തിരുവനന്തപുരം: എല്ലാം സുതാര്യമാക്കുകയാണ് പിണറായി സർക്കാർ. ഇതിന്റെ ഭാഗമായി ജീവനക്കാർക്കു പുതിയ ശമ്പളവും പെൻഷനും നിർണയിക്കാൻ ശമ്പള പരിഷ്‌കരണ കമ്മിഷൻ വക നിസ്സാര ഫോർമുലയയും. നിലവിലെ അടിസ്ഥാന ശമ്പളത്തെ 1.38 കൊണ്ടു ഗുണിച്ചാൽ പുതിയ അടിസ്ഥാന ശമ്പളമായി. ശമ്പള-പെൻഷൻ പരിഷ്‌കരണങ്ങളുടെ ഭാഗമായി സർക്കാരിന് 4810 കോടി രൂപ അധികബാധ്യത ഉണ്ടാകും.

നിലവിലെ അടിസ്ഥാന ശമ്പളത്തിൽ 28 % ഡിഎ (നിലവിലെ 20 % + കുടിശിക 8 %) ലയിപ്പിച്ചു കിട്ടുന്ന തുകയിൽ 10 % വർധന വരുത്തിയാണു പുതിയ അടിസ്ഥാന ശമ്പളം നിർണയിച്ചത്. ഈ സംഖ്യയിലെത്താൻ നിലവിലെ അടിസ്ഥാന ശമ്പളത്തെ 1.38 കൊണ്ടു ഗുണിച്ചാൽ മാത്രം മതി. മറ്റ് അലവൻസുകൾ കൂടി ചേർക്കുമ്പോൾ ആകെ ശമ്പളമായി. അങ്ങനെ കാര്യങ്ങളെല്ലാം ജീവനക്കാർക്ക് ഗുണകരമാണ്. ഇതിനൊപ്പമാണ് വമ്പൻ ശമ്പള വർദ്ധനയും. അടുത്ത മന്ത്രിസഭാ യോഗത്തിൽ കമ്മിഷന്റെ നിർദ്ദേശങ്ങളെക്കുറിച്ചു പഠിക്കാൻ മന്ത്രിസഭാ ഉപസമിതിയെ വച്ചേക്കും. ഒരാഴ്ചയ്ക്കകം റിപ്പോർട്ട് വാങ്ങി അടുത്ത മാസം പകുതിയോടെ ഉത്തരവിറക്കാനാണു സർക്കാർ ആലോചിക്കുന്നത്. നടപടി വേഗത്തിലാക്കാൻ മന്ത്രിസഭാ ഉപസമിതിയെ നിയോഗിക്കുന്നത് ഒഴിവാക്കാനും ആലോചനയുണ്ട്.

പ്യൂണിന്റെ കുറഞ്ഞ ശമ്പളം 25,300 ആവുമ്പോൾ എൽഡി ക്ലാർക്കിന്റേത് 29150ഉം പൊലീസുകാരന്റേത് 36300 ആയി ഉയരും. എസ് ഐ 53647 രൂപ ശമ്പളം കൈപ്പറ്റുമ്പോൾ പ്ലസ് ടീച്ചർക്ക് 60,720 രൂപ മാസം കിട്ടും. ഇത് അടിസ്ഥാന ശമ്പളം മാറുമ്പോഴുള്ള വർദ്ധന മാത്രമാണ്. ഇതിനൊപ്പം ഡിഎയും മറ്റ് ആനുകൂല്യങ്ങളും കൂടും. തുടക്കത്തിൽ ഡിഎയുടെ ശതമാനം കുറവായിരിക്കും. എന്നാൽ തൊട്ടടുത്ത വർഷങ്ങളിൽ അത് സർക്കാരിന്റെ താൽപ്പര്യത്തിന് അനുസരിച്ച് ഉയരും. അതുകൊണ്ട് തന്നെ ഫലത്തിൽ വമ്പൻ വർദ്ധനവ് ജീവനക്കാര്ക്ക് കിട്ടും.

കഴിഞ്ഞ തവണ 12 ശതമാനവും അതിനു മുൻപ് 10 ശതമാനവുമായിരുന്നു ശമ്പള വർധന. സാധാരണ ഗതിയിൽ സർവീസ് വെയ്‌റ്റേജ് വഴി 15% അധിക വർധന കിട്ടുന്നതാണ്. ഇത് ഒഴിവാക്കിയതിൽ കടുത്ത അതൃപ്തിയിലാണു ജീവനക്കാർ. കഴിഞ്ഞ തവണ 15% വരെ സർവീസ് വെയ്‌റ്റേജ് നൽകിയിരുന്നു. എങ്കിലും കൂടിയ ശമ്പളത്തിന് അനുസൃതമായി വർദ്ധനവ് വരുന്നതിനാൽ എല്ലാ ജീവനക്കാർക്കും കഴിഞ്ഞ ശമ്പള വർദ്ധനവിന് കിട്ടിയതിനേക്കാൾ കൂടുതൽ തുക കിട്ടും.

കഴിഞ്ഞ തവണ 7800 കോടിയുടെ ബാധ്യത ഉണ്ടായിരുന്നത് ഇക്കുറി 4800 കോടിയാക്കി കുറയ്ക്കാൻ കഴിഞ്ഞതിന്റെ മുഖ്യ കാരണം സർവ്വീസ് വെയിറ്റേജിലെ മാറ്റമാണ്. പൂർത്തിയായ ഓരോ വർഷത്തെ സർവീസിനു അര ശതമാനം അടിസ്ഥാന ശമ്പളത്തിൽ വർധന നൽകുമായിരുന്നു. 30 വർഷത്തെ സർവീസുണ്ടെങ്കിൽ 15% വരെ സർവീസ് വെയ്‌റ്റേജ് കിട്ടേണ്ടതാണ്. വീട്ടുവാടക അലവൻസ് വർധിപ്പിച്ചതു നഗരങ്ങളിലെ ജീവനക്കാർക്കു വലിയ നേട്ടമായി. അടിസ്ഥാന ശമ്പളത്തിന്റെ 10% എന്ന വർധന ജീവനക്കാർ പ്രതീക്ഷിച്ചതല്ല.

വില്ലേജ് ഓഫീസർമാർക്ക് 1500 രൂപ സ്പെഷൽ അലവൻസ് ആയി നൽകാൻ ശുപാർശയുണ്ട്. ആരോഗ്യവകുപ്പിൽ പാരാ മെഡിക്കൽ ജീവനക്കാരുടെ ശമ്പളം ഏകീകരിക്കാനും വർധന ഏർപ്പെടുത്താനും നിർദ്ദേശമുണ്ട്. പെൻഷൻ ഗ്രാറ്റുവിറ്റി തുക സീലിങ് 14 ലക്ഷത്തിൽനിന്ന് 17 ലക്ഷമാക്കാൻ ശുപാർശയുണ്ട്. പെൻഷൻ കണക്കാക്കുന്ന രീതിയിൽ മാറ്റമുണ്ട്. നിലവിൽ 10 മാസത്തെ ശമ്പളത്തിന്റെ ശരാശരി കണക്കാക്കുന്നതിന് പകരം, അവസാനം വാങ്ങിയ ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ നിർണയിക്കും.

പാർട്ട് ടൈം, കണ്ടിജന്റ് ജീവനക്കാരുടെ കുറഞ്ഞ ശമ്പളം 11500, കുറഞ്ഞ ശമ്പളം 22,970 എന്നിങ്ങനെയാണ് ശുപാർശ ചെയ്തിരിക്കുന്നത്.