മുംബൈ: യുവ ബോളിവുഡ് നടൻ സന്ദീപ് നാഹറിന്റെ മരണത്തിൽ ഭാര്യ കാഞ്ചൻ ശർമ, ഭാര്യാമാതാവ് എന്നിവർക്കെതിരെ മുംബൈ പൊലീസ് കേസെടുത്തു. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. നാഹറിന്റെ ആത്മഹത്യാ കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരികുന്നത്. സന്ദീപിന്റെ മരണവുമായി ബന്ധപ്പെട്ട് ഭാര്യയുടെയും ഭാര്യാമാതാവിന്റെയും മൊഴിയെടുത്തതായി മുംബൈ പൊലീസ് അറിയിച്ചു. ഇരുവർക്കുമെതിരെ പരാതിയുമായി സന്ദീപിന്റെ കുടുംബം രംഗത്തെത്തിയിരുന്നു.

ക്രിക്കറ്റ് താരം എം.എസ്. ധോണിയുടെ ജീവചരിത്രം പറയുന്ന 'എം.എസ്. ധോണി ദ് അൺടോൾഡ് സ്റ്റോറി' എന്ന ബോളിവുഡ് ചിത്രത്തിൽ നടൻ സുശാന്ത് സിങ്ങിനൊപ്പം അഭിനയിച്ച സന്ദീപ് നാഹറിനെ (33) അന്ധേരിക്കടുത്ത് ഓഷിവാരയിലെ ഫ്‌ളാറ്റിൽ ജീവനൊടുക്കിയ നിലയിൽ തിങ്കളാഴ്ച വൈകിട്ടാണ് കണ്ടെത്തിയത്. സുശാന്ത് സിങ്ങിനെ ബാന്ദ്രയിലെ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയിട്ട് ഞായറാഴ്ച 8 മാസം തികഞ്ഞു ദിവസങ്ങൾക്കുശേഷമാണ് സഹതാരത്തിന്റെ മരണം.

ഭാര്യയുമായി നിത്യവും വഴക്കിടാറുണ്ടെന്നും ഭാര്യയും ഭാര്യമാതാവും ചേർന്ന് തന്റെ ജീവിതം നരക തുല്യമാക്കിയെന്ന് മരണത്തിനു മുൻപ് താരം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ഈ പോസ്റ്റിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. ബോളിവുഡ് ലോബികളുടെ ഇടപെടലിനെത്തുർന്ന് അവസരം നഷ്ടപ്പെടുന്നതിനെക്കുറിച്ചും സന്ദേശത്തിൽ പറയുന്നുണ്ട്. അക്ഷയ്കുമാർ നായകനായ കേസരിയിലും ശ്രദ്ധേയമായ വേഷം ചെയ്തിട്ടുള്ള സന്ദീപ് ഏതാനും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ഹരിയാന സ്വദേശിയാണ്.