മുംബൈ: ഇന്ത്യ ശ്രീലങ്ക ക്രിക്കറ്റ് പരമ്പരയ്ക്ക് ഞായറാഴ്ച തുടക്കം കുറിക്കാനിരിക്കെ മലയാളി താരം സഞ്ജു സാംസണിന് ഇന്ത്യൻ ജഴ്‌സിയിൽ തന്റെ പ്രതിഭയോട് നീതി പുലർത്താൻ കഴിഞ്ഞിട്ടില്ലെന്ന നിരീക്ഷണവുമായി മുൻ ഇന്ത്യൻ ഓപ്പണർ വസീം ജാഫർ. സ്ഥിരതയില്ലായ്മയാണു സഞ്ജുവിന്റെ മറ്റൊരു പ്രശ്‌നമെന്നും ജാഫർ അഭിപ്രായപ്പെട്ടു.

'എനിക്ക് ഏറെ പ്രതീക്ഷയുള്ള താരങ്ങളിൽ ഒരാളാണു സഞ്ജു. സഞ്ജു നന്നായി കളിച്ചു കാണണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. എന്നാൽ ഇന്ത്യയ്ക്കായി കളിക്കുമ്പോൾ തന്റെ പ്രതിഭയോടു നീതി പുലർത്താൻ സഞ്ജുവിനു കഴിഞ്ഞിട്ടില്ലെന്നാണ് എനിക്കു തോന്നുന്നത്. ഐപിഎല്ലിൽ സഞ്ജു റൺസ് അടിച്ചു കൂട്ടിയിട്ടുണ്ടെന്ന കാര്യത്തിൽ എനിക്കു തർക്കമില്ല. പക്ഷേ, സ്ഥിരതയില്ലായ്മ എന്ന ടാഗ് സഞ്ജുവിനൊപ്പം ചേർത്തു വായിക്കപ്പെടുന്നതായി തോന്നുന്നു.

ചില ഇന്നിങ്‌സുകളിൽ സഞ്ജു തകർത്തടിക്കും, അതിനുശേഷമുള്ള കുറച്ചു കളികളിൽ കുറഞ്ഞ സ്‌കോറിനു പുറത്താകുന്നു. അതിനു ശേഷം വീണ്ടും റൺസ് നേടുന്നു. ഈ ആരോപണം മാറ്റിയെടുക്കാൻ സഞ്ജുവിനു കഴിയണം. കഴിഞ്ഞ സീസണിൽ രാജസ്ഥാൻ റോയൽസിനെ നയിച്ചപ്പോൾ സഞ്ജുവിൽ ചില മാറ്റങ്ങൾ കണ്ടു.

ചില കളികളിൽ തികഞ്ഞ ഉത്തരവാദിത്തത്തോടെ സഞ്ജു ബാറ്റു ചെയ്യുകയും ചെയ്തു. ഈ പ്രകടനമാണു സഞ്ജുവിൽനിന്ന് എല്ലാവരും പ്രതീക്ഷിക്കുന്നത്. കാരണം, അതാണു സഞ്ജുവിന്റെ മികവ്, ജാഫർ പറഞ്ഞു'. 2015ൽ രാജ്യാന്തര അരങ്ങേറ്റം കുറിച്ച സഞ്ജുവിനു ഇതുവരെ 7 ട്വന്റി20 മത്സരങ്ങളിൽ മാത്രമാണു കളിക്കാനായത്.

നീണ്ട ഇടവേളയ്ക്ക് ശേഷം പ്ലേയിങ് ഇലവനിൽ സഞ്ജു ഇടം പിടിക്കുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ. സഞ്ജുവിന് കടുത്ത വെല്ലുവിളി ഉയർത്തി ഝാർഖണ്ഡ് താരം ഇഷാൻ കിഷനും ഇന്ത്യൻ നിരയിലെത്താൻ പരിഗണനയിലുണ്ട്. സഞ്ജുവിന് ടീമിൽ ഇടം നൽകണമെന്ന് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

