തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ശമ്പളവിതരണം ഇന്ന് മുതൽ. മെയ്‌ മാസത്തെ ശമ്പളമാണ് നൽകുക. ശമ്പള വിതരണത്തിന് മന്ത്രി ആന്റണി രാജു കെഎസ്ആർടിസി മാനേജ്മെന്റിന് നിർദ്ദേശം നൽകി.

ആദ്യഘട്ടത്തിൽ ഡ്രൈവർമാർക്കും കണ്ടക്ടർക്കുമാണ് ശമ്പളം നൽകുക. അതിന് ശേഷമാകും മറ്റ് ജീവനക്കാർക്ക് നൽകുക. ശമ്പള വിതരണം പൂർത്തിയാക്കാൻ 35 കോടി രൂപ കൂടി വേണമെന്ന് സർക്കാറിനോട് മാനേജ്‌മെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്. ശമ്പള പ്രശ്‌നത്തിൽ ഭരണാനുകൂല സംഘടനകൾ പണിമുടക്കിലേക്ക് നീങ്ങുമെന്ന് വ്യക്തമാക്കിയിരുന്നു. സിഐടിയു ഓഫീസ് വളഞ്ഞ് ഉപരോധിക്കാൻ തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ശമ്പളം നൽകാൻ തീരുമാനിച്ചത്.

കയ്യിൽ പണമില്ലാത്തതിനാൽ ഓവർഡ്രാഫ്‌റ്റെടുത്ത് ശമ്പളം വിതരണം ചെയ്യാനാണ് ശ്രമം. അതേസമയം, ഘട്ടംഘട്ടമായി ശമ്പളം നൽകുന്നതിനെ യൂണിയനുകൾ അനുകൂലിക്കുന്നില്ല. ശമ്പളം ഒറ്റത്തവണയായി വേണമെന്നാണ് അവരുടെ ആവശ്യം. ശമ്പളം നൽകാൻ വൈകുന്നതിന് കോടതിയും കെ എസ് ആർ ടി സി മാനേജ്മെന്റിനെ രൂക്ഷമായി വിമർശിച്ചിരുന്നു.

സാധാരണ ജീവനക്കാർക്ക് ശമ്പളം മുടങ്ങുന്ന സാഹചര്യത്തിൽ ഉന്നത ഉദ്യോഗസ്ഥർക്ക് ശമ്പളം നൽകുന്നത് വിവേചനമാണെന്നാണ് ഹൈക്കോടതി പറഞ്ഞത്.സാധാരണ ജീവനക്കാരുടെ അവസ്ഥ കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ലെന്നും ജീവനക്കാർക്ക് കൃത്യ സമയത്ത് ശമ്പളം നൽകണമെന്നും ഉന്നത ഉദ്യോഗസ്ഥർക്ക് മാത്രം ശമ്പളം നൽകുന്ന രീതി തടയാൻ മടിക്കില്ലെന്നും കോടതി മുന്നറിയിപ്പ് നൽകി. കെ.എസ്.ആർ.ടി.സിയിലെ ഒരു കൂട്ടം ജീവനക്കാർ നൽകിയ ഹർജിയിലായിരുന്നു കോടതിയുടെ ഇടപെടൽ.