ബംഗളൂരു: ബെംഗളൂരുവിൽ മലയാളികൾ അടക്കമുള്ള നിരവധിപേരിൽ നിന്നും കോടികൾ വെട്ടിച്ചതിന് പിടിയിലായ സാൾട്ട് ആൻഡ് പെപ്പർ നിർമ്മാതാവ് സദാനന്ദൻ രംഗോരത്ത് ജാമ്യത്തിലിറങ്ങി കേരളത്തിലേയ്ക്ക് മുങ്ങി. ഫ്ളാറ്റ് ലീസിന് നൽകാമെന്ന് പറഞ്ഞ് പണം തട്ടിയെടുത്ത കേസിലും സിനിമാ അഡ്രസ് ഉപയോഗിച്ച് സിനിമാ പ്രേമികളുടെ കയ്യിൽ നിന്ന് കോടികൾ വെട്ടിച്ച കേസിലും പ്രതികളാണ് സദാനന്ദൻ രംഗോരത്തും ഭാര്യ ഹീരാ റാണിയും.

ഇയാൾക്കെതിരെ നിരവധിപേർ പരാതിയുമായി രംഗത്തെത്തിയിട്ടും തുടക്കത്തിൽ കേസെടുക്കാൻ കർണാടക പൊലീസ് തയ്യാറായിരുന്നില്ല. ഒടുവിൽ ഇടപാടുകാരുടെ നിരന്തര പ്രതിഷേധങ്ങൾക്കും സമ്മർദ്ദങ്ങൾക്കുമൊടുവിലാണ് ബംഗലൂരു പൊലീസ് കേസെടുത്തത്. അതിനും ഒരു വർഷത്തിന് ശേഷം 2020 ഒക്ടോബറിലാണ് ഇയാൾ അറസ്റ്റിലാകുന്നത്. അപ്പോഴും ഹീരാറാണിയെ അറസ്റ്റ് ചെയ്യാൻ അവർ തയ്യാറായില്ല. പല കാരണങ്ങൾ പറഞ്ഞ് അറസ്റ്റ് വൈകിച്ച് ഹീരാറാണിക്ക് മുൻകൂർ ജാമ്യം എടുക്കാൻ സമയം നൽകുകയായിരുന്നെന്ന് പരാതിക്കാർ ആരോപിക്കുന്നു.

ഫ്ളാറ്റ് മൂന്ന് വർഷത്തേയ്ക്ക് ലീസ് നൽകാമെന്നേറ്റ് 130 ഓളം കുടുംബങ്ങളിൽ നിന്ന് 10 മുതൽ 15 ലക്ഷം വരെ രൂപ വീതം ഇവർ ഉടമസ്ഥരായിരുന്ന വെസ്റ്റാ പവർ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി തട്ടിയെടുത്തു. ലീസിന് കൊടുത്ത ഫ്ളാറ്റുകളിൽ ആദ്യത്തെ നാല് മാസം സദാനന്ദൻ കൃതിയമായി വാടക ഉടമസ്ഥന് നൽകിയിരുന്നു. എന്നാൽ പിന്നീട് പണം നൽകാതെ അയാൾ മുങ്ങുകയായിരുന്നു. ഇതെതുടർന്ന് ഫ്ളാറ്റുകളുടെ യഥാർത്ഥ ഉടമസ്ഥൻ ഫ്ളാറ്റിലെത്തി ഇടപാടുകാരോട് ഒന്നുകിൽ വാടക നൽകുകയോ അല്ലെങ്കിൽ ഫ്ളാറ്റ് ഒഴിഞ്ഞുകൊടുക്കുകയോ വേണമെന്ന് ആവശ്യപ്പെട്ടു. ഫ്ളാറ്റിന് വേണ്ടി ലോണെടുത്തും കടം വാങ്ങിയും ലക്ഷങ്ങൾ സദാനന്ദന് നൽകിയിട്ട് ഫ്ളാറ്റിന് വാടക കൂടി നൽകേണ്ട ഗതികേടിലാണ് ഇപ്പോൾ പരാതിക്കാർ.

ഈ കേസിൽ ഒരു എഫ്ഐആർ മാത്രമായിരുന്നു പൊലീസ് ഇട്ടത്. 130 പരാതികൾക്കുംകൂടി ഒരു എഫ്ഐആർ ഇടുന്നതിനെതിരെ അന്നുതന്നെ എതിർപ്പുകൾ ഉയർന്നിരുന്നു. സദാനന്ദൻ രംഗോരത്തിന് അനുകൂലമായ നടപടികളാണ് പൊലീസ് കൈക്കൊള്ളുന്നതെന്ന ആരോപണം അന്നുതന്നെ ഉണ്ടായിരുന്നു. ആ ആരോപണങ്ങളെ ശരി വയ്ക്കുന്ന നടപടികളാണ് പിന്നീട് അവരിൽ നിന്നും ഉണ്ടായത്.

