ചെന്നൈ: ഇന്ത്യ ഓസ്്‌ട്രേലിയ ക്രിക്കറ്റ് പരമ്പരയിൽ നെറ്റ് ബോളറായി എത്തി വിസ്മയങ്ങൾ സൃഷ്ടിച്ച ടി നടരാജന്റെ പിറകെ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ നെറ്റ് ബൗളർമാരുടെ പ്രധാന്യം വർധിച്ചിരിക്കുകയാണ്. നേരിട്ട് ടീമിലെത്തിയിലെങ്കിൽ നെറ്റ് ബൗളിങ്ങിലെ മികച്ച പ്രകടനം കൊണ്ട് വേണമെങ്കിൽ ടീമിൽ തന്നെ കയറിപ്പറ്റാം എന്നതാണ് നിലവിലെ സ്ഥിതി.ഇത്തരമൊരു അവസരമാണ് മലയാളി താരം സന്ദീപ് വാര്യർക്കും കൈവന്നിരക്കുന്നത്.ചെന്നൈയിൽ ഫെബ്രുവരി 5ന് തുടങ്ങുന്ന ഇന്ത്യ ഇംഗ്ലണ്ട് ആദ്യ ടെസ്റ്റിനു പ്രഖ്യാപിച്ച നെറ്റ് ബോളർ പട്ടികയിൽ സന്ദീപുമുണ്ട്. പക്ഷെ എല്ലാ പ്രതീക്ഷയും അസ്ഥാനത്താകുമൊ എന്ന ആശങ്കയിലാണ് ഇപ്പോൾ സന്ദീപ്.തമിഴ്‌നാട് കനിഞ്ഞാൽ മാത്രമാകും ഇത്തരത്തിലൊരു സുവർണ്ണാവസരം സന്ദീപിന് ലഭിക്കുക.

ടെസ്റ്റിന്റെ ക്യാംപിൽ പങ്കെടുക്കണമെങ്കിൽ ഈ മാസം 27 മുൻപ് ചെന്നൈയിൽ എത്തി കോവിഡ് പരിശോധന പൂർത്തിയാക്കിയ ശേഷം പ്രത്യേക ക്യാംപിൽ ( ബയോ ബബ്ബിൾ) പ്രവേശിക്കാനാണ് ബിസിസിഐ സന്ദീപിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.പക്ഷേ, മലയാളിയാണെങ്കിലും നിലവിൽ നടക്കുന്ന സയിദ് മുഷ്താഖ് അലി ട്വന്റി20 ടൂർണമെന്റിൽ തമിഴ്‌നാടിന്റെ ഓപ്പണിങ് സ്‌പെൽ ബോളറാണ് സന്ദീപ്. നോക്കൗട്ട് റൗണ്ടിൽ കടന്ന തമിഴ്‌നാടിന് സന്ദീപിനെ ഒഴിവാക്കി ബോളിങ് ലൈനപ്പ് ആലോചിക്കാൻ കഴിയില്ലെന്ന് ടീം മാനേജ്‌മെന്റ് വ്യക്തമാക്കിയതോടെ ഇന്ത്യൻ ടീമിനൊപ്പം ചേരുന്ന കാര്യം അനിശ്ചിതത്വത്തിലായി.

നിലവിൽ അഹമ്മദാബാദിൽ തുടരുന്ന തമിഴ്‌നാട് ടീം ടൂർണമെന്റ് ഫൈനലിൽ കടക്കുകയാണെങ്കിൽ ജനുവരി 31 വരെ സന്ദീപിന് അവിടെ തുടരേണ്ടി വരും. എന്നാൽ കോവിഡ് പ്രോട്ടോക്കോളുകൾ കർശനമായി പാലിക്കാൻ ബിസിസിഐ നിർദ്ദേശം നൽകിയിട്ടുള്ളതിനാൽ നിലവിൽ ജനുവരി 27നുള്ളിൽ സന്ദീപ് ചെന്നൈയിൽ എത്തി ബയോ ബബ്ബിളിൽ പ്രവേശിച്ചില്ലെങ്കിൽ അവസരം നഷ്ടപ്പെടുമെന്നുറപ്പാണ്. നിലവിൽ കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് തമിഴ്‌നാട് ടീമിനൊപ്പം ബയോ ബബ്ബിളിൽ തന്നെയാണ് സന്ദീപ്.

എന്നാൽ ഇത് ബിസിസിഐ അംഗീകരിക്കുമോ എന്നതിൽ വ്യക്തതയില്ല. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് സന്ദീപിന് ഇളവ് അനുവദിക്കണമെന്ന് തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷൻ ബിസിസിഐയോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അനുകൂല മറുപടി ലഭിച്ചിട്ടില്ല.