കൊച്ചി: കരിപ്പൂർ സ്വർണ്ണ കടത്തിൽ അറസ്റ്റിലായ അർജുൻ ആയങ്കി അവതരിപ്പിക്കുന്നത് പറഞ്ഞു പഠിപ്പിച്ച മൊഴിയെന്ന നിമഗനത്തിലേക്ക് കസ്റ്റംസ്. ഒരു കോടി രൂപയിൽ അധികം മൂല്യമുള്ള 2.33 കിലോഗ്രാം സ്വർണം കടത്തിയ കേസിൽ ജാമ്യമില്ലാ വകുപ്പു ചുമത്തിയാണ് കസ്റ്റംസ് അർജുനെ അറസ്റ്റ് ചെയ്തത്. എന്നാൽ പ്രാഥമിക ഘട്ട മൊഴി എടുക്കലിൽ റമീസ് എന്ന കൂട്ടുകാരനും ഒപ്പമുണ്ടായിരുന്നുവെന്ന സൂചന മാത്രമാണ് ആയങ്കി നൽകുന്നത്.

കരിപ്പൂർ വിമാനത്താവളത്തിൽ പോയതു തന്റെ സുഹൃത്ത് റമീസിന്റെ പക്കൽ നിന്നു വിദേശത്തു വച്ച് കാരിയർ ഷഫീഖ് കടം വാങ്ങിയ 15,000 രൂപ തിരികെ വാങ്ങാനാണെന്നാണ് അർജുന്റെ മൊഴി. ഷഫീഖ് കള്ളക്കടത്തുകാരുടെ കാരിയറാണെന്നും സംഭവദിവസം ഇയാൾ വരുന്നത് നിയമവിരുദ്ധമായ എന്തോ സാധനങ്ങളുമായാണെന്നും അറിയാമായിരുന്നു. അതു കടത്തുന്നതിന് ഷഫീഖിനു 45,000 രൂപ ലഭിക്കുമെന്നും അറിയാമായിരുന്നു.

ഈ തുകയിൽ നിന്ന് സുഹൃത്തിനു നൽകാനുള്ള 15,000 രൂപ തിരികെ വാങ്ങുകയായിരുന്നു ലക്ഷ്യം. വിമാനത്താവളത്തിലെത്തിയ കാറിൽ പണം കിട്ടാനുള്ള സുഹൃത്ത് റമീസുമുണ്ടായിരുന്നു. തന്റെ മൊബൈൽ ഫോൺ പുഴയിൽ വീണു പോയന്നും അർജുൻ ആയങ്കിയുടെ മൊഴിയുണ്ട്. മാധ്യമപ്രവർത്തകരിൽ നിന്ന് ഒളിക്കാൻ ശ്രമിക്കുന്നതിനിടയിലാണു മൊബൈൽ ഫോൺ പുഴയിൽ വീണതെന്നാണു വിശദീകരണം. അങ്ങനെ സമ്മർത്ഥമായി തെളിവു നശീകരണവും ആയങ്കി നടത്തിയെന്ന് പറയുന്നു.

മുഹമ്മദ് ഷഫീഖിനൊപ്പം ചോദ്യം ചെയ്യാനായി അർജുനെ അടുത്തമാസം 6 വരെ കസ്റ്റംസിന്റെ കസ്റ്റഡിയിൽ കോടതി നൽകിയിട്ടുണ്ട്. മുഹമ്മദ് ഷഫീഖിന്റെ മൊഴികൾക്കു വിരുദ്ധമായ മൊഴിയാണ് അർജുൻ നൽകുന്നത്. ഇതു കള്ളത്തരമാണെന്ന് ആദ്യ അന്വേഷണത്തിൽ തന്നെ ബോധ്യപ്പെട്ടതായും കസ്റ്റംസിന്റെ റിപ്പോർട്ടിലുണ്ട്.

