മതനിന്ദ ഫ്രാൻസിന്റെ മൗലികാവകാശമാണ്. Blasphemy is our birthright. ഒരു കൂസലുമില്ലാതെ ഇങ്ങനെ വിളിച്ചു പറയുന്നത് ഏതെങ്കിലുമൊരു തീവ്രയുക്തിവാദിയോ നാസ്തിക സംഘടനാ നേതാവോ ഒന്നുമല്ല. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്റോൺ

മതങ്ങളെ അതിന്റെ ബിംബങ്ങളെ വിമർശിക്കാനും കളിയാക്കാനും പുച്ഛിക്കാനുമുള്ള ഫ്രഞ്ച് പൗരന്റെ അവകാശം സംരക്ഷിക്കാനായി അവരുടെ രാഷ്ട്രത്തലവൻ തന്നെ മുന്നോട്ട് വന്നിരിക്കുന്നു.നബിയുടെ കാർട്ടൂൺ പ്രസിദ്ധീകരിച്ചതിന്റെ പേരിൽ 2015ൽ ഷാർലി എബ്ദോ ജേർണലിസ്റ്റുകളെ കൂട്ടക്കൊല ചെയ്ത മതതീവ്രവാദികളുടെ വിചാരണ തുടങ്ങിയപ്പോഴാണ് മതനിന്ദാ സ്വാതന്ത്ര്യത്തെ അസന്ദിഗ്ധമായി പിൻതുണച്ച് ഇമ്മാനുവേൽ മാക്റോൺ രംഗത്ത് വന്നത്.

ഫ്രാൻസിന്റെ ഒരുപറ്റം ധീരരായ മാധ്യമപ്രവർത്തകരുടെ ജീവനെടുക്കുന്നതിന് കാരണമായ വിവാദ കാർട്ടൂണുകൾ പുനഃപ്രസിദ്ധീകരിച്ചുകൊണ്ടാണ് ഷാർലി എബ്ദോ വാരിക കൊലയാളികളെ വീണ്ടും വെല്ലുവിളിച്ചത്. അവർക്ക് സമ്പൂർണ്ണ പിന്തുണയുമായി ഫ്രഞ്ച് പ്രസിഡന്റ് ഒപ്പം നിന്നിരിക്കുന്നു.

കുറച്ച് വർഷങ്ങൾക്ക് മുമ്പ് നബിയുടെ കാർട്ടൂൺ പ്രസിദ്ധീകരിച്ചതിന്റെ പേരിൽ ഒരു ഡച്ച് പത്രത്തിനെതിരെ തലവെട്ട് ഫത്വ പുറപ്പെടുവിക്കപ്പെട്ടപ്പോൾ അവിടുത്തെ സർക്കാരും അഭിപ്രായ സ്വാതന്ത്ര്യത്തിന് ഒപ്പമാണ് നിലകൊണ്ടത്. ഇങ്ങനെയൊരു ഉജ്ജ്വല പൗരാവകാശ സംരക്ഷണചിത്രം ഇന്ത്യയിൽ കേരളത്തിൽ ഏതെങ്കിലും കാലത്ത് പ്രതീക്ഷിക്കാനാവുമോ...?

കൊട്ടിഘോഷിക്കപ്പെടുന്ന ഒരു ഭരണഘടനയുള്ള ഈ രാജ്യത്താണ് ചോദ്യപേപ്പർ മതനിന്ദയുടെ പേരിൽ ജോസഫ് മാഷ് ജയിലിൽ അടയ്ക്കപ്പെട്ടത്. എംഎഫ് ഹുസൈനെതിരെ നാട്ടിലെ കോടതികൾ മുഴുവൻ കേസുകൾ കുമിഞ്ഞുകൂടിയത്. അയ്യപ്പനെ നിന്ദിച്ച കുറ്റത്തിന് രഹ്നാ ഫാത്തിമ തടവിലായത്.

വിശ്വസിക്കാനും വന്ദിക്കാനുമുള്ള അവകാശവും അവിശ്വസിക്കാനും നിന്ദിക്കാനുമുള്ള അവകാശവും പരസ്പര പൂരകങ്ങളാണെന്ന് തിരിച്ചറിയുന്ന ഉദാത്ത ജനാധിപത്യ മതേതര സംസ്‌ക്കാരത്തിന്റെ പ്രതീകപ്രകാശമാണ് ഇമ്മാനുവേൽ മാക്റോൺ. പ്രവാചകനെ നിന്ദിച്ചതിന് പാക്കിസ്ഥാനിൽ ഒരു ക്രിസ്ത്യാനിയെ തൂക്കിക്കൊല്ലാൻ കോടതി വിധിച്ചു. ഇമ്മാനുവേൽ മാക്റോണിന്റെ പ്രസ്താവന വന്ന അതേ ഹിന്ദു പത്രത്തിൽ പിറ്റേദിവസം ഇങ്ങനെയൊരു വാർത്ത കൂടിയുണ്ടായിരുന്നു. സഹപ്രവർത്തകന് അയച്ച വാട്ട്സ്ആപ് സന്ദേശത്തിൽ നബിയെ വിമർശിച്ചുവെന്ന ആരോപണത്തിന്റെ പേരിലാണ് ഒരു ന്യൂനപക്ഷ സമുദായ അംഗത്തിന് പാക്കിസ്ഥാൻ ഭരണഘടന വധശിക്ഷ വിധിച്ചിരിക്കുന്നത്.

ഇതാണ് പണ്ട് സാമുവൽ ഹണ്ടിങ്ടൺ പറഞ്ഞ Clash of Civilizations

സംസ്‌ക്കാരങ്ങളുടെ ഏറ്റുമുട്ടൽ. ഇരുട്ടും വെളിച്ചവും തമ്മിലുള്ള സംഘട്ടനം. ഭ്രാന്തും വിവേകവും തമ്മിലുള്ള പോരാട്ടം. മനുഷ്യസംസ്‌കാരം മുന്നോട്ട് പോകണമെങ്കിൽ ലോകം മുഴുവൻ ഫ്രാൻസിന്റെ ജനാധിപത്യ സംസ്‌ക്കാരത്തിലേക്ക് പരിണമിക്കണം. മതഗ്രന്ഥങ്ങൾ വിതരണം ചെയ്ത് വോട്ട് നേടാൻ ശ്രമിക്കുന്ന ഭരണകൂടങ്ങളിൽ നിന്ന് മതനിന്ദയെ പിന്തുണയ്ക്കുന്ന മാക്റോണുമാരുടെ വിശാലതയിലേക്ക് നാം നടന്നുകയറണം.

ഭൂഗോളത്തിന്റെ കിഴക്കും പടിഞ്ഞാറും തമ്മിൽ പ്രകാശവർഷങ്ങളുടെ സാംസ്‌കാരിക അന്തരമുണ്ട്. മാടിവിളിക്കുന്ന മാക്റോണിനെ ഇനിയും കണ്ടില്ലെന്ന് നടിക്കരുത്

തമസോ മാ ജ്യോതിർഗമയ