'നിങ്ങളോ എല്ലാവരും സഹോദരന്മാർ' എന്ന വിശുദ്ധ മത്തായിയുടെ സുവിശേഷം ആപ്തവാക്യമാക്കിയുള്ള പോപ്പിന്റെ സന്ദർശനത്തിന് ഇറാഖിലെ നിലവിലെ സാഹചര്യത്തിൽ പ്രസക്തിയേറെയാണ്. നൂറ്റാണ്ടിലെ യാത്ര'യെന്നു വിശേഷിപ്പിച്ചാണ് മാർച്ച് അഞ്ചിന് തുടങ്ങി എട്ടു വരെ നീണ്ട ഈ സന്ദർശനത്തെ ലോകം ഉറ്റുനോക്കിയത്. യുദ്ധം വരുത്തിയ കെടുതികളിൽനിന്നും ഇനിയും മോചനമില്ലാതെ കഴിയുന്ന ഇറാഖി ജനതക് ആശ്വാസവചനങ്ങളുമായി 84കാരൻ മാർപാപ്പ എത്തിച്ചേർന്നപ്പോൾ അബ്രഹാമിന്റെ ജന്മനാട്ടിൽ ചരിത്രത്തിലാദ്യമായി ഒരു മാർപാപ്പയെത്തിയിരിക്കുന്നു എന്ന വിശേഷണത്തിനും ഉടമയായി.

പൂർവപിതാവായ അബ്രഹാമിന്റെ ജന്മസ്ഥലമെന്നു ക്രിസ്ത്യാനികളും മുസ്ലിംകളും യഹൂദരും വിശ്വസിക്കുന്ന ദക്ഷിണ ഇറാഖിലെ ഉർ സന്ദർശിച്ച മാർപാപ്പ അവിടെ സർവമത സമ്മേളനത്തിലും പങ്കെടുത്തു. തുർക്കി, ജോർദാൻ, ഈജിപ്ത്, ബംഗ്ലാദേശ്, അസർബെയ്ജാൻ, യു എ ഇ, ഫലസ്തീൻ എന്നീ മുസ്ലിം രാജ്യങ്ങൾ സന്ദർശിച്ചതിന്റെ തുടർച്ചയാണ് ഫ്രാൻസിസ് മാർപാപ്പയുടെ ഇറാക്ക് സന്ദർശനം. അധികാരമേറ്റ ശേഷം ഫ്രാൻസിസ് മാർപാപ്പ നടത്തുന്ന 33ാമത് വിദേശയാത്രയാണിത്. കോവിഡ് മൂലം കഴിഞ്ഞ 15 മാസത്തത്തിനിടയിൽ ആദ്യത്തേതും. മാർപാപ്പയോടൊപ്പം അദ്ദേഹത്തിന്റെ അനുചരന്മാരും, സുരക്ഷാസേനയും 75 മാധ്യമപ്രവർത്തകരും ഉണ്ടായിരുന്നു.

ആദ്യം ബ്രിട്ടിഷ് ഭരണത്തിലും പിന്നീട് ഫൈസൽ രാജാവിന്റെ കീഴിലും ഇറാഖ് രൂപീകൃതമാമായതിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ചാണ് മാർപാപ്പയുടെ സന്ദർശനം എന്ന പ്രത്യകതയുമുണ്ട്. ഷിയാ ആത്മീയാചാര്യൻ ഗ്രാൻഡ് ആയത്തുല്ല അലി അൽ സിസ്താനിയെ സന്ദർശിച്ച ശേഷമാണു എൺപത്തിനാലുകാരനായ മാർപാപ്പഉറിലെത്തിയത്. അൽസിസ്താനി വാടകയ്ക്കു താമസിക്കുന്ന ലളിത സൗകര്യങ്ങളുള്ള വസതിയിലായിരുന്നു കൂടിക്കാഴ്ച. ഇറാഖിന്റെ പ്രശ്‌നകാലത്തു ന്യൂനപക്ഷങ്ങൾക്കു വേണ്ടി നിലകൊണ്ടതിന് അൽ സിസ്താനിയെ മാർപാപ്പ നന്ദി അറിയിച്ചു. ഇറാഖിലെ പുണ്യനഗരമായ നജഫിലെ സിസ്താനിയുടെ വീട്ടിലായിരുന്നു ചരിത്രപരമായ കൂടിക്കാഴ്ച .''സമാധാനത്തിന്റയും അനുരഞ്ജനത്തിന്റയും തീർത്ഥാടകനായാണഞാൻ ഇറാഖിലേക്ക് വരുന്നത്'' എന്ന പോപ്പിന്റെ പ്രസ്താവന ഷിയാ നേതാവിനും ഏറെ ഇഷ്ടപ്പെട്ടു.

2010-ൽ കുർബാനയ്ക്കിടെ ഐ. എസ്. തീവ്രവാദികൾ തകർക്കുകയും 58 പേരെ വധിക്കുകയുംചെയ്ത ബാഗ്ദാദിലെ രക്ഷാമാതാ ദേവാലയത്തിലും പാപ്പയെത്തി. അബ്രഹാമിന്റെ ജന്മദേശമായ ഉർ നഗരത്തിൽ ഭൂരിപക്ഷ മുസ്ലിങ്ങൾക്കൊപ്പം ക്രിസ്ത്യൻ, യസീദി, മറ്റ് ന്യൂനപക്ഷങ്ങൾ എന്നിവരുടെ പ്രതിനിധികൾ പങ്കെടുത്ത സർവമത സമ്മേളനമായിരുന്നു പ്രധാനപ്പെട്ട മറ്റൊരു അജൻഡ. 2019-ൽ മാർപാപ്പ തുടക്കമിട്ട, കത്തോലിക്കരും ഇസ്ലാമിക സമൂഹവുമായുള്ള സർവമതചർച്ചയുടെ തുടർച്ചയാണിത്.

