കൊച്ചി: ഗൃഹനാഥനെ കഴുത്തു ഞെരിച്ച് കൊന്ന ഭാര്യയും മകളും കുടുങ്ങാൻ കാരണം ആശുപത്രിയിലെ ജാഗ്രത. തമിഴ്‌നാട് സ്വദേശികളായ സെൽവി മകൾ ആനന്ദി എന്നിവരാണ് അറസ്റ്റിലായത്. കൊച്ചി കടവന്ത്രറ പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഷൂ ലെയ്‌സിനായിരുന്നു ഇവർ ഗൃഹനാഥനെ കൊന്നത്.

കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം ഉണ്ടായത്. തമിഴ്‌നാട് സ്വദേശിയായ ശങ്കറിനെ മരിച്ച നിലയിൽ വീട്ടിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് സെൽവിയും മകൾ ആനന്ദിയും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. പരിശോധനയിൽ കഴുത്ത് ഞെരിച്ചതായി ഡോക്ടർക്ക് സംശയം തോന്നിയതിനേ തുടർന്ന് പൊലീസിനെ വിവരം അറിയിച്ചു. ഇതാണ് നിർണ്ണായകമായത്. തുടർന്ന് രണ്ടു പേരും കുറ്റം സമ്മതിച്ചു.

ശങ്കർ സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തി വഴക്കിടുമായിരുന്നുവെന്ന് ഇവർ പൊലീസിന് മൊഴി നൽകി. ഈ സാഹചര്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ഇവർ പൊലീസിനേട് പറഞ്ഞത്. തമിഴ്‌നാട് സ്വദേശികളായ ഇവർ 10 വർഷമായി കൊച്ചിയിലാണ് താമസം. വിവിധ ജോലികൾ ചെയ്തുവരികയാണ്. കൊലപാതകം അടക്കമുള്ള വകുപ്പുകളാണ് ഇവർക്കെതിരേ ചുമത്തിയിരിക്കുന്നത്.

കടവന്ത്ര മുട്ടത്ത് ലെയ്നിലാണ് ഡിണ്ടിഗൽ സ്വദേശിയായ ശങ്കറും(46) കുടുംബവും താമസിച്ചിരുന്നത്. ഭാര്യ സെൽവി (44), മകൾ ആനന്ദി (22) എന്നിവർ സംഭവത്തെ കുറിച്ചു പൊലീസ് പറയുന്നത്: 12നു രാത്രിയാണു സംഭവം. മദ്യലഹരിയിൽ വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന ശങ്കറിന്റെ കൈകൾ കട്ടിലിൽ കെട്ടിവച്ച ശേഷം സെൽവിയും ആനന്ദിയും ചേർന്നു ഷൂ ലെയ്‌സ് കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു.

അനങ്ങാതായപ്പോൾ മകനെ വിളിച്ചു വരുത്തി എറണാകുളം ജനറൽ ആശുപത്രിയിൽ കൊണ്ടുപോയി. മരിച്ച നിലയിലാണ് ആശുപത്രിയിൽ എത്തിയത്. അസ്വാഭാവിക മരണത്തിനു കടവന്ത്ര പൊലീസ് കേസെടുത്തിരുന്നു. ഇൻക്വസ്റ്റ് സമയത്ത് ശങ്കറിന്റെ കഴുത്തിലെ പാട് കണ്ടു സംശയം തോന്നിയതാണു കൊലപാതകം തെളിയാൻ കാരണമായത്.

തുടർന്നു സെൽവിയെയും മകളെയും ചോദ്യം ചെയ്തപ്പോൾ കൊലപ്പെടുത്തിയതാണെന്നു സമ്മതിച്ചു. മദ്യപിച്ചുള്ള ശല്യം സഹിക്കാൻ കഴിയാത്തതാണു കൊലപാതകത്തിനു പ്രേരിപ്പിച്ചതെന്നും ഇരുവരും മൊഴി നൽകി. കടവന്ത്ര ഭാഗത്ത് കൂലിപ്പണികൾ ചെയ്യുന്നവരാണു ശങ്കറും കുടുംബവും. ഡോക്ടറുടെ പരിശോധനയിൽ കഴുത്തിൽ ചെറിയ മുറിവ് ശ്രദ്ധയിൽപ്പെട്ടു. പോസ്റ്റുമോർട്ടത്തിൽ മരണകാരണം ശ്വാസംമുട്ടിയാണെന്നും കണ്ടെത്തി. ഇതോടെയാണ് സെൽവിയെയും മകളെയും ചോദ്യം ചെയ്തത്.