തിരുവല്ല: സിപിഎമ്മിനെ വെട്ടിലാക്കിയ പീഡന പരാതിയിൽ പാർട്ടി പ്രവർത്തകയായ പരാതിക്കാരിക്കെതിരേ നടപടി എടുത്തിട്ടുണ്ടെന്ന് ഏരിയാ സെക്രട്ടറി ഫ്രാൻസിസ് വി. ആന്റണി. ആരോപണ വിധേയനായ കോട്ടാലി ബ്രാഞ്ച് കമ്മറ്റി സെക്രട്ടറിക്കെതിരേ ഇതു വരെ പരാതി കിട്ടിയിട്ടില്ല. കിട്ടിയാലുടൻ നടപടി സ്വീകരിക്കുമെന്നും സെക്രട്ടറി വ്യക്തമാക്കി.

മെയ്‌ മാസത്തിലാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. യുവതിയുടെ ദൃശ്യങ്ങൾ വൈറലായിട്ട് ആഴ്ചകൾ ആകുന്നതേയുള്ളൂ. സിപിഎമ്മിന്റെയും മഹിളാ അസോസിയേഷന്റെയും നേതാവ് കൂടിയായ യുവതിയുടെ ദൃശ്യങ്ങൾ വൈറലായപ്പോൾ തന്നെ അസോസിയേഷൻ പ്രവർത്തകർ പരാതിപ്പെട്ടിരുന്നു. പ്രാഥമികാന്വേഷണത്തിന് ശേഷം പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നതായി ഏരിയാ സെക്രട്ടറി പറഞ്ഞു.

ആ വീഡിയോകൾ മോശമായ സന്ദേശം നൽകിയതു കൊണ്ടാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. ആരോപണ വിധേയൻ തിരുവല്ല നോർത്ത് ലോക്കൽ കമ്മറ്റി സെക്രട്ടറിയായിരുന്നപ്പോൾ ഉണ്ടായ പീഡന പരാതിയിൽ പാർട്ടി നടപടി എടുത്തിരുന്നു. അച്ചടക്ക നടപടിക്ക് ശേഷം കഴിഞ്ഞ ബ്രാഞ്ച് സമ്മേളനത്തിലാണ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്.

അതേ സമയം, തന്നെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചുവെന്ന് പറയുന്ന പരാതിക്കാരിയുടെ ഒന്നിലധികം വീഡിയോകളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. പല സന്ദർഭങ്ങളിലുള്ളതാണ് ഇതെന്നാണ് പറയുന്നത്. അന്വേഷണ ഉദ്യോഗസ്ഥരുടെ കൈയിലും വിഡിയോ ചെന്നിട്ടുണ്ട്. അതിനാൽ തന്നെ പീഡന പരാതി വിശദമായി പരിശോധിക്കുമെന്നാണ് ഏരിയാ സെക്രട്ടറി പറയുന്നത്.

പരാതിക്കാരിയുടെ നടപടികൾ പാർട്ടിക്ക് പേരുദോഷം ഉണ്ടാക്കിയെന്ന അഭിപ്രായവും ഉയരുന്നുണ്ട്. മാധ്യമങ്ങളിലൂടെ സജിമോനെതിരായ വാർത്ത ശ്രദ്ധയിൽപ്പെട്ടതെന്നും ഏരിയാ സെക്രട്ടറി പറഞ്ഞു. കൂടുതൽ നടപടി ഉപരി കമ്മറ്റിയുമായി ആലോചിച്ച് എടുക്കും.