വിദേശത്തുനിന്നു കാരിയർമാരെ നിയോഗിച്ച് ഇന്ത്യയിലേക്കു സ്വർണം കടത്തുക, മറ്റു കള്ളക്കടത്തുകാരുടെ സ്വർണം കവർച്ച ചെയ്യുക, സ്വർണം നഷ്ടപ്പെട്ടവരുമായി വിലപേശുക തുടങ്ങിയ കുറ്റകൃത്യങ്ങളാണ് അർജുന്റെ പ്രവർത്തന രീതിക്കു റാക്കറ്റിന്റെ സ്വഭാവം നൽകുന്നതെന്നും കസ്റ്റംസ് പറയുന്നു. അർജ്ജുൻ കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയ കാർ സജേഷിന്റെ പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നതെങ്കിലും കാറിന്റെ യഥാർഥ ഉടമ അർജ്ജുൻ ആയങ്കിയാണ്.സജേഷ് ബിനാമി മാത്രമാണന്ന് അന്വേഷണത്തിൽ വ്യക്തമായെന്നും കസ്റ്റംസ് ചൂണ്ടിക്കാട്ടുന്നു.

ആഡംബര ജീവിതമാണ് അർജ്ജുൻ നയിക്കുന്നത്. ഇതിനുള്ള വരുമാനത്തിന്റെ ഉറവിടം വ്യക്തമല്ല.നിരവധി ചെറുപ്പക്കാർ സ്വർണ്ണക്കടത്തിൽ ആകൃഷ്ടരായി ഇറങ്ങിയിട്ടുണ്ടെന്നാണ് അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളതെന്ന് കസ്റ്റംസ് റിമാന്റ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. സ്വർണക്കടത്തിന്റെ ബുദ്ധികേന്ദ്രം അർജുനാണ്. ഇയാൾക്കെതിരേ ഡിജിറ്റൽ തെളിവുകളുണ്ട്. അന്വേഷണത്തോടു സഹകരിക്കുന്നില്ല. മൊഴിയെടുത്തപ്പോൾ നൽകിയതെല്ലാം കെട്ടിച്ചമച്ച വിവരങ്ങളാണ്. ആർഭാട ജീവിതമാണ് അർജുൻ ആയങ്കി നയിച്ചിരുന്നത്.

ഇതിനുള്ള വരുമാനം സ്രോതസ് എന്തെന്ന് അറിയില്ല. ഇയാൾ കരിപ്പൂർ വിമാനത്താവളത്തിലെത്തിയതു കടത്തുസ്വർണം തട്ടിയെടുക്കാനാണോ അതോ കാരിയറിൽനിന്നു വാങ്ങി ഇടപാടുകാർക്ക് എത്തിച്ചുകൊടുക്കാനാണോ എന്നതിൽ വ്യക്തത വന്നിട്ടില്ല.-കസ്റ്റംസ് പറഞ്ഞു.

അർജുൻ ആയങ്കിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കോയേ്‌ാേട് സ്വദേശിയായ സജേഷിനെ ചോദ്യം ചെയുന്നത്. അർജുൻ ആയങ്കി കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയത് സജേഷിന്റെ ഉടമസ്ഥതയിലുള്ള കാറിലാണെന്നു തെളിഞ്ഞിരുന്നു. ഇതേത്തുടർന്ന്, സിപിഎം. മൊയ്യാരം ബ്രാഞ്ച് അംഗമായിരുന്നു ഇയാളെ ഒരു വർഷത്തേക്കു പാർട്ടിയിൽനിന്ന് പുറത്താക്കിയിരുന്നു. സിപിഎം. നിയന്ത്രണത്തിലുള്ള കോയേ്ോട് സഹകരണ ബാങ്കിലെ സ്വർണ പരിശോധകനാണ് സജേഷ്.

അർജുൻ ആയങ്കി മുൻപ് കടത്തിയ സ്വർണം ഇയാൾ കൈകാര്യം ചെയ്തിരുന്നോ, കടത്തി കൊണ്ടുവരുന്ന സ്വർണം സഹകരണ ബാങ്കുകളിലെ ജീവനക്കാരുടെ സ്വാധീനം ഉപയോഗിച്ച് ക്രയവിക്രിയം നടത്തിയോ തുടങ്ങിയ കാര്യങ്ങൾ കസ്റ്റംസ് അന്വേഷിക്കും. വിവിധ സഹകരണ ബാങ്കുകളിലെ സ്വർണ പരിശോധകരും അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണ്.