ഹൈദരാബാദ്: 2019-ൽ ഹൈദരാബാദിൽ വനിതാ വെറ്റിറനറി ഡോക്ടറെ ബലാത്സംഗം ചെയ്തുകൊലപ്പെടുത്തിയ കേസിൽ നാലുപ്രതികളെയും ഏറ്റുമുട്ടലിൽ വധിച്ച പൊലീസ് സംഘത്തിന്റെ തലവനായിരുന്നു വി സി സജ്ജനാർ. അന്ന് തെലുങ്കാന ജനതയുടെ കയ്യടി നേടിയ ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. എന്നാൽ, സുപ്രീംകോടതി ഈ വിഷയത്തിൽ പൊലീസിനെ രൂക്ഷമായി വിമർശിച്ചു. ഇപ്പോൾ സജ്ജനാറിന്റെ പേര് വീണ്ടും വർത്തകളിൽ നിറയുന്നത്.

തെലുങ്കാനയിൽ ആറുവയസുകാരി പെൺകുട്ടിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ഇന്ന് റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയതോടെ കൊലപാതകമാണോ എന്ന സംശയം ഉയർന്നിട്ടുണ്ട്. ഈ കേസിലെ പ്രതിയെ തിരിയാൻ പൊലീസ് തുടങ്ങിയ വേളയിൽ തന്നെ രാജുവിനെ കണ്ടെത്താൻ തെലങ്കാന ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാർ ജാഗ്രത പുലർത്തുന്നുണ്ടെന്ന് കോർപ്പറേഷൻ എം.ഡി. വി സി. സജ്ജനാർ പ്രതികരിച്ചിരുന്നു. കോർപ്പറേഷനിലെ മുഴുവൻ ജീവനക്കാർക്കും പ്രതിയെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറിയിട്ടുണ്ടെന്നും രാജുവിന്റെ ചിത്രം സഹിതമുള്ള നോട്ടീസുകൾ കോർപ്പറേഷൻ സംസ്ഥാനമാകെ പതിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

സജ്ജനാറിന്റെ വാക്കുകൾക്ക് ശേഷം 24 മണിക്കൂർ തികയും മുമ്പാണ് പ്രതിയുടെ മൃതദേഹം കണ്ടെത്തിയത്. പൊലീസ് ആത്മഹത്യയെന്ന് പറയുമ്പോഴും എൻകൗണ്ടറാണോ നടന്നതെന്ന സംശയവും ശക്തമാണ്. വിവാദമായ ഈ കേസിലും സജ്ജനാർ ഇഫക്ട് ഉണ്ടോ എന്ന ചോദ്യം ഉയർന്നിട്ടുണ്ട്. സജ്ജനാർ സൈബരാബാദ് പൊലീസ് കമ്മീഷണറായിരിക്കവേയാണ് അന്ന് എൻകൗണ്ടർ നടന്നത്.

നിരവധി എൻകൗണ്ടറുകളിലൂടെ ശ്രദ്ധേയനായ ഉദ്യോഗസ്ഥനാണ് സജ്ജനാർ. 2008 ഡിസംബറിൽ ആന്ധ്രയിലെ വാറങ്കലിൽ എൻജിനീയറിങ് വിദ്യാർത്ഥികളുടെ ശരീരത്തിൽ ആസിഡ് ഒഴിച്ച സംഭവത്തിലെ പ്രതികളെന്നു കരുതുന്ന മൂന്നു യുവാക്കളെ പൊലീസ് വെടിവച്ചു കൊന്നപ്പോൾ വാറങ്കൽ എസ്‌പിയായിരുന്നു സജ്ജനാർ. ആസിഡ് ശരീരത്തിൽ വീണ ഒരു പെൺകുട്ടി മരിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ശ്രീനിവാസ്, സഞ്ജയ്, ഹരികൃഷ്ണ എന്നീ യുവാക്കൾ പൊലീസ് വെടിവയ്പിൽ കൊല്ലപ്പെട്ടത് ഏറെ വിവാദമായിരുന്നു. സജ്ജനാർക്കെതിരെ പ്രതിഷേധം ഉയരുകയും ചെയ്തു. പ്രണയം നിരസിച്ചതു കൊണ്ടാണ് ആസിഡ് ഒഴിച്ചത് എന്ന് പ്രതികൾ സമ്മതിച്ചിരുന്നു. പ്രതികൾ സഞ്ചരിച്ച ബൈക്ക് കസ്റ്റഡിയിൽ എടുക്കാൻ മൂവുനൂരിൽ എത്തിയപ്പോൾ പൊലീസ് സംഘത്തിനു നേരെ ഇവർ ആക്രമണം നടത്തിയതിനെ തുടർന്ന് വെടിവയ്ക്കുകയായിരുന്നുവെന്നാണ് സജ്ജനാറിന്റെ വിശദീകരണം.

അറസ്റ്റ് ചെയ്ത യുവാക്കൾക്കൊപ്പം ബൈക്ക് കസ്റ്റഡിയിൽ എടുക്കാൻ പോയപ്പോഴായിരുന്നു സംഭവം. സൗപർണിക എന്ന പെൺകുട്ടിയോട് പ്രധാന പ്രതിയെന്നു കരുതുന്ന സഞ്ജയ് നടത്തിയ പ്രേമാഭ്യർഥന നിരസിച്ചതിനെ തുടർന്ന് ഈ കുട്ടിയുടെയും കൂട്ടുകാരിയുടെയും ശരീരത്തിൽ ആസിഡ് ഒഴിക്കുകയായിരുന്നു. അന്നു വാറങ്കലിൽ ഹീറോ ആയിരുന്നു സജ്ജനാർ. നൂറുകണക്കിനു വിദ്യാർത്ഥികളാണ് ഇദ്ദേഹത്തെ കാണാനായി ഓഫിസിൽ എത്തിയിരുന്നത്. വിവിധയിടങ്ങളിൽ സജ്ജനാറിനെ മാലയിട്ടു വിദ്യാർത്ഥികൾ സ്വീകരിച്ചു.

ഹൈദരാബാദിൽ ഇരുപത്തിയേഴുകാരിയായ ഡോക്ടർ ക്രൂരമായി കൊല്ലപ്പെട്ടതിനു ശേഷം വാറങ്കൽ മോഡൽ നീതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളിൽ വലിയ പ്രചാരണം നടന്നിരുന്നു. ഇതിന് പിന്നാലെ എൻകൗണ്ടർ വഴി പ്രതികളെ കൊലപ്പെടുത്തുകയും ചെയ്തു.