മലപ്പുറം: ലോകസഭാ സീറ്റ് രാജിവെച്ച് നിയമസഭയിലേക്ക് മത്സരിക്കാനെത്തിയ മുസ്ലിംലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിക്കു പകരം ഒഴിവു വന്ന മലപ്പുറം ലോകസഭാ ഉപതെരഞ്ഞെടുപ്പിൽ മുസ്ലിംലീഗ് അഖിലേന്ത്യാവൈസ് പ്രസിഡന്റും പ്രാസംഗികനുമായി സമദാനിയെ പരിഗണിക്കാൻ ലീഗ് നേതൃത്വം. ഇതുസംബന്ധിച്ചു സമദാനിയുമായി പാണക്കാട് തങ്ങൾ അനൗദ്യോഗികമായ ചർച്ച നടത്തിയതായും സൂചന.

സമദാനിക്കു പുറമെ മണ്ണാർക്കാട് എംഎ‍ൽഎ അഡ്വ. എൻ. ഷംസുദ്ദീനെ പരിഗണിക്കണമെന്ന് ചില മുതിർന്ന നേതാക്കൾ ആവശ്യപ്പെട്ടെങ്കിലും ലോകസഭയിൽ സമദാനിയുടെ പാണ്ഡിത്യവും, ഭാഷാഅവതരണവും ഏറെ ഉപകാരപ്പെടുമെന്ന കണക്ക്കൂട്ടലാണ് പാണക്കാടുനിന്നും പച്ചക്കൊടി ലഭിക്കാൻ കാരണമായതെന്നാണ് വിവരം. നിയമസഭയിലേക്ക് മത്സരിക്കാൻ തനിക്ക് താൽപര്യമില്ലെന്ന് നേരത്തെ തന്നെ സമദാനി നേതൃത്വത്തെ അറിയിച്ചിരുന്നു. നേരത്തെ രണ്ടു തവണ രാജ്യസഭാ എംപി സമദാനി ഒരു തവണ കോട്ടയ്ക്കലിൽനിന്നും നിയമസഭയിലും എത്തിയിരുന്നു.

ചിന്തകൻ, വാഗ്മി, എഴുത്തുകാരൻ, പൊതുപ്രവർത്തകൻ. സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക, കലാ, സാഹിത്യ മേഖലകളിലെ പ്രവർത്തനങ്ങളിലൂടെ പൊതുരംഗത്ത് സജീവമായ സമദാനിക്ക് ഇംഗ്ലീഷ്, അറബി, സംസ്‌കൃതം, ഹിന്ദി, ഉർദു, പേർഷ്യൻ ഭാഷകളിൽ പ്രാവിണ്യമുണ്ട്. ഒന്നാം റാങ്കോടെ ബി. ഏയും രണ്ടാം റാങ്കോടെ എം. ഏയും. പിന്നീട് എം. ഫിൽ, എൽ. എൽ. ബി ബിരുധങ്ങളും നേടിയിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് ഇനി താനില്ലെന്ന് സമദാനി നേരത്തെ പാണക്കാട് തങ്ങളെ അറിയിച്ചിരുന്നു. ഇതെ തുടർന്ന് സജീവ രാഷ്ട്രീയവേദികളിൽനിന്നും മാറിനിന്ന സമദാനി പ്രഭാഷണവേദികളിൽ സജീവമായിരുന്നു. മുസ്ലിംലീഗിന്റെ കോട്ടയായ മലപ്പുറം ലോകസഭയിൽ വിജയം സുനിശ്ചിതമാണെന്നാണ് നേതൃത്വത്തിന്റെ കണക്ക്കൂട്ടൽ.

കൊണ്ടോട്ടി, മഞ്ചേരി, പെരിന്തൽമണ്ണ, മങ്കട, മലപ്പുറം, വേങ്ങര, വള്ളിക്കുന്ന് എന്നീ ഏഴു നിയമസഭാമണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ് മലപ്പുറം ലോകസഭാ നിയോജകമണ്ഡലം. ഈ ഏഴൂ നിയമസഭാ മണ്ഡലങ്ങളും യു.ഡി.എഫിന്റേതാണ്. 2008ലെ മണ്ഡലം പുനഃക്രമീകരണത്തിൽ രൂപികൃതമായ മണ്ഡലമാണിത്. 2001-ലെ ജനസംഖ്യയുടെ കണക്ക് അനുസരിച്ചാണ് മണ്ഡലപുനർനിർണ്ണയ കമ്മീഷൻ ഈ മണ്ഡലത്തിന് രൂപം നൽകിയത്. 2009-ലെ പൊതുതിരഞ്ഞെടുപ്പിലാണ് ഇതിലെ ആദ്യ തിരഞ്ഞെടുപ്പ് നടന്നത്.

1959 ൽ മലപ്പുറം ജില്ലയിലെ കോട്ടക്കലിലാണ് സമദാനിയുടെ ൽ ജനനം. പിതാവ് ജ്ഞാനിയും ബഹുഭാഷാപണ്ഡിതനുമായിരുന്ന എംപി. അബ്ദുൽ ഹമീദ് ഹൈദരി. മാതാവ് ശൈഖ് സൈനുദ്ദീൻ മഖ്ദൂമിന്റെ കുടുംബ പരമ്പരയിൽ പെട്ട ഒറ്റകത്ത് സൈനബ്.