ബദിയടുക്ക: തലചായ്ക്കാൻ ഒരിടമില്ലാതെ വിഷമിച്ച നൂറുകണക്കിനാളുകൾക്ക് വീട് നിർമ്മിച്ചുനൽകി കാരുണ്യം ചൊരിഞ്ഞ ബദിയടുക്ക കിളിംഗാറിലെ സായിറാം ഗോപാലകൃഷ്ണഭട്ട് (84) വിടവാങ്ങി.

ജാതി - മത ചിന്തകൾക്കതീതമായി ചിന്തിക്കാതെ പട്ടിണി പാവങ്ങൾക്ക് വേണ്ടി ഉഴിഞ്ഞുവെച്ച സ്ഫടികം പോലുള്ള മനസിന്റെ ഉടമയും, നാടിന്റെ പുരോഗതിക്ക് വേണ്ടി സർക്കാരിനെയോ മറ്റു സംഘടനകളെയോ ആശ്രയിക്കാതെ ജീവിത കാലമത്രയും ഉഴിഞ്ഞുവച്ച മനുഷ്യനാ് സായ്റാം ഗോപാലകൃഷ്ണ ബട്ട്. ജീവിത കാലം മുഴുവൻ നാടിനെ സേവിക്കാനായി ഇറങ്ങിയ ആ വലിയ മനുഷ്യനാണ് ഇന്ന് മിഴികൾ അടച്ചത്

കാസർകോടുകണ്ട ഏറ്റവും ശ്രദ്ധേയനായ ജീവകാരുണ്യ പ്രവർത്തകന്റെ വേർപാട് ഇന്നുച്ചയോടെയായിരുന്നു. സായിറാം ഗോപാലകൃഷ്ണഭട്ടിന്റെ കാരുണ്യ പ്രവർത്തനം എല്ലാവരുടേയും പ്രശംസ പിടിച്ചുപറ്റിയിരുന്നു. തന്റെ തുച്ഛമായ വരുമാനത്തിൽ നിന്നാണ് മൂന്നൂറോളം പേർക്ക് വീട് നിർമ്മിച്ചുനൽകിയത്. തൊഴിലില്ലാത്ത നിരവധി പേർക്ക് ഓട്ടോറിക്ഷകൾ, തയ്യൽ മെഷീനുകൾ തുടങ്ങിയവ നൽകി തൊഴിലവസരങ്ങൾ ഉണ്ടാക്കിക്കൊടുത്തിരുന്നു.

കാശിക്ക് പോകാനായി കരുതിവെച്ച തുക വീട് നിർമ്മാണത്തിനായി സഹായം തേടിയെത്തിയ ഒരാൾക്ക് നൽകി തുടങ്ങിയതാണ് കാരുണ്യത്തിന്റെ ആ മഹാപ്രവാഹം. മെഡിക്കൽ ക്യാമ്പുകളടക്കം സംഘടിപ്പിച്ചിരുന്നു. സായിറാം ഭട്ടിന് ഏതാനും വർഷങ്ങൾക്ക് മുമ്പ് ചെർക്കളം അബ്ദുല്ല അടക്കമുള്ളവരുടെ നേതൃത്വത്തിൽ ബദിയടുക്കയിൽ നൽകിയ സ്വീകരണത്തിൽ എംപി അബ്ദുസമദ് സമദാനി അടക്കമുള്ളവർ സംബന്ധിച്ചിരുന്നു.

പത്മശ്രീ പുരസ്‌കാരത്തിന് പരിഗണിക്കാനുള്ള പട്ടികയിലേക്ക് കഴിഞ്ഞ ഇടതുസർക്കാർ പേര് നിർദ്ദേശിച്ചിരുന്നു. തികഞ്ഞ ഹൈന്ദവ വിശ്വാസം മുറുകെ പിടിച്ചിരുന്ന സായിറാം ഭട്ടിന് അന്യരുടെ വിഷമങ്ങളിൽ മതം കണ്ടെത്താൻ സാധിച്ചിരുന്നില്ല. അവസാനകാലത്ത് ബിജെപിയുമായി അടുത്തത് വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു .