തിരുവനന്തപുരം: ഇ. ശ്രീധരന് പകരം സഞ്ജു സാംസണെ കേരളത്തിന്റെ പ്രതീകമായി തെരഞ്ഞെടുത്തു. ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസുകളിൽനിന്ന് അദ്ദേഹത്തിന്റെ പടങ്ങൾ നീക്കണമെന്നു മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ നിർദ്ദേശം നൽകി. ബിജെപിയിൽ ഔദ്യോഗിക അംഗത്വം സ്വീകരിച്ചതിനാലാണ് ഇ ശ്രീധരനെ തൽസ്ഥാനത്ത് നിന്നും മാറ്റിയത്.അതേസമയം കെ എസ് ചിത്ര തൽസ്ഥാനത്ത് തുടരും.

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പു കാലത്താണ് ശ്രീധരനെയും ഗായിക കെ.എസ്. ചിത്രയെയും പ്രതീകങ്ങളായി തിരഞ്ഞെടുത്തത്.തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്താനും തിരഞ്ഞെടുപ്പ് പ്രക്രീയയുമായി പരമാവധി സഹകരണം ഉറപ്പാക്കാനുമാണ് പ്രമുഖ വ്യക്തികളെ ഇങ്ങനെ തിരഞ്ഞെടുക്കുന്നത്. ചിത്രയോടും ശ്രീധരനോടും അനുവാദം തേടിയിട്ടാണ് അന്ന് കമ്മിഷൻ ഇവരെ ഉൾപ്പെടുത്തിയിരുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിലും ഇവരെ പ്രതീകങ്ങളാക്കാനും തീരുമാനിച്ചിരുന്നു.

ശ്രീധരൻ ബിജെപിയിൽ ചേർന്ന സാഹചര്യത്തിലാണു തീരുമാനമെന്നു കമ്മിഷൻ അറിയിച്ചു. ശ്രീധരൻ ബിജെപിയിൽ ചേർന്നതോടെ നിഷ്പക്ഷ വ്യക്തിത്വമായി കണക്കാക്കാനാകില്ലെന്നാണ് കമ്മിഷന്റെ നിലപാട്. ഒരു രാഷ്ട്രീയ പാർട്ടിയിൽ ചേർന്നാൽ അവരെ പ്രതീകങ്ങൾ എന്നതിൽനിന്നു മാറ്റുക എന്നതു സാധാരണ നടപടിക്രമം മാത്രമാണെന്നും കമ്മിഷൻ വിശദീകരിച്ചു.