തൃശൂർ: പൊലീസുദ്യോഗസ്ഥനെക്കൊണ്ട് സല്യൂട്ടടിപ്പിച്ച സുരേഷ് ഗോപി എംപിക്കെതിരെ പരാതി. കെ.എസ്.യുവാണ് സുരേഷ് ഗോപിക്കെതിരെ പരാതി നൽകിയത്. ഡി.ജി.പിക്കാണ് കെ.എസ്.യുവിന്റെ പരാതി. കോവിഡ് മാനദണ്ഡം ലംഘിച്ചതിന് കേസെടുക്കണമെന്നും കെ.എസ്.യു പരാതിയിൽ ആവശ്യപ്പെട്ടു.

അതേസമയം, പുത്തൂരിൽ ചുഴലിക്കാറ്റ് ഉണ്ടായ പ്രദേശം സന്ദർശിക്കുന്നതിനിടെ ഒല്ലൂർ എസ്ഐയെ വാഹനത്തിൽ നിന്ന് വിളിച്ചുവരുത്തി സല്യൂട്ടടിപ്പിച്ചെന്ന ആരോപണത്തിൽ സുരേഷ് ഗോപി എംപി പ്രതികരിച്ചു. ഇവിടെ സല്യൂട്ടല്ല പ്രശ്നം. ഇന്നലത്തെയും ഇന്നത്തെയും എന്റെ ആക്റ്റിവിറ്റി കണ്ടിട്ടുള്ള അസുഖമാണ്. അതിന് ചികിത്സയില്ല. പരാതിയുള്ളവർ രാജ്യസഭാ ചെർമാനോട് പറയട്ടെ എന്നും സുരേഷ് ഗോപി പ്രതികരിച്ചു.

'സല്യൂട്ട് ചെയ്യിപ്പിച്ചു എന്ന് പറയുന്ന പ്രയോഗം തന്നെ ഉന്നം വച്ചാണ്. അത് ഇന്നലത്തെയും ഇന്നത്തെയും എന്റെ ആക്റ്റിവിറ്റി കണ്ടിട്ടുള്ള അസുഖമാണ്. ആ അസുഖത്തിന് ചികിത്സയില്ല. അതു തനിയെ ചികിത്സിച്ചാ മതി. വളരെ സൗമ്യമായാണ് ഞാൻ അദ്ദേഹത്തോട് സംസാരിച്ചത്. സാർ എന്ന് വിളിച്ചാണ് സംസാരിച്ചത്. വണ്ടി കൊണ്ടുവന്ന് എന്റെ മുൻപിലിട്ട് അതിലിരുന്നു. പൊലീസ് വണ്ടിയാണെന്ന് മനസ്സിലായില്ല. ഫോറസ്റ്റിന്റെ വണ്ടിയാണെന്നാണ് ഞാൻ കരുതിയത്. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുന്ന വിധത്തിൽ മരം വെട്ടിയിട്ടത് മാറ്റാൻ പറയാനായി വണ്ടിയിലുള്ളവരെ വിളിക്കാൻ ഞാൻ പറഞ്ഞു. അപ്പോഴാണ് ഒല്ലൂർ പൊലീസിന്റെ വണ്ടിയാണെന്ന് മനസ്സിലായത്. എസ്ഐയോ സിഐയോ ഉണ്ടെങ്കിൽ വിളിക്കാൻ പറഞ്ഞു. ഇത്രയും നേരം വണ്ടിയിലിരുന്നിട്ട് എസ്ഐ ഇറങ്ങിവന്നപ്പോൾ ഞാൻ പറഞ്ഞു.. ഞാൻ എംപിയാണ്, എനിക്ക് സല്യൂട്ടിന് അർഹതയുണ്ട്. സൗമ്യമായാണ് ഞാൻ പറഞ്ഞത്. അദ്ദേഹം സല്യൂട്ട് ചെയ്തു, ഞാൻ തിരിച്ചും. അതിലെന്തെങ്കിലും ഉണ്ടെങ്കിൽ എന്റെ രാജ്യസഭാ ചെയർമാനെ അറിയിക്കൂ. അദ്ദേഹമാണെന്റെ ലീഡർ' സുരേഷ് ഗോപി വ്യക്തമാക്കി.

എംപിക്കും എംഎൽഎക്കും സല്യൂട്ട് ചെയ്യണമെന്ന് പ്രോട്ടോകോളില്ല എന്ന പൊലീസ് അസോസിയേഷന്റെ പ്രതികരണം ചൂണ്ടിക്കാട്ടിയപ്പോൾ കാക്കിയിട്ടയാൾ ആരെയും സല്യൂട്ട് ചെയ്യേണ്ട എന്നാണ് തന്റെ അഭിപ്രായമെന്ന് സുരേഷ് ഗോപി പറഞ്ഞു. അവൻ അവന്റെ ജോലി കൃത്യമായി ചെയ്താൽ മതി.