ഇറാഖിൽ ഏറ്റവും കൂടുതൽ ക്രിസ്ത്യാനികളുള്ള നിനെവയിലെ കാരക്കോഷ് നഗരവും ബാഗ്ദാദ്, മോസുൾ നഗരങ്ങളും മാർപാപ്പ സന്ദർശിച്ചു.പതിറ്റാണ്ടുകളായി അൽ ഖായിദയുടെയും ഇസ്ലാമിക് സ്റ്റേറ്റിന്റെയും ക്രൂരതകളേറ്റുവാങ്ങി മരവിച്ചുപോയ ഇറാഖിലെ ന്യൂനപക്ഷത്തിന് മാർപാപ്പയുടെ സന്ദർശനം നൽകുന്ന സന്ദേശം ചെറുതല്ല. ജനസംഖ്യയുടെ 70 ശതമാനവും ഷിയാ മുസ്ലിങ്ങളുള്ള ഇറാഖിൽ ക്രിസ്ത്യാനികൾ വെറും ഒരു ശതമാനം മാത്രമാണ്. 2003-ൽ സദ്ദാം ഭരണകൂടത്തിനെതിരേ യു.എസ് നടത്തിയ അധിനിവേശത്തിനുമുമ്പ് ഇറാഖിൽ 16 ലക്ഷമുണ്ടായിരുന്ന ക്രിസ്ത്യാനികളുടെ അംഗബലം ഇപ്പോൾ രണ്ടരലക്ഷത്തിൽത്താഴെ മാത്രം.

അതിൽ 67 ശതമാനവും കൽദായ വിഭാഗക്കാർ.സദ്ദാം ഭരണകൂടത്തിന്റെ തകർച്ചയും അൽ ഖായിദയുടെയും ഐ.എസിന്റെയും ഉദയവും ഇറാഖിലെ ക്രിസ്ത്യാനികളുടെ ജീവിതം നരകതുല്യമാക്കി. വടക്കൻ ഇറാഖിലെ കുർദിഷ് മേഖലയിലേക്കും അയൽരാജ്യങ്ങളായ ലബനൻ, ജോർദാൻ, തുർക്കി എന്നിവിടങ്ങളിലേക്കും അവർ പലായനംചെയ്തു. ശേഷിച്ചവരെ ഐ.എസ്. നിർബന്ധിത മതംമാറ്റത്തിനു വിധേയരാക്കി.വിസമ്മതിച്ചവരുടെ തലവെട്ടി, സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്തു. 2003-നുശേഷം 58 ക്രിസ്ത്യൻ പള്ളികളാണ് ഇറാഖിലുടനീളം തകർക്കപ്പെട്ടത്രാജ്യത്തുടനീളം ക്രിസ്തീയ പുരോഹിതർ വേട്ടയാടപ്പെട്ടു. യസീദികളടക്കമുള്ള മറ്റു ന്യൂനപക്ഷങ്ങളെയും ഐ.എസ്. വേട്ടയാടി. യഹൂദന്മാരാകട്ടെ വിരലിലെണ്ണാവുന്നവർ മാത്രമാണ് ഇന്ന് ഇറാഖിലവശേഷിക്കുന്നത്.

ഫ്രാൻസിസ് മാർപാപ്പയുടെയും സാഫല്യമാണ് ഈ യാത്ര. മുൻഗാമികളായ വിശുദ്ധ ജോൺ പോൾ രണ്ടാമനും ബെനഡിക്ട് പതിനാറാമനും കഴിയാതെ പോയത്. ഉർ നഗരത്തിൽനിന്ന് തുടങ്ങുന്ന ഇറാഖ്, ഈജിപ്ത്, ഇസ്രയേൽ യാത്ര ജോൺ പോൾ രണ്ടാമന്റെ സ്വപ്നമായിരുന്നെങ്കിലും 2000-ത്തിൽ സദ്ദാം ഭരണകൂടവുമായിനടന്ന ചർച്ച പരാജയപ്പെട്ടതോടെ നിരാശനായി. 2008-ൽബെനഡിക്ട് പതിനാറാമനെ ഇറാഖിലേക്ക് പ്രധാനമന്ത്രി ക്ഷണിച്ചെങ്കിലും യുദ്ധം ആ യാത്രയും തടസ്സപ്പെടുത്തി. ഫ്രാൻസിസ് മാർപാപ്പയുടെ സന്ദർശനം ഏറെ പ്രതീക്ഷകൾ നൽകുന്നത് തന്നെയാണ്. ഇറാക്കിൽ 1450 കിലോമീറ്റർ സഞ്ചരിച്ച മാർപാപ്പ വത്തിക്കാനിലേക്ക് മടങ്ങിയത് ഏറെ പ്രതീക്ഷകൾ നൽകിയാണ്. നാല് ദിവസത്തെ സന്ദർശനം ഏറെ ഫലപ്രദമായി.