മലപ്പുറം: പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ അയൽ രാജ്യങ്ങളിൽ നിന്ന് വർഷങ്ങളായി ഇന്ത്യയിൽ കുടിയേറിയവരിൽ മുസ്ലിംകൾ അല്ലാത്തവർക്ക് മാത്രം പൗരത്വം നൽകാൻ അപേക്ഷ ക്ഷണിച്ചു കൊണ്ട് 2021 മെയ് 28-ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇറക്കിയ ഉത്തരവ് റദ്ദാക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും ജനറൽ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്ലിയാരും ആവശ്യപ്പെട്ടു.

മെയ് 28 ലെ എസ്.ഒ 2069(ഇ) ഉത്തരവ് പ്രകാരം ഗുജറാത്ത്, രാജസ്ഥാൻ, ഛത്തീസ്‌ഗഡ്, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ 13 ജില്ലകളിലുള്ള ഹിന്ദു, ക്രൈസ്തവ, ബുദ്ധ, ജൈന, പാഴ്‌സി, സിഖ് സമുദായത്തിൽ പെട്ടവർക്ക് മാത്രമാണ് പൗരത്വത്തിന് അപേക്ഷിക്കാൻ അവസരമുള്ളത്. മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം നൽകുന്നത് ഇന്ത്യൻ ഭരണഘടനക്ക് വിരുദ്ധമാണ്. 2019-ലെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമസ്ത ഉൾപ്പെടെയുള്ളവർ ഫയൽ ചെയ്ത ഹരജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

പ്രസ്തുത ഹരജി പരിഗണിക്കവെ ചട്ടങ്ങൾ രൂപീകരിച്ചിട്ടില്ലാത്തതിനാൽ നിയമം നടപ്പിലാക്കുകയില്ലെന്ന് കേന്ദ്ര സർക്കാറിന്റെ അഭിഭാഷകൻ സുപ്രീം കോടതിയിൽ വാക്കാൽ ബോധിപ്പിച്ചിരുന്നു. മതം തിരിച്ച് പൗരതത്വത്തിനുള്ള അപേക്ഷ ക്ഷണിക്കുന്നത് കേന്ദ്ര സർക്കാർ നൽകിയിരുന്ന ഉറപ്പിന്റെ ലംഘനമാണ്. 2021 മെയ് 28-ന് ഇറക്കിയ പുതിയ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ ബഹു. സുപ്രീം കോടതിയിൽ ഇന്ന് ഹരജി സമർപ്പിക്കുമെന്നും നേതാക്കൾ അറിയിച്ചു.