കോതമംഗലം: നടി ശരണ്യയുടെ പ്രതീക്ഷിത വിയോഗത്തിൽ വിതുമ്പി നെല്ലിക്കുഴിയിലെ പീസ്വാലി പ്രവർത്തകരും. സ്ഥാപനത്തിന്റെ നടത്തിപ്പുകാർക്കും ഇവിടുത്തെ ചികത്സകർക്കും അഭ്യുദയകാംക്ഷികൾക്കും ഈ വാർത്ത ഇനിയും ഉൾക്കൊള്ളാനായിട്ടില്ല. നീറുന്ന നൂറായിരം നോവിന്റെ നെരിപ്പോടുകളിൽ കഴിയവെ അഭിനേത്രിക്ക് ആശ്വാസത്തിന്റൈ ഒരു നനുത്ത തൂവൽ സ്പർശമാവാൻ കഴിഞ്ഞതിന്റെ ആഹ്ളാദം മനസിൽ സൂക്ഷിച്ചിരുന്ന ഇവരിൽ ശരണ്യയുടെ വിയോഗവാർത്ത സൃഷ്ടിച്ച ഞെട്ടൽ ചെറുതല്ല.

'ഞാനും മോളും 8 വർഷത്തിന് ശേഷം ഇപ്പോഴാണ് ഓണം ആഘോഷിക്കുന്നത്. അവളൊന്നു മനസ്സ് തുറന്ന് ചിരിക്കുന്നതും ഇപ്പോഴാണ്' കഴിഞ്ഞ ഓണക്കാല
ത്ത് പീസ് വാലിയിലെ ഓണാഘോഷ പരിപാടികൾക്കിടെ ശരണ്യയുടെ അമ്മ പറഞ്ഞ ഈ വാക്കുകളാണിത്. പീസ്വാലി ശരണ്യക്കും അമ്മയ്ക്കും എത്രത്തോളം പ്രിയപ്പെട്ടതായിരുന്നു എന്ന് ഞങ്ങൾക്ക് തിരിച്ചറിവ് പകർന്നത് ഈ വാക്കുകളാണ്. അന്ന് ആ അമ്മയുടെയും മകളുടെയും മുഖത്ത് കണ്ട സന്തോഷം എന്നും നിലനിൽക്കണമെയെന്ന പ്രാർത്ഥനയിലായിരുന്നു ഞങ്ങളെല്ലാവരും. ഇതിനിടെയാണ് ഇന്നലെ ഇടിത്തീപോലെ ഇന്നലെ മരണവാർത്തയെത്തിയത്. കുടുംബാംഗത്തെപ്പോലെ ഇടപഴകിയിരുന്ന അവളുടെ വേർപാട് ഞങ്ങളെയെല്ലാ വല്ലാതെ വിഷമിപ്പിച്ചു. പീസ്വാലി നടത്തിപ്പുകാരും അഭ്യൂദയ കാംക്ഷികളും വ്യക്തമാക്കി.

ബ്രെയിൻ ട്യൂമറിനുള്ള ഏട്ടാമത്തെ സർജ്ജറിക്കുശേഷം ശരീരം തളർന്ന് പൂർണമായും കിടപ്പിലായ ശാരീരിക സ്ഥിതിയിലാണ് ശരണ്യയെ നെല്ലിക്കുഴി പീസ്വാലിയിൽ എത്തിച്ചത്.പീസ്വാലിയുടെ സഹയാത്രിക നടി സീമ ജി നായരാണ് ഇതിനു വഴിയൊരുക്കിയത്. മൂന്നു മാസത്തെ ചികിത്സക്ക് ശേഷം പരസഹായമില്ലാതെ നടക്കാൻ കഴിയുന്ന അവസ്ഥയിലാണ് ശരണ്യ ഇവിടെ നിന്നും മടങ്ങിയത്.