സദാനന്ദന് ജാമ്യം നൽകുന്നതിന് കർണാടക പൊലീസിന് യാതൊരു എതിർപ്പും ഉണ്ടായിരുന്നില്ല. എന്നാൽ ജാമ്യം ലഭിച്ച അയാൾ ജാമ്യവ്യവസ്ഥ ലംഘിച്ച് കേരളത്തിലേയ്ക്ക് കടന്നപ്പോൾ അയാളെ കുറിച്ചുള്ള യാതൊരു വിവരങ്ങളും തങ്ങളുടെ കയ്യിലില്ല എന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചത്. അയാളുടെ ഫോൺ നമ്പർ സ്വിച്ച് ഓഫ് ആണ്. അയാൾ പാലക്കാട് ഉണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. എന്നാൽ അയാളുടെ പേരിൽ കേരളത്തിൽ എവിടെയും എഫ്ഐആർ ഇല്ലാത്തതിനാൽ കേരളാപൊലീസിന് ഒന്നും ചെയ്യാനാവില്ല.

ഫ്ളാറ്റ് ലീസിന് നൽകാമെന്നേറ്റ് 130 ഓളം പേരുടെ കൈയിൽ നിന്നും പണം വാങ്ങി പറ്റിച്ചതിന് സദാനന്ദൻ രംഗോരത്തിന്റെ പേരിൽ കേസ് രജിസ്റ്റർ ചെയ്തിട്ട് രണ്ട് വർഷമായിട്ടും കുറ്റപത്രം പോലും സമർപ്പിച്ചിട്ടില്ലെന്ന് പരാതിക്കാർ പറയുന്നു. സദാനന്ദൻ സംസ്ഥാനം വിടുക കൂടി ചെയ്തതോടെ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് പരാതിക്കാർ.

സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ പേരിൽ സിനിമാ മോഹികളായ ചെറുപ്പക്കാരെയും പണം മുടക്കാൻ ആഗ്രഹിക്കുന്നവരെയും കബളിപ്പിച്ചു കോടികൾ തട്ടിയെടുത്ത ഒരു കേസും ഇയാളുടെ പേരിലുണ്ട്. ആ കേസിൽ 77ലേറെ ആളുകളിൽ നിന്നും കോടികൾ പിരിച്ചെടുത്തു മുങ്ങി നടക്കുകയായിരുന്നു ഇയാൾ.

സാൾട്ട് ആൻഡ് പെപ്പറിന് പുറമേ സിദ്ധാർഥ് ഭരതൻ ഒരുക്കിയ നിദ്രയും നിർമ്മിച്ച സദാനന്ദൻ സംസ്ഥാന പുരസ്‌ക്കാരവും നേടിയിട്ടുണ്ട്. സിനിമയിലെ ഈ അഡ്രസ് ഉപയോഗിച്ചു കൊണ്ടു പണം തട്ടിപ്പ് പതിവാക്കുകയായിരുന്നു സദാനന്ദൻ. രണ്ട് സിനിമ നിർമ്മിച്ച ശേഷം ഈ സിനിമാ ബന്ധങ്ങൾ ഉപയോഗിച്ചു കൊണ്ട് സിനിമ മോഹമുള്ളവരെ വലയിൽ ആക്കിയാണ് സദാനന്ദൻ പണം തട്ടിപ്പു നടത്തിയത്.

ബംഗളുരുവിലെ മലയാളി യുവാവ് രതീഷ് കൃഷ്ണൻ എന്നയാളാണ് സദാനന്ദന്റെ തട്ടിപ്പുകൾ അക്കമിട്ടു നിരത്തികൊണ്ട് ആദ്യം രംഗത്തുവന്നത്. നാല് ലക്ഷത്തിലേറെ രൂപയാണ് രതീഷിന് നഷ്ടമായത്. രതീഷ് തന്റെ അനുഭവം തുറന്നു പറഞ്ഞതോടെ നിരവധി പേർ ഇയാളെ സൂക്ഷിക്കണം എന്ന അഭിപ്രായം പങ്കുവെച്ചു ആഷിഖ് അബുവും സിദ്ധാർത്ഥ് ഭരതനും ഇക്കാര്യം സോഷ്യൽ മീഡീയയിലൂടെ നേരത്തെ അറിയിച്ചിരുന്നു. കോടികളാണ് പലർക്കും സദാനന്ദൻ കൊടുക്കാനുള്ളത്.