ന്യൂഡൽഹി: ആർ എസ് എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകക്കേസിൽ എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. ഡൽഹിയിലെ അമിത് ഷായുടെ വസതിയിലായിരുന്നു കൂടിക്കാഴ്‌ച്ച.

കേന്ദ്ര മന്ത്രി വി മുരളീധരനും സുരേന്ദ്രനൊപ്പം കൂടിക്കാഴ്ചയിൽ പങ്കെടുത്തു. സംസ്ഥാന സർക്കാരും പൊലീസും ചേർന്ന് സഞ്ജിത്ത് കേസിലെ പ്രതികളെ സംരക്ഷിക്കാൻ ശ്രമിക്കുകയാണെന്നും എൻഐഎ അന്വേഷണം വേണമെന്നും സുരേന്ദ്രൻ കേന്ദ്രമന്ത്രിയോട് ആവശ്യപ്പെട്ടു. തൃശൂർ സിപിഎം ഭരിക്കുന്ന കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്കിലെ കോടികളുടെ തട്ടിപ്പിൽ സിബിഐ അന്വേഷണം നടത്തണമെന്നും ബിജെപി അധ്യക്ഷൻ കേന്ദ്രമന്ത്രിയോട് അഭ്യർത്ഥിച്ചു.

അതിനിടെ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ പോപ്പുലർ ഫ്രണ്ട് ഭാരവാഹി അറസ്റ്റിലായി. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തയാളാണ് അറസ്റ്റിലായത്. സഞ്ജിത്തിന്റെ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത അഞ്ച് പേരിൽ ഒരാളാണ് അറസ്റ്റിലായത്. പ്രതിയുടെ തിരിച്ചറിയൽ പരേഡ് നടത്തേണ്ടതിനാൽ പേരും വിലാസവും ചിത്രവും പുറത്തുവിടാനാവില്ലെന്നും മുഴുവൻ പ്രതികളുടെയും അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും പാലക്കാട് ജില്ലാ പൊലീസ് മേധാവി ആർ വിശ്വനാഥ് പറഞ്ഞു.

കൊലപാതകത്തിൽ പങ്കെടുത്ത മറ്റ് പ്രതികളെക്കുറിച്ചുള സൂചന പൊലീസിന് ലഭിച്ചിട്ടുണ്ട്. ചോദ്യം ചെയ്യാനായി കൂടുതൽപ്പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മറ്റ് പ്രതികളുടെ അറസ്റ്റ് വരും ദിവസങ്ങളിൽ ഉണ്ടാകുമെന്നാണ് പൊലീസ് നല്കുന്ന വിവരം. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ 8.45ന് മമ്പറത്ത് വച്ചാണ് സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്.