ഫിസിയോ തെറാപ്പി, ഇലക്ട്രോ തെറാപ്പി,ഒക്കുപെഷണൽ തെറാപ്പി എന്നി ചികത്സാരീതികളിലൂടെയും കൗൺസിലിംഗിലൂടെയുമാണ് ശരണ്യ പതിയെ നടക്കാൻ ആരംഭിച്ചത് പിന്നെയും വിധി ശരണ്യയെ വെറുതെ വിട്ടില്ല. ട്യൂമർ ആവർത്തിക്കുകയും ചികിത്സ തുടരുകയും ചെയ്യുന്ന വിവരങ്ങൾ പീസ്വാലിയുമായി പങ്കിടുന്നുണ്ടായിരുന്നു. പ്രതിസന്ധിഘട്ടങ്ങളിൽ നിന്നെല്ലാം കരകയറിയിരുന്നതിനാൽ ഇക്കൂറിയും അങ്ങിനെ തന്നെ സംഭവിക്കുമെന്ന വിശ്വാസത്തിലായിരുന്നു പീസ്വാലി പ്രവർത്തകർ.

കീമോതെറാപ്പി അടക്കം വേണ്ടി വരുമെന്നും അതിനായി പീസ് വാലിയിലേക്ക് വരാനുള്ള സാധ്യതകൾ പരിശോധിക്കുമെന്നും ശരണ്യയുടെ കുടുംബത്തിനൊപ്പം എല്ലാത്തിനും ഓടി നടന്നിരുന്ന നടി സീമ ജി നായർ പീസ്വാലി പ്രവർത്തകരിൽ ഒരാളായ സാബിത്തിനോട് വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് വീണ്ടും അഭിനയ ലോകത്തേക്ക് മടങ്ങണമെന്ന് അതിയായ ആഗ്രഹിച്ചിരുന്ന ഈ അഭിനേത്രിയെ മരണം തട്ടിയെടുത്തത്.

പീസ്വാലിയിൽ കഴിയവെ,നടന്നുതുടങ്ങിയ നാളുകളിൽ ശരണ്യയെ ഈ ലേഖകൻ സന്ദർശിച്ചിരുന്നു.ഏറെ സന്തോഷവതിയായി, നടക്കാൻ തുടങ്ങിയതിനെക്കുറിച്ചും ഭാവി പരിപാടികളെക്കുറിച്ചുമെല്ലാം അന്ന് ശരണ്യ അന്ന് വാചാലയായി.ഇതെന്റെ രണ്ടാം ജന്മമാണ്..ദൈവങ്ങൾ ഇവിടെ പീസ്വാലിയിലാണ് ഉള്ളത്...ഇങ്ങിനെയായിരുന്നു പീസ് വാലിയെക്കുറിച്ച് അന്ന് ശരണ്യ പറഞ്ഞുതുടങ്ങിയത്.ഡോക്ടർമാരെക്കുറിച്ചും സഹായികളെക്കുറിച്ചും അന്തേവാസികളെക്കുറിച്ചുമെല്ലാം നല്ലവാക്കുകൾ മാത്മായിരുന്നു ശരണ്യക്ക് പറയാനുണ്ടായിരുന്നത്.

ചോട്ടാ മുംബൈ, ബോംബെ മാർച്ച് 12 എന്നീ സിനിമകളിൽ മോഹൻലിനോടും മമ്മൂട്ടിയോടും ഒപ്പം അഭിനയിച്ചിട്ടുമുണ്ട്.2012 മുതൽ ഏഴുവണ ബ്രെയിൻട്യൂമർ തുടർച്ചയായി ബാധിച്ചതിനെ തുടർന്ന് ഏഴു തവണ തിരുവനന്തപുരം ശ്രീ ചിത്രയിൽ സർജറിക്ക് വിധേയയായിരുന്നു.ബ്രയിൻട്യൂമറിനുള്ള സർജറിക്കുശേഷം ശരീരം തളർന്നുപോയ ശരണ്യ കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് കോതമംഗലം നെല്ലിക്കുഴിയിലെ പീസ്വാലിയിൽ എത്തുന്നത്.

