മലപ്പുറം: സന്തോഷ് ട്രോഫി ഫുട്ബോളിൽ എതിരില്ലാത്ത രണ്ട് ഗോളിന് ബംഗാളിനെ തകർത്ത് കേരളം. കേരളത്തിന്റെ ആക്രമണങ്ങളെ പ്രതിരോധക്കോട്ട കെട്ടി ചെറുത്ത പശ്ചിമ ബംഗാളിനെ അവസാന മിനിറ്റുകളിൽ നേടിയ ഗോളുകളിലൂടെയാണ് മറികടന്നത്. കേരളത്തിനായി ജെസിനും നാഫലുമാണ് ഗോൾ നേടിയത്.

മലപ്പുറം പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ  കേരള ഡിഫൻഡർ ജി. സഞ്ജുവാണ് കളിയിലെ താരം. 85-ാം മിനിറ്റിൽ പി.എൻ. നൗഫൽ, ഇൻജുറി ടൈമിന്റെ മൂന്നാം മിനിറ്റിൽ ജെസിൻ ടി.കെ എന്നിവരാണ് കേരളത്തിനായി സ്‌കോർ ചെയ്തത്. 26-ാം മിനിറ്റിൽ നിജോ ഗിൽബർട്ടിന്റെ മികച്ചൊരു ക്രോസ് ബംഗാൾ ഗോളി പ്രിയന്ത്കുമാർ പിടിച്ചെടുത്തു. തുടക്കത്തിൽ അൽപം പതറിയെങ്കിലും തിങ്ങിനിറഞ്ഞ 23,000-ലേറെ കാണികളെ സാക്ഷിയാക്കി മികച്ചകളിയാണ് കേരളം പുറത്തെടുത്തത്.

85-ാം മിനിറ്റിൽ ജെസിൻ തുടങ്ങി വെച്ച മുന്നേറ്റത്തിനൊടുവിലായിരുന്നു കേരളത്തിന്റെ ആദ്യ ഗോൾ. ജെസിൻ നൽകിയ പന്ത് ക്യാപ്റ്റൻ ജിജോ ജോസഫ് രണ്ട് ബംഗാൾ ഡിഫൻഡർമാർക്കിടയിലൂടെ നൗഫലിന് നൽകി. ഒട്ടും സമയം പഴാക്കാതെ നൗഫൽ പന്ത് വലയിലെത്തിച്ചു.

രണ്ടാം പകുതിയിൽ മികച്ച അവസരങ്ങൾ നഷ്ടപ്പെടുത്തിയ കേരളത്തിന് ആശ്വാസമായി ഈ ഗോൾ. 49,51,52 മിനിറ്റുകളിൽ ലഭിച്ച മികച്ച അവസരങ്ങൾ കേരളം നഷ്ടപ്പെടുത്തിയിരുന്നു. 49-ാം മിനിറ്റിൽ ഒരു സുവർണാവസരം കേരളം നഷ്ടപ്പെടുത്തി. ബംഗാൾ ഗോളിയുടെ പിഴവിൽനിന്ന് പന്ത് പിടിച്ചെടുത്ത ഷിഗിൽ നൽകിയ പന്ത് പക്ഷെ, വിഘ്നേഷ് ബാറിന് മുകളിലൂടെ പറത്തി.

പിന്നാലെ ഇൻജുറി ടൈമിന്റെ മൂന്നാം മിനിറ്റിൽ മുഹമ്മദ് സഹീഫിന്റെ പാസിൽനിന്ന് ജെസിൻ കേരളത്തിന്റെ രണ്ടാം ഗോൾ നേടി. ബംഗാൾ പ്രതിരോധ താരങ്ങളുടെ തളർച്ച മുതലെടുത്ത് സഹീഫ് ഒരുക്കിയ അവസരം ജെസിൻ കൃത്യമായി വിനിയോഗിക്കുകയായിരുന്നു.