ഇരുവരും ഇതുവരെ ഏകദിന മത്സരങ്ങളിൽ ഇന്ത്യക്കായി കീപ്പറുടെ ഗ്ലൗസ് അണിഞ്ഞിട്ടില്ല. ടി20 മത്സരം മാത്രമാണ് കളിച്ചിട്ടുള്ളത്. ഇന്ത്യൻ ജേഴ്സിയിൽ ഇതുവരെ ഏഴ് ടി20 മത്സരങ്ങളാണ് സഞ്ജു കളിച്ചത്. ഇക്കഴിഞ്ഞ ന്യൂസിലൻഡ്- ഓസ്ട്രേലിയൻ പര്യടനങ്ങളിൽ സഞ്ജു ഉണ്ടായിരുന്നു. എന്നാൽ സ്ഥിരതയോടെ കളിക്കാൻ താരത്തിനായില്ല. ഇതോടെ സ്ഥാനവും തെറിച്ചു.

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലാണ് കിഷൻ അരങ്ങേറിയത്. അരങ്ങേറ്റത്തിൽ 56 റൺസ് നേടാനും കിഷന് സാധിച്ചിരുന്നു. ആരെ തിരഞ്ഞെടുക്കണമെന്നുള്ളത് പരിശീലകൻ രാഹുൽ ദ്രാവിഡിനും ക്യാപ്റ്റൻ ശിഖർ ധവാനും തലവേദനയാവുമെന്നതിൽ സംശയമൊന്നുമില്ല.

എന്നാൽ സഞ്ജുവിന് ഇനിയും അവസരം നൽകണമെന്നാണ് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ് പറയുന്നത്. ''വിക്കറ്റ് കീപ്പറെ തിരഞ്ഞെടുക്കുകയെന്നത് ടീം മാനേജ്മെന്റിന് ബുദ്ധിമുട്ടുള്ള കാര്യമായിരിക്കും. ആറ് മത്സരങ്ങൾ മാത്രമാണ് ഇന്ത്യക്ക് കളിക്കാനുള്ളത്. വലിയൊരു സ്‌ക്വോഡും അവർക്ക് മുന്നിലുണ്ട്. എന്നാൽ സഞ്ജു സാംസൺ കളിക്കുമെന്നാണ് ഞാൻ കരുതുന്നത്.

രണ്ട് വർഷമായി അദ്ദേഹം ഇന്ത്യൻ ടീമിനൊപ്പമുണ്ട്. ന്യൂസിലൻഡിലും ഓസ്ട്രേലിയയിലും അദ്ദേഹം കളിച്ചു. ഈ പരിചയസമ്പത്ത് പരിഗണിച്ച് സഞ്ജുവിന് അവസരം നൽകണം. ആദ്യത്തെ രണ്ട് ഏകദിനത്തിലും സഞ്ജുവിനെ കളിപ്പിക്കണം.'' കൈഫ് വ്യക്തമാക്കി.

ധവാനൊപ്പം പൃഥ്വി ഷാ ഓപ്പൺ ചെയ്യണമെന്നും കൈഫ് വ്യക്തമാക്കി. ''പൃഥ്വി ഷാ ഇന്നിങ്സ് ഓപ്പൺ ചെയ്യണം. സൂര്യകുമാർ യാദവ് മികച്ച ഫോമിലാണ്. ഹാർദിക് പാണ്ഡ്യയും ടീമിനൊപ്പമുണ്ട്. അദ്ദേഹത്തിന് ഈ പരമ്പര വളരെയേറെ പ്രധാനപ്പെട്ടതാണ്. ടീമിലെ പ്രധാനതാരം ഹാർദിക്കാണ്. അദ്ദേഹം പന്തെടുക്കുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു.'' കൈഫ് പറഞ്ഞുനിർത്തി.

മൂന്ന് ഏകദിനങ്ങളാണ് പരമ്പരയിലുള്ളത്. ശേഷം മൂന്ന് ടി20 മത്സരങ്ങൾ അടങ്ങുന്ന പരമ്പരയിലും ഇന്ത്യൻ ടീം കളിക്കും.