അത് ബ്രിട്ടീഷുകാരുടെ സമ്പ്രദായമാണ്. നാട്ടിലിങ്ങനെയൊരു സമ്പ്രദായമുണ്ടെങ്കിൽ പാലിക്കപ്പെടണം. സല്യൂട്ടല്ല പ്രശ്നം. അത്രയും നേരം എന്റെ മുൻപിലൊരു വണ്ടി കൊണ്ടുവന്നിട്ടിട്ട് അതിൽ തന്നെ ഇരിക്കുന്ന ഉദ്യോഗസ്ഥന്റെ സാമാന്യ മര്യാദയില്ലേ? താൻ ക്ഷോഭിച്ചില്ലല്ലോ. സൗമ്യമായിട്ടല്ലേ പറഞ്ഞത്? അതിലെന്താ തെറ്റെന്നും സുരേഷ് ഗോപി ചോദിച്ചു.

സല്യൂട്ട് മോഹികൾ പൊലീസിനെ ധർമസങ്കടത്തിലാക്കുന്നു

നേരത്തെ തന്നെ കാണുമ്പോൾ പൊലീസ് സല്യൂട്ട് ചെയ്യുന്നില്ലെന്ന് മേയർ എം.കെ. വർഗീസ് പരാതിപ്പെട്ടത് വാർത്തയായിരുന്നു. ആർക്കൊക്കെ സല്യൂട്ട് നൽകണമെന്നു വ്യക്തമാക്കുന്ന കേരള പൊലീസ് സ്റ്റാൻഡിങ് ഓർഡറിൽ മേയറുടെ പദവി ഉൾപ്പെടാത്തതാണ് തടസ്സമാകുന്നതെന്നു അന്ന് പൊലീസ് ഉന്നതർ വ്യക്തമാക്കിയിരുന്നു.

എംപി, എംഎൽഎ തുടങ്ങിയവർക്ക് സല്യൂട്ട് നൽകാൻ നിയമത്തിൽ വ്യവസ്ഥ ഇല്ലെങ്കിലും ജനാധിപത്യത്തെ അംഗീകരിക്കുന്നതിനാലും ജനപ്രതിനിധികളെ ബഹുമാനിക്കുന്നതിനാലുമാണ് സല്യൂട്ട് നൽകുന്നതെന്നു കേരള പൊലീസ് ഓഫിസേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി.ആർ.ബിജു പറഞ്ഞു.

നിയമാനുസൃതം അർഹതപ്പെട്ടവർക്കു മാത്രമേ സല്യൂട്ട് നൽകാൻ കഴിയൂവെന്നും ആഗ്രഹിക്കുന്നവർക്കെല്ലാം നൽകാനുള്ളതല്ലെന്നും സി.ആർ. ബിജു തൃശൂർ മേയറുടെ സല്യൂട്ട് വിവാദം ഉണ്ടായപ്പോൾ കുറിപ്പിട്ടിരുന്നു. യൂണിഫോമിൽ ഒരു പൊലീസ് ഉദ്യോഗസ്ഥനെ കണ്ടാൽ എനിക്കും ഒരു സല്യൂട്ട് കിട്ടണം എന്ന് ചിലർ ആഗ്രഹിക്കുന്നത് സ്വാഭാവികമാണ്.

സല്യൂട്ട് ആർക്കൊക്കെ?

സ്റ്റാൻഡിങ് ഓർഡർ പ്രകാരം കാണുമ്പോഴെല്ലാം സല്യൂട്ട് നൽകേണ്ടത്

രാഷ്ട്രപതി, ഉപരാഷ്ട്രപതി, ഗവർണർ, കേന്ദ്രസംസ്ഥാന മന്ത്രിമാർ, ഡിജിപി, എഡിജിപി, ഐജി, ഡിഐജി, യൂണിഫോമിലുള്ള ജനറൽ ഉദ്യോഗസ്ഥന്മാർ, സുപ്രീം കോടതി ഹൈക്കോടതി ജഡ്ജിമാർ, സായുധ സേനാ സംഘം.

ദിവസത്തിൽ ആദ്യം കാണുന്ന സന്ദർഭത്തിൽ സല്യൂട്ട് നൽകേണ്ടത്: ജില്ലാ പൊലീസ് മേധാവിമാർ, പൊലീസ് സൂപ്രണ്ടുമാർ, സേനാ കമൻഡാന്റുമാർ, കലക്ടർ.

ഗാർഡുമാർ സല്യൂട്ട് നൽകേണ്ടത്: എസ്‌ഐ മുതൽ മുകളിലേക്കുള്ള മേലുദ്യോഗസ്ഥർ, സെഷൻസ് ജഡ്ജിമാർ, ജില്ലാ മജിസ്‌ട്രേട്ടുറുമാർ, സൂപ്രണ്ടിനെക്കാൾ മുകളിലുള്ള സിവിൽ ഓഫിസർമാർ (ഔദ്യോഗിക കൃത്യനിർവഹണത്തിലുള്ളവർ മാത്രം).

മൃതദേഹത്തോട് ആദരം കാട്ടണമെന്നും സ്റ്റാൻഡിങ് ഓർഡറിൽ വ്യക്തമായി പറയുന്നു.