 കേരളത്തിന്റെ തുടർച്ചയായ രണ്ടാം ജയമാണ്. കരുത്തരായ ബംഗാളിനെ എതിരില്ലാതെ തകർത്തതോടെ കേരളത്തിന്റെ ആത്മവിശ്വാസം ഉയർന്നു.

സന്തോഷ് ട്രോഫി ഫുട്ബോളിൽ മറ്റൊരു മത്സരത്തിൽ മേഘാലയ രാജസ്ഥാനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് വീഴ്‌ത്തി. മേഘാലയക്കായി ഫിഗോ സിൻഡായി ഇരട്ട ഗോൾ നേടിയപ്പോൾ ക്യാപ്റ്റൻ ഹോർഡി ക്ലിഫ് നോൺഗബ്രിയും ലക്ഷ്യം കണ്ടു. രാജസ്ഥാനായി യുവരാജ് സിങ്, ഇമ്രാൻ ഖാൻ എന്നിവരാണ് വല ചലിപ്പിച്ചത്.

ടൂർണമെന്റിൽ രാജസ്ഥാന്റെ തുടർച്ചയായ രണ്ടാം തോൽവിയാണിത്. ആദ്യ മത്സരത്തിൽ കേരളത്തോട് എതിരില്ലാത്ത അഞ്ച് ഗോളിന് പരാജയപ്പെട്ടിരുന്നു.

കളി തുടങ്ങി രണ്ടാം മിനിറ്റിൽ തന്നെ രാജസ്ഥാൻ ലീഡെടുത്തു. ത്രിലോക്ക് ലോഹർ നൽകിയ ലോങ് ത്രോ രാജസ്ഥാൻ സ്*!*!*!്രൈടക്കർ യുവരാജ് സിങ് ഹെഡ്ഡറിലൂടെ വലയിലെത്തിച്ചു. 25ാം മിനിറ്റിൽ മേഘാലയ സമനില പിടിച്ചു. വലതു വിങിൽ നിന്ന് ഫിഗോ സിൻഡായിയാണ് മേഘാലയയെ ഒപ്പമെത്തിച്ചത്.

39ാം മിനിറ്റിൽ മേഘാലയ ലീഡെടുത്തു. പകരക്കാരനായി എത്തിയ ഷാനോ ടാരിങ്ക് ബോക്സിലേക്ക് നീട്ടി നൽകിയ പന്ത് ഫിഗോ സിൻഡായി അനായാസം വലയിൽ കടത്തുകയായിരുന്നു.

എന്നാൽ 56ാം മിനിറ്റിൽ രാജസ്ഥാൻ സമനില കണ്ടെത്തി. മേഘാലയയുടെ മധ്യനിരയിൽ വരുത്തിയ പിഴവിൽ നിന്ന് വീണു കിട്ടിയ അവസരം ഗൗതം ബിസ്സ മുതലെടുക്കുകയായിരുന്നു. ബോക്സിന് പുറത്തു നിന്ന് ഗോൾപോസ്റ്റ് ലക്ഷ്യമാക്കി ബിസ്സ അടിച്ച ഷോട്ട് ഗോൾകീപ്പർ തട്ടി അകറ്റിയെങ്കിലും ബോക്സിൽ നിലയുറപ്പിച്ചിരുന്ന ഇമ്രാൻ ഖാൻ ലക്ഷ്യം കണ്ടു.

62ാം മിനിറ്റിൽ മേഘാലയയുടെ വിജയ ഗോൾ വന്നു. പെനാൽറ്റിയുടെ രൂപത്തിലാണ് ഗോളിന്റെ പിറവി. പകരക്കാരനായി ഇറങ്ങിയ മേഘാലയൻ താരം സ്റ്റീഫൻസൺ പെലെയെ ബോക്സിനകത്തു നിന്ന് ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി ക്യാപ്റ്റൻ ഹോർഡി ക്ലിഫ് നോൺഗബ്രി അനായാസം ഗോളാക്കി മാറ്റുകയായിരുന്നു.