പീസ്വാലിയിലെ ചികിത്സയിലൂടെ വിസ്മയകരമായ മാറ്റങ്ങളാണ് ശരണ്യക്ക് ഉണ്ടായത്.മാറ്റാരുടെയും സഹായമില്ലാതെ നടക്കുന്ന അവസ്ഥയിലേക്ക് ശരണ്യ ഇഎത്തിയിരുന്നു.സീമ ജി നായരും ഫിറോസ്‌കുന്നംപറമ്പിലും പീസ്വാലി ചെയർമാൻ പി എം അബൂബക്കറുമാണ് തങ്ങളുടെ ജീവിതത്തിലെ ദൈവത്തിന്റെ സ്ഥാനത്ത് ഉള്ളതെന്നും ശരണ്യയും അമ്മയും അന്നേ വ്യക്തമാക്കിയിരുന്നു.

ട്രോളിയിൽ കിടത്തിയാണ് ശരണ്യയെ പീസ് വാലിയിൽ എത്തിച്ച ശരണ്യ ,പരസഹായമില്ലാതെ ഒന്നും ചെയ്യാനാവാത്ത അവസ്ഥയിലായിരുന്നു.ഇവിടെ നിന്നും പോകുമ്പോൾ നടക്കാൻ തുടങ്ങിയതിന് പുറമെ ഓർമ്മ ശക്തിയും തിരിച്ചുകിട്ടിയിരുന്നു.അമ്മയും അനിയനും അനുജത്തിയും ഉൾപ്പെടുന്ന കുടുംബത്തിന്റെ ഏക അത്താണി ശരണ്യയുടെ വരുമാനമായിരുന്നു.ഏഴാമത്തെ സർജറിക്കു ശേഷം ശരീരം പൂർണമായും തളർന്നുപോകുകയായിരുന്നു.ഇടക്ക് ഓർമ്മക്കുറവും ഉണ്ടാവുമായിരുന്നു.

ചലച്ചിത്ര മേഖലയിൽ നിന്ന് നടി സീമ ജി നായരുടെ നേതൃത്വത്തിൽ ശരണ്യക്ക് കൈത്താങ്ങായി നിരവധി പേർ എത്തിയിരുന്നു.ഫിറോസ് കുന്നംപറമ്പിലും ശരണ്യയുടെ ചികിത്സസഹായർത്ഥം വിഡിയോ ചെയ്തിരുന്നു.സീമ ജി നായരുടെ നേതൃത്വത്തിൽ ശരണ്യക്കായി തിരുവനന്തപുരത്തു വീട് നിർമ്മിയിക്കുകയും അടുപ്പക്കാരെ മാത്രം വിളിച്ച് ഗ്രഹപ്രവേശവും നടത്തിയിരുന്നു.

എറണാകുളം ജില്ലയിൽ കോതമംഗലം നെല്ലികുഴി പത്തേക്കർ സ്ഥലത്താണ് പീസ് വാലി പ്രവർത്തിക്കുന്നത്.ആരോരുമില്ലാതെ തെരുവിലായിപോയവർക്കായി സാമൂഹിക മാനസിക പുനരധിവാസ കേന്ദ്രം, നിർദ്ധനരായ വൃക്ക രോഗികൾക്കായി ഡയാലിസിസ് കേന്ദ്രം, നട്ടെല്ലിന് പരിക്കേറ്റവർക്കുള്ള തെറാപ്പി കേന്ദ്രം, പാലിയേറ്റീവ് കെയർ, സഞ്ചരിക്കുന്ന ആശുപത്രി എന്നിവ ഉൾപ്പെടുന്നതാണ് പീസ്വാലി പ്രവർത്തന മേഖല.എല്ലാപ്രവർത്തനങ്ങളും പൂർണമായും സൗജന്യമാണ്. എല്ലാ പ്രവർത്തനങ്ങളും. നട്ടെല്ലിന് പരിക്കേറ്റ്, എഴുന്നേറ്റ് നടക്കില്ലന്ന് വിധിയെഴുതി ആശുപത്രികളിൽ നിന്ന് ഉപേക്ഷിക്കുകയും സാമ്പത്തീക പ്രാരാബ്ദങ്ങൾ മൂലം ചികത്സ മുടങ്ങിപ്പോവുകയും ചെയ്ത 100-ലേറെപ്പേരെ ഇതിനോടകം ഇവിടുത്തെ ചികിത്സയിലൂടെ സ്വയം പര്യാപ്തരായി ജീവിതത്തിലേക്ക് തിരികെ എത്തിയിട്ടുമുണ്ട്.