മുംബൈ: ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ അറസ്റ്റു ചെയ്തതു മുതൽ സമീർ വാങ്കഡെക്ക് കഷ്ടകാലമാണ്. കുറച്ചു ദിവസങ്ങളിൽ മാധ്യമങ്ങളിൽ നിറഞ്ഞു നിന്ന താരം ഇപ്പോൾ സംശയത്തിന്റെ നിഴലിലാണ്. ഷാരൂഖ് ഖാനിൽ നിന്നും കോഴ വാങ്ങാൻ ശ്രമിച്ചു എന്നത് അടക്കമുള്ള ആരോപണങ്ങൾ വാങ്കഡെ നേരിടേണ്ടി വന്നു. ഇപ്പോഴും സമാനമായ ആരോപണങ്ങൾ വാങ്കഡെ അഭിമുഖീകരിക്കേണ്ടി വരുന്നുണ്ട്.

ആര്യൻ പ്രതിയാകാൻ ഇടയായ മയക്കുമരുന്ന് പാർട്ടി സംഘചടിപ്പിച്ചത് തന്റെ സുഹൃത്താണെന്ന ആരോപണം നിഷേധിച്ച് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ (എൻ.സി.ബി) സോണൽ ഡയറക്ടർ കൂടിയായ സമീർ വാങ്കഡെ രംഗത്തുവ്‌നു. ആരോപണം ഉന്നയിച്ച മഹാരാഷ്ട്രാ മന്ത്രി നവാബ് മാലിക്കിനെതിരെയാണ് വാങ്കഡെ രംഗത്തുവന്നത്.

ആഡംബര കപ്പലിൽ പാർട്ടി സംഘടിപ്പിച്ചവരിൽ ഒരാളായ കാഷീഫ് ഖാനെ വാങ്കഡെ അറസ്റ്റ് ചെയ്തില്ലെന്നായിരുന്നു നവാബ് മാലിക്കിന്റെ ആരോപണം. വാങ്കഡെയുടെ സുഹൃത്താണ് കാഷീഫ് ഖാനെന്നും മന്ത്രി നവാബ് മാലിക്ക് ആരോപിച്ചിരുന്നു. 'നവാബ് മാലിക്ക് പറയുന്നത് മുഴുവൻ കള്ളമാണ്. പച്ചക്കള്ളങ്ങളെക്കുറിച്ച് തനിക്കൊന്നും പറയാനില്ലെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ' എന്നും സമീർ വാങ്കഡെ പ്രതികരിച്ചു.

മഹാരാഷ്ട്ര എൻ.സി.പി മന്ത്രിയായ നവാബ് മാലിക്കും സമീർ വാങ്കഡെയും തമ്മിൽ ദിവസങ്ങളായി വാക്‌പോര് തുടരുകയാണ്. സമീർ വാങ്കഡെ തെറ്റായ രേഖകൾ ഹാജരാക്കിയാണ് ജോലി കരസ്ഥമാക്കിയതെന്ന് നവാബ് മാലിക് ആരോപിച്ചിരുന്നു. വാാങ്കഡെയുടെ ജനന സർട്ടിഫിക്കറ്റ്, വിവാഹ സർട്ടിഫിക്കററ് എന്നീ രേഖകളെക്കുറിച്ചാണ് നവാബ് ആരോപണം ഉന്നയിച്ചത്.

ലഹരിമരുന്ന് കേസിൽ സമീർ വാങ്കഡെക്കെതിരെ കൈക്കൂലി ആരോപണവും ഉയർന്നിരുന്നു. ആര്യൻ ഖാനെ വിട്ടയക്കാനായി കേസിലെ സാക്ഷിയായ കെ.പി. ഗോസാവിയും സമീർ വാങ്കഡെയും പണം കൈപ്പറ്റിയെന്നായിരുന്നു മറ്റൊരു സാക്ഷിയായ പ്രഭാകർ സെയിലിന്റെ ആരോപണം. എട്ട് കോടി രൂപ സമീർ വാങ്കഡെ കൈപ്പറ്റിയെന്നാണ് മൊഴി.

ഇക്കാര്യത്തിൽ സമീർ വാങ്കഡെയ്‌ക്കെതിരെ വിജിലൻസ് അന്വേഷണത്തിന് നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ ഉത്തരവിട്ടിരുന്നു. കഴിഞ്ഞ ദിവസംപണംതട്ടൽ, അഴിമതി ആരോപണങ്ങൾ അന്വേഷിക്കാൻ മുംബൈ പൊലീസ് നാലംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. അതേസമയം, ലഹരിമരുന്ന് കേസിൽ ആര്യൻ ഖാന് വ്യാഴാഴ്ച ഉപാധികളോടെ ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. ആര്യൻ ഖാൻ ഇന്ന് പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.