പാലക്കാട്: പാലക്കാട് ആർഎസ്എസ് പ്രവർത്തകനെ വെട്ടികൊലപ്പെടുത്തിയ കേസിൽ നിർണായക മൊഴിയുമായി ഭാര്യ അർഷിത. ഭർത്താവിനെ വെട്ടികൊലപ്പെടുത്തിയവരെ കണ്ടാൽ തിരിച്ചറിയാമെന്ന് സഞ്ജിത്തിന്റെ ഭാര്യ അർഷിത മാധ്യമങ്ങളോട് പഞ്ഞു. എവിടുത്തുകാരണെന്ന് അറിയില്ല. പക്ഷേ കണ്ടാൽ അറിയാമെന്ന് യുവത പറഞ്ഞു.

'രണ്ടു ദിവസം മുമ്പ് വീട്ടിൽ രണ്ടു പേർ വന്ന് സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. ഓഫീസിൽ നിന്ന് വിളിക്കുമ്പോൾ ഒരുപാട് സമയമൊന്നും അവിടെ നിൽക്കാൻ പറ്റില്ല, വേഗം വാ എന്ന് പറയുമായിരുന്നു. അഞ്ചുപേരാണ് ആക്രമണം നടത്തിയത്. സഞ്ജിത്തിനെ ആദ്യം വെട്ടിയശേഷം എന്നെ പിടിച്ച് വലിച്ച് അപ്പുറത്തേക്കിട്ടു. പിന്നീട് എല്ലാവരും കൂടി സഞ്ജിത്തിനെ വെട്ടുകയായിരുന്നു. എവിടുത്തുകാരണെന്ന് അറിയില്ല. പക്ഷേ കണ്ടാൽ അറിയാം'-അർഷിതയുടെ വാക്കുകൾ.

ഇന്നലെയാണ്, ആർഎസ്എസ് തേനാരി മണ്ഡൽ ബൗദ്ധിക് ശിക്ഷൺ പ്രമുഖ് എലപ്പുള്ളി എടുപ്പുകുളം സ്വദേശി സഞ്ജിത്ത് (27) കൊല്ലപ്പെട്ടത്. ഇന്നലെ രാവിലെ 8.45ന് ദേശീയ പാതയ്ക്ക് സമീപം മമ്പറത്തുവച്ചായിരുന്നു ആക്രമണം. സംഘത്തിലുണ്ടായിരുന്ന ഒരാൾ സഞ്ജിത്തിന്റെ ഭാര്യയെ ബലമായി തടഞ്ഞുനിറുത്തിയ ശേഷമാണ് കൊലപാതകം നടത്തിയത്. രാഷ്ട്രീയ സംഘർഷങ്ങളുടെ തുടർച്ചയെന്നാണ് പൊലീസ് സംശയിക്കുന്നത്. കൊലപാതകത്തിനു പിന്നിൽ എസ്.ഡി.പി.ഐയാണെന്ന് ബിജെപി പാലക്കാട് ജില്ലാ അദ്ധ്യക്ഷൻ കെ.എം.ഹരിദാസ് ആരോപിച്ചു. തലയിലേറ്റ ആഴത്തിലുള്ള വെട്ടാണ് മരണകാരണം. തലയിൽ മാത്രം ആറ് വെട്ടേറ്റു. ശരീരത്തിലാകെ 30 ലധികം വെട്ടുണ്ട്.

വീട്ടിൽ നിന്നിറങ്ങി 500 മീറ്റർ പിന്നിട്ടപ്പോൾ റോഡിലെ കുഴിയുള്ള ഭാഗത്തുവച്ച് ബൈക്കിന്റെ വേഗത കുറച്ചു. ആസമയം,അക്രമി സംഘം മാരുതി ആൾട്ടോ കാറിലിരുന്നുകൊണ്ടു ആദ്യം കൈയിൽ വെട്ടി. ദമ്പതികൾ നിലത്തുവീണപ്പോൾ സംഘം കാറിൽ നിന്നിറങ്ങി. ഒരാൾ ഭാര്യയെ മാറ്റിനിറുത്തി. മറ്റു നാലുപേർ വളഞ്ഞുനിന്ന് തലങ്ങും വിലങ്ങും വെട്ടി. കൈകൾക്കും കാലിനും തലയ്ക്കും ഗുരുതര പരിക്കേറ്റ് തൽക്ഷണം മരിച്ചു. കൈവിരൽ അറ്റിരുന്നു. മരണം ഉറപ്പാക്കിയ ശേഷമാണ് അക്രമികൾ മടങ്ങിയത്. ഓടിക്കൂടിയവർ ഓട്ടോറിക്ഷയിലാണ് സഞ്ജിത്തിനെ ജില്ലാ ആശുപത്രിയിൽ എത്തിച്ചത്.

സഞ്ജിത്തിന്റെ ശ്വാസം നിലച്ച വിവരം വൈകിയറിഞ്ഞ ആളും അർഷികയാണ്. വൈകിട്ട് ആറരയോടെ സഞ്ജിത്തിന്റെ മൃതദേഹം എത്തിച്ചതോടെ അലമുറയിട്ട് കരയുന്ന അർഷികയും മറുവശത്ത് ഒന്നു മറിയാതെയുള്ള കളിക്കുന്ന ഒമ്പത് മാസം പ്രായമുള്ള കുഞ്ഞും കണ്ടുനിന്നവർക്കെല്ലാം പൊള്ളുന്ന കാഴ്ചയായി. സ്വന്തം കൺമുന്നിലിട്ട് തലങ്ങും വിലങ്ങും വെട്ടിയതിന്റെ വേദനയാണ് കാണുന്ന ഓരോരുത്തരോടും അർഷിക കരഞ്ഞു പറയുന്നത്.ഏതാണ്ട് മുപ്പതിൽ അധികം വെട്ടുകളാണ് സഞ്ജിത്തിന്റെ ദേഹത്തുണ്ടായിരുന്നത്. അർഷികയെ മാറ്റി നിറുത്തിയ ശേഷമായിരുന്നു സഞ്ജിത്തിനെ വെട്ടിയത്. ഒടുവിൽ മരണം ഉറപ്പാക്കിയ ശേഷമായിരുന്നു അക്രമികൾ മടങ്ങിയതും.