മലപ്പുറം: കോവിഡ് മഹാമാരിയുടെ വ്യാപനതോത് അനുദിനമെന്നോണം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ജനങ്ങൾ കുടുതൽ ജാഗ്രത പാലിക്കണമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, പ്രൊഫ.കെ.ആലിക്കുട്ടി മുസ്ല്യാർ എന്നിവർ അഭ്യർത്ഥിച്ചു. പതിനായിരങ്ങളാണ് ഓരോ ദിവസവും കോവിഡ് രോഗികളായി മാറുന്നത്. അത്യന്തം ഭീതിദമായ സാഹചര്യമാണിത്. രോഗ ചികിൽസയുമായി ബന്ധപ്പെട്ട എല്ലാ സംവിധാനങ്ങളും അപര്യാപ്തമാകുന്ന തലത്തിലേക്ക് കാര്യങ്ങൾ നീങ്ങുന്നുവോ എന്ന് ആശങ്കപ്പെടേണ്ടിയിരിക്കുന്നു. ഓരോ ദിവസവും മരണങ്ങളുടെ നിരക്കിൽ വർദ്ധനവാണ് കാണിക്കുന്നത്.

രോഗം വന്നാൽ മതിയായ ചികിൽസ തേടുന്നതോടൊപ്പം രോഗവ്യാപനത്തിനുള്ള സാധ്യതകളെല്ലാം അടക്കണം. സർക്കാരും ആരോഗ്യ പ്രവർത്തകരും നിർദ്ദേശിക്കുന്ന മുൻ കരുതലുകളെല്ലാം ഓരോരുത്തരും പാലിച്ചേ പറ്റൂ. സാമൂഹ അകലം പാലിക്കലും ശരീരം ശുദ്ധിയായി പരിപാലിക്കലുമെല്ലാം പ്രധാനമാണ്. ജനങ്ങൾ നിയന്ത്രണമില്ലാതെ ഒരുമിച്ചുകൂടാൻ ഇടവരരുത്.

ആരാധനാലങ്ങളിലും മതിയായ ജാഗ്രത പാലിക്കണം. കല്യാണമുൾപ്പെടെയുള്ള ചടങ്ങുകൾ പരമാവധി എണ്ണം കുറയ്ക്കുകയും ശ്രദ്ധയോടെ കൈകാര്യം ചെയ്യുകയും വേണം. മറ്റിടങ്ങളിലും ജനക്കൂട്ടങ്ങൾ ഒഴിവാക്കണം. മാസ്‌കില്ലാതെ പുറത്തിറങ്ങരുത്. നമ്മുടെ അശ്രദ്ധ കൊണ്ടും ഉദാസീനത കൊണ്ടും ജീവൻ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാക്കരുത്. വിഷയം അതീവ ഗുരുതരമാണെന്നും കാര്യങ്ങൾ ആശങ്കരപരമാണെന്നും ഓരോരുത്തരും മനസ്സിലാക്കണമെന്ന് നേതാക്കൾ അഭ്യർത്ഥിച്ചു.