തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചരണം കലാശക്കൊട്ടിലേക്ക് നീങ്ങുമ്പോൾ പാലക്കാട് ജില്ലയിൽ ഇഞ്ചോടിഞ്ച് മത്സരം നടക്കുന്ന മണ്ഡലമാണ് ഒറ്റപ്പാലം. ഇവിടെ കോൺഗ്രസിന് ഇക്കുറി പ്രതീക്ഷകൾ വാനോളമാണ്. കാരണം, രാഹുൽ ബ്രിഗേഡിൽപെട്ട ഡോ. സരിനാണ് ഇവിടെ മത്സരിക്കുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി മത്സരിക്കാൻ വേണ്ടിയുള്ള തയ്യാറെടുപ്പിലായിരുന്നു സരിൻ. മണ്ഡലത്തിൽ സാധാരണക്കാരുടെ പ്രശ്‌നങ്ങൾ അറിഞ്ഞ് പരിഹാരം കണ്ടിരുന്ന നേതാവ്. രാഹുലിന്റെ അനുഗ്രാഹാശിസ്സുകളോടെ മത്സരിക്കാൻ സരിൻ കളത്തിൽ ഇരങ്ങുമ്പോൾ അട്ടിമറി പ്രതീക്ഷയിലാണ് കോൺഗ്രസ്.

കെപിസിസിയുടെ ഗവേഷണ വിഭാഗം സംസ്ഥാന കോർഡിനേറ്ററായിരുന്നു ഡോക്ടർ സരിൻ. രാഷ്ട്രസേവനം എന്നത് സിവിൽ സർവീസ് എന്നല്ല, അത് മതനിരപേക്ഷതയെ ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയം കൂടിയാണെന്ന് വിശ്വസിക്കുന്നവരുടെ കൂട്ടത്തിലായിരുന്നു അദ്ദേഹം. അതുകൊണ്ടു തന്നെയാണ് പരിചാരകർ അടക്കമുണ്ടാകുമായിരുന്ന ജോലി ഉപേക്ഷിച്ച് സരിൻ രാഷ്ട്രീയത്തിൽ ഇറങ്ങിയതും. ശശി തരൂരിനെ ആരാധിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന ഈ ജനകീയ ഡോക്ടർ തീർത്തും വിജയപ്രതീക്ഷയോടെയാണ് കളത്തിലുള്ളത്.

സിവിൽ സർവീസിൽ നിന്നും രാജിവെച്ച് രാഷ്ട്രീയത്തിൽ എത്തിയ സരിൻ. ഭാര്യ സൗമ്യയും ഡോക്ടർ ആണ്. സൗമ്യ പ്രാക്ടീസ് ചെയ്യുന്നുമുണ്ട്. സിവിൽ സർവ്വീസ് ജോലി രാജിവച്ചാണ് രാഹുൽ ഗാന്ധിയുടെ ടീമിലേക്ക് സരിൻ വന്നു ജോയിൻ ചെയ്യുന്നത്. ഇതോടെയാണ് കോൺഗ്രസ് ഗവേഷണ വിഭാഗം കോർഡിനേറ്റർ പദവി സരിനെ തേടിയെത്തിയത്. പിന്നീട് കേരളത്തിലേക്ക് തട്ടകം മാറ്റി. ഒറ്റപ്പാലത്ത് സ്ഥാനാർത്ഥിയുമായി. ഇടത് കോട്ടയാണ് ഒറ്റപ്പാലം. അതുകൊണ്ട് തന്നെ ആരും ഇവിടെ സ്ഥാനാർത്ഥിയാകാൻ ആരും സമ്മർദ്ദം ചെലുത്താറുമില്ല കോൺഗ്രസിൽ. എന്നാൽ ഇത്തവണ ഒറ്റപ്പാലത്ത് കഥമാറി. സരിൻ സീറ്റ് സ്വന്തമാക്കിയത് എല്ലാം നിശ്ചയിച്ചുറപ്പിച്ചാണ്. ഈ ആത്മബലം തന്നെയാണ് ഒറ്റപ്പാലത്ത് നിർണ്ണായകമാകുന്നതും. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയാണ് സരിൻ.

സിവിൽ സർവീസിൽനിന്നു വിരമിച്ച ശേഷം രാഷ്ട്രീയ രംഗത്തെത്തിയവർ പലരുമുണ്ട്. പക്ഷേ, സിവിൽ സർവീസ് ഉപേക്ഷിച്ചു പൊതുപ്രവർത്തനത്തിന് ഇറങ്ങിയവർ അപൂർവം. ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൗണ്ട്‌സ് സർവീസിൽ (ഐഎഎഎസ്) ഡപ്യൂട്ടി അക്കൗണ്ടന്റ് ജനറൽ പദവിയിലിരിക്കെയാണ് ഡോ. സരിൻ സിവിൽ സർവീസ് ഉപേക്ഷിച്ചു പൊതുപ്രവർത്തകനായത്. തിരുവില്വാമല പകവത്ത് കുടുംബാംഗമാണ് മുപ്പത്തിയേഴുകാരനായ സരിൻ. കോഴിക്കോട് മെഡിക്കൽ കോളജിൽനിന്നു ബിരുദപഠനം പൂർത്തിയാക്കിയതിനു പിന്നാലെയാണു സിവിൽ സർവീസ് പരീക്ഷയിൽ 555ാം റാങ്ക് നേടി ഐഎഎഎസ് ഉദ്യോഗസ്ഥനായത്. ഡപ്യൂട്ടി അക്കൗണ്ടന്റ് ജനറലായി തിരുവനന്തപുരത്തായിരുന്നു ആദ്യനിയമനം. സിവിൽ സർവീസ് ഉപേക്ഷിച്ച ശേഷം ഒറ്റപ്പാലത്തു താമസമാക്കി.

സരിൻ സിവിൽ സർവീസ് വിട്ട സമയത്ത് ആദ്യം താൻ സമ്മതിക്കാൻ തയാറായിരുന്നില്ലെന്ന് ഡോ. സൗമ്യ പറയുന്നു. ഒറ്റപ്പാലത്തേക്കു തിരികെ വരുമ്പോൾ എല്ലാം ഒന്നിൽനിന്നു തുടങ്ങണമായിരുന്നു. നാട്ടിൽ തിരിച്ചെത്തിയപ്പോൾ പലപ്പോഴും സരിൻ അനുഭവിച്ച സങ്കടത്തിനു മുന്നിൽ കരഞ്ഞിട്ടുണ്ട്. നമുക്കിതു വേണോയെന്നു വരെ ചോദിച്ചിട്ടുണ്ട്. പക്ഷേ അപ്പോഴെല്ലാം സരിൻ പറഞ്ഞത്, ഇപ്പോഴത്തെ ഓരോ നിമിഷവും സന്തോഷം നൽകുന്നുണ്ടെന്നായിരുന്നു. ആഗ്രഹിച്ചതു ചെയ്യാൻ സാധിക്കുന്നു, ജനങ്ങൾക്കൊപ്പം നിൽക്കാനാകുന്നു, അവർക്കു വേണ്ടി സ്ഥാനങ്ങളൊന്നുമില്ലെങ്കിലും പ്രവർത്തിക്കാനാകുന്നു. ആ തീരുമാനത്തിനൊപ്പം നിൽക്കുന്നതിൽ തനിക്കും സന്തോഷമേയുള്ളൂവെന്നും സൗമ്യ വ്യക്തമാക്കുന്നു.

നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ചരിത്രത്തിൽ മൂന്നു പതിറ്റാണ്ടായി എൽഡിഎഫ് പ്രതിനിധീകരിക്കുന്ന ഒറ്റപ്പാലം മണ്ഡലത്തിൽ ഇത്തവണ ചരിത്രം തിരുത്തിക്കുറിക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണു ഡോ. സരിൻ. വീട്ടുകാരുടെ എതിർപ്പിനെയെല്ലാം അവഗണിച്ചായിരുന്നു 2016ലെ രാഷ്ട്രീയപ്രവേശം. കോൺഗ്രസിനകത്ത് 'ജൂനിയർ ശശി തരൂർ' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ 36കാരൻ ഇന്ന് ചെങ്കോട്ടയായ ഒറ്റപ്പാലം നിയമസഭാ മണ്ഡലത്തിൽ വിള്ളൽ വീഴ്‌ത്തുമെന്ന പ്രതീക്ഷയിലാണ് വലതുപാളയം. രാഹുൽ ബ്രിഗേഡിന്റെ ഭാഗമായ സരിൻ ഏറെ മുന്നേറി കഴിഞ്ഞു ഈ തെരഞ്ഞെടുപ്പിൽ. പാലക്കാട് ജില്ലയിലെ അറിയപ്പെടുന്ന പീഡിയാട്രീഷ്യനാണ് ഡോ.സൗമ്യ സരിൻ. 2018ൽ പീഡിയാട്രിക്സിൽ രാഷ്ട്രപതിയുടെ അവാർഡും നേടിയിട്ടുണ്ട്. പെട്ടെന്ന് ഉണ്ടായ തോന്നലിന്റെ അടിസ്ഥാനത്തിലൊന്നുമല്ല സിവിൽ സർവ്വീസ് ഉപേക്ഷിച്ച് രാഷ്ട്രീയപ്രവർത്തനത്തിന് എത്തിയത് എന്ന് സരിൻ പറയുന്നു.

2001-07 കാലത്ത് കോഴിക്കോട് മെഡിക്കൽ കോളജിൽ പഠിച്ചിരുന്ന അദ്ദേഹം കോളജ് യൂണിയൻ ചെയർമാനായി പ്രവർത്തിച്ചിട്ടുണ്ട്. നേതൃത്വത്തിൽ നിയമിതനായെങ്കിലും സമീപകാലത്ത് യൂത്ത് കോൺഗ്രസ് സമരത്തിനിടയിൽ പാലക്കാട്ട് ലാത്തിച്ചാർജ്ജിന് വിധേയനായതോടെയാണ് അദ്ദേഹം കൂടുതൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്. യൂത്ത് കോൺഗ്രസ് സമരത്തിനു നേരെ നടന്ന ലാത്തിച്ചാർജ്ജിൽ ഒരു സഹപ്രവർത്തകനെ സംരക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ പൊലീസ് സരിനെ വളഞ്ഞിട്ട് ആക്രമിക്കുന്നതും തലങ്ങുംവിലങ്ങും അടിയേറ്റിട്ടും ഒരടിപോലും ഓടാതെ പതറാതെ നിലയുറപ്പിച്ചതുമായ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറൽ ആയിരുന്നു.

നേരത്തേ മുതിർന്ന കോൺഗ്രസ് നേതാവ് കെ. ശങ്കരനാരായണൻ ഉൾപ്പെടെയുള്