തിരുവനന്തപുരം: പുരുഷനും സ്ത്രീക്കും ഏത് ജാതി മത സമുദായത്തിൽപ്പെട്ടവരെയും വിവാഹം കഴിക്കാൻ അവകാശമുണ്ടെന്ന് മന്ത്രി സജി ചെറിയാൻ. തിരുവനന്തപുരത്ത് സാംസ്‌കാരിക വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ശ്രീനാരായണ ഗുരു മഹാസമാധി ദിനാചരണവും സെമിനാറും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 'ശ്രീനാരായണ ഗുരു ദർശനവും സ്ത്രീ സമത്വവും' എന്ന വിഷയത്തിലായിരുന്നു സെമിനാർ. സ്ത്രീകൾക്ക് എതിരായി പല തരത്തിലുള്ള കടന്നാക്രമണങ്ങളും തെറ്റായ ആശയാവിഷ്‌കാരങ്ങളും നമ്മുടെ സമൂഹത്തിൽ നടന്നുവരുന്നുണ്ട്. സ്ത്രീ സമത്വം എന്ന ആശയം തന്നെ ശ്രീനാരായണ ഗുരു മുന്നോട്ട് വെച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു.

വർത്തമാന കാലത്ത് ഒരു ആത്മപരിശോധന നടത്തുമ്പോൾ വേണ്ടത്ര തുല്യത സ്ത്രീകൾക്ക് ലഭിച്ചിട്ടില്ലെന്ന് നമുക്ക് മനസിലാകും. സമൂഹത്തിൽ വർധിച്ച് വരുന്ന അനാചാരങ്ങളും അന്ധവിശ്വാസങ്ങളും സ്ത്രീകളുടെ സാമൂഹ്യ പദവിയെയും തുല്യതയെയും ചോദ്യം ചെയ്യുന്നുണ്ടെന്ന് മനസിലാകും. ഇത് വളരെ ഗൗരവതരമാണ്. എല്ലാ സമുദായങ്ങളും സാമൂഹ്യപ്രസ്ഥാനങ്ങളും രാഷ്ട്രീയ പാർട്ടികളും സന്നദ്ധ പ്രസ്ഥാനങ്ങളും സ്ത്രീകൾക്ക് തുല്യപദവി ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു. പല സമുദായങ്ങളിലും വിവാഹവും ആചാരങ്ങളും പുരുഷമേധാവിത്വത്തിന്റെ അളവ് വർധിപ്പിക്കുന്നുണ്ട്. വിവാഹം യഥാർത്ഥത്തിൽ ഭരണപരമായി സ്ത്രീയും പുരുഷനും തമ്മിൽ നടക്കുന്ന ഒരു കോൺട്രാക്റ്റാണ്.

അത് ദുർവ്യാഖ്യാനം ചെയ്ത് അല്ലെങ്കിൽ വേറൊരു തരത്തിൽ ആവിഷ്‌ക്കരിക്കുകയോ ചെയ്യുന്ന സാഹചര്യമാണ് ഈ തുല്ല്യത എന്ന പദവിയിലേക്ക് എത്തുന്നതിൽ സ്ത്രീകളെ തടയുന്നത്. അത് വളർന്ന് വളർന്ന് ഇവിടെയെത്തി. അത് വളർന്ന് വളർന്ന് ഒരോ മതത്തിന്റെയും വർഗീയ മതതീവ്രവാദ ബോധ മനസിലേക്ക് എത്തിച്ചെന്നും അദ്ദേഹം പറഞ്ഞു.

ഏത് ജാതിയിൽപ്പെട്ടവരെയും മതത്തിൽ പെട്ടവരെയും വിവാഹം കഴിക്കാൻ സത്രീകൾക്കും പുരുഷന്മാർക്കും അവകാശമുണ്ടെന്നും തന്റെ ജാതിയിൽപ്പെട്ടവരെ മാത്രമേ വിവാഹം കഴിക്കാവുയെന്ന് എവിടെയും എഴുതി വെച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ എഴുതിവെയ്ക്കണമെന്ന് ആരേലും പറഞ്ഞാൽ അതൊട്ടും ശരിയല്ല എന്നും അദ്ദേഹം പറഞ്ഞു.

മതതീവ്രവാദത്തെ ശക്തമായി എതിർത്തെങ്കിൽ മാത്രമേ ഈ നാട്ടിൽ സാമൂഹ്യമായ തുല്ല്യത, ഉറപ്പിക്കാൻ സാധിക്കുകയുള്ളുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസപരമായ തുല്യത മാത്രമല്ല എല്ലാമേഖലകളിലുമുള്ള തുല്യത ഉറപ്പുവരുത്താൻ ഇത്തരം അന്ധമായ വിശ്വാസങ്ങളും അനാചാരങ്ങളും തള്ളിക്കളയേണ്ട അവസ്ഥയിലാണ് ശ്രീനാരായണ ഗുരു പറഞ്ഞ കാര്യങ്ങൾ പ്രാധാന്യം അർഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.