തിരുവനന്തപുരം: സ്വന്തം ജീവിതപ്രാരാബ്ദങ്ങൾക്ക് നടുവിലും സമാനതകളില്ലാത്ത കാരുണ്യപ്രവർത്തനങ്ങൾ നടത്തിയ ശ്രീകാര്യം സ്വദേശി സന്തോഷ് ഇന്ന് സ്വന്തം ജീവിതം മുന്നോട്ട് കൊണ്ടുപോകാനാകാതെ ദുരിതത്തിലാണ്.

ഓട്ടോ ഡ്രൈവറായിരുന്ന സന്തോഷ് ക്യാൻസർ രോഗികൾക്ക് 10 കിമി വരെ സൗജന്യ യാത്ര നൽകിയിരുന്നു. 199 തവണ രക്തദാനം നടത്തിയ സന്തോഷിനെ സംസ്ഥാന സർക്കാർ വരെ അഭിനന്ദിച്ചു. നിർധനരായ രോഗികൾക്കായി സ്വന്തം കരൾ പകുത്ത് നൽകാനും വൃക്ക ദാനം ചെയ്യാനും സന്തോഷ് തയ്യാറായി. സന്തോഷിനൊപ്പം അദ്ദേഹത്തിന്റെ ഭാര്യയും കരൾ നൽകിയിരുന്നു. ഇവരെ മാതൃകാ ദമ്പതികളായി അംഗീകരിച്ച് സംസ്ഥാന സർക്കാരും നിരവധി സംഘടനകളും ആദരിച്ചിരുന്നു.

കടുത്ത മോഹൻലാൽ ഫാനായ സന്തോഷ് അദ്ദേഹത്തിന്റെ ആഹ്വാനം ഏറ്റെടുത്തായിരുന്നു അവയവദാനത്തിന് തയ്യാറായത്. ഇതറിഞ്ഞ മോഹൻലാൽ അദ്ദേഹത്തെ നേരിട്ട് കണ്ട് അഭിനന്ദിച്ചിരുന്നു. ജീവിതത്തിലെ അമൂല്യ നിമിഷങ്ങളായാണ് സന്തോഷ് ആ നിമിഷങ്ങളെ കാണുന്നത്. സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ സന്തോഷിന്റെ അതുല്യമായ പ്രവർത്തനങ്ങളെ ശ്ലാഘിച്ച് രംഗത്തെത്തിയെങ്കിലും ആ അഭിനന്ദനങ്ങളല്ലാതെ നിർധനനായ സന്തോഷിനെ സഹായിക്കാൻ ആരും മുന്നോട്ടു വന്നില്ല. ഇന്ന് വൃക്കരോഗ ബാധിതനായി വിശ്രമത്തിലായ സന്തോഷിന്റെ അമ്മയും 10 വയസുകാരൻ മകനും മാത്രമുള്ള കുടുംബം പട്ടിണിയിലാണ്.

സ്‌കൂൾ വിദ്യാർത്ഥിയായ മകൻ അഭിജിത്തിന് ഓൺലൈൻ ക്ലാസിന് പോലും സൗകര്യമൊരുക്കാൻ ഈ നിസഹായനായ പിതാവിന് കഴിയുന്നില്ല. സ്‌കൂളിൽ നിന്നും സൗജന്യമായി നൽകിയ ടെലിവിഷന് ഡിഷ് വാങ്ങാൻ അഭിജിത്ത് കയറിയിറങ്ങാത്ത പാർട്ടി ഓഫീസുകളില്ല, കാണാത്ത നേതാക്കളില്ല. ആരും കനിഞ്ഞില്ല. ഒടുവിൽ ആ ടിവി ഉപയോഗിക്കാതെ കേടാകുകയായിരുന്നു. ഈ വർഷവും കഴിഞ്ഞ തവണത്തെ പോലെ ക്ലാസുകൾ മുടങ്ങരുതെന്ന് കരുതി രണ്ടും കൽപ്പിച്ചാണ് അഭിജിത്ത് ശ്രീകാര്യം എസ്ഐ ബിനോദ് കുമാറിനെ വിളിക്കുന്നത്. ആവശ്യമറിഞ്ഞ ബിനോദ് കുമാർ തിരക്കുകൾക്കിടയിലും അഭിജിത്തിനെ കുറിച്ച് അന്വേഷിച്ചു.

വാടകയ്ക്ക് താമസിക്കുന്ന അവർ ആ പ്രദേശത്ത് ആദ്യമായതിനാൽ നാട്ടുകാർക്ക് അങ്ങനെയൊരാളെ പറ്റി അറിയാമായിരുന്നില്ല. രണ്ട് തവണ വീടന്വേഷിച്ച് വന്നപ്പോളും വീട്ടിൽ ആളുണ്ടായിരുന്നില്ല. ഇതൊക്കെയായപ്പോൾ പൊലീസുകാർക്ക് സംശയമുണർന്നെങ്കിലും ഒടുവിലവർ അഭിജിത്തിനെ കണ്ടെത്തി. അവന്റെ കഥയറിഞ്ഞപ്പോൾ പിന്നെ സമയം പാഴാക്കിയില്ല. ഉടൻ തന്നെ, അതായത് അഭിജിത്ത് പൊലീസിനെ വിളിച്ച് 24 മണിക്കൂറുകൾക്കുള്ളിൽ ഫോൺ വീട്ടിലെത്തി. ശ്രീകാര്യം എസ്എച്ച്ഒ അവിനാശ് ഡേവിഡിന്റെ നേതൃത്വത്തിൽ എസ്ഐമാരായ ബിനോദ് കുമാർ, പ്രശാന്ത്, ഗ്രേഡ് എസ്ഐ അനിൽ പുത്തേരി, അസിസ്റ്റന്റ് എസ്ഐമാരായ ഉല്ലാസ്, രാജേഷ്, എസ്സിപിഒ സുനിൽകുമാർ എന്നിവരാണ് നേരിട്ടെത്തി ഫോൺ കൈമാറിയത്.

'തങ്ങൾക്ക് എന്നും പൊലീസുകാരാണ് തണലായിട്ടുള്ളത്'' സന്തോഷ് പറയുന്നു. 'മുമ്പ് ശ്രീകാര്യം സ്റ്റേഷനിൽ നിന്ന് ഞങ്ങൾക്ക് മാസം 3000 രൂപ വീതം പൊലീസുകാർ എത്തിച്ചുതന്നിരുന്നു. ആ പണമായിരുന്നു അന്ന് ഞങ്ങളുടെ ജീവൻ നിലനിർത്തിയിരുന്നത്. പലപ്പോഴും ചികിൽസയ്ക്ക് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോകുമ്പോൾ തിരിച്ചുവരാനുള്ള വണ്ടിക്കാശ് തന്നിരുന്നത് മെഡിക്കൽ കോളേജ് എസ്ഐ ആയിരുന്നു. ഇന്നിപ്പോൾ എന്റെ മോന് പഠിക്കാനുള്ള ഫോൺ വാങ്ങിത്തന്നതും ശ്രീകാര്യം സ്റ്റേഷനിലെ പൊലീസുകാർ.' പറയുമ്പോൾ സുരേഷിന്റെ കണ്ഠമിടറുന്നുണ്ട്.

ഡയാലിസിസ് ആരംഭിച്ചാൽ മുടങ്ങാതെ ചെയ്യാനുള്ള പണമില്ലാത്തതുകൊണ്ട് ഇതുവരെ ഡയാലിസിസ് ചെയ്തിട്ടില്ലെന്ന് സന്തോഷ് പറയുന്നു. വൃക്ക മാറ്റി വയ്ക്കാൻ 69 ലക്ഷം രൂപ വേണം. അന്നന്നത്തെ അന്നത്തിന് വക ഇല്ലാത്തവൻ എങ്ങനെയാണ് ഇത്രയും ഉണ്ടാക്കുക. മുമ്പ് വൃക്ക തരാൻ ഒരാൾ തയ്യാറായിരുന്നു. അദ്ദേഹമിപ്പോൾ മരിച്ചുപോയി. ഇനി സർജറി വേണമെങ്കിൽ പുതിയൊരു ഡോണറെ കണ്ടെത്തണമെന്നും സന്തോഷ് കൂട്ടിച്ചേർത്തു.

ചുരുക്കത്തിൽ ദുരിതക്കടലിലാണ് സന്തോഷും കുടുംബവും. ഇക്കാലമത്രയും സന്തോഷ് ചെയ്ത പുണ്യപ്രവൃത്തികളുടെ ഫലം അദ്ദേഹത്തിന് ന്യായമായും ലഭിക്കേണ്ടത് ഇപ്പോഴാണ്. തന്റെ വൃക്കയും കരളും മറ്റൊരാൾക്ക് നൽകിയ, ജീവിതത്തിന്റെ നല്ലൊരു പങ്കും മറ്റുള്ളവരെ സഹായിക്കാനായി മാറ്റിവച്ച സന്തോഷ് സ്വന്തം വൃക്ക മാറ്റി വയ്ക്കാൻ ഒരു ഡോണറേയും ഉദാരമനസ്‌കരുടെ സഹായവും തേടുകയാണ്. ഇതുപോലുള്ള മനുഷ്യരെ ഈ മണ്ണിൽ ചേർത്തുപിടിക്കേണ്ടത് ഇപ്പോഴാണ്.