലിന്റെതാണെന്നും മണിരത്‌നം പല അവസരങ്ങളിലായി അഭിപ്രായപ്പെട്ടിട്ടുമുണ്ട്. മണിരത്‌നത്തിന്റെയും മോഹൻലാലിന്റെയും മാത്രമല്ല പ്രകാശ് രാജിന്റെയും എ.ആർ.റഹ്മാന്റെയും സന്തോഷ് ശിവന്റെയും ഒക്കെ മാസ്റ്റർപീസാണ് ഇരുവർ. ഒരിക്കൽ കൂടി ഒരു മണിരത്‌നം സിനിമയിൽ മോഹൻലാൽ നിറഞ്ഞാടുന്നത് കാണാൻ അതിയായ ആഗ്രഹമുണ്ട്, അത് വീണ്ടും സംഭവിക്കുമെന്ന് പ്രത്യാശിക്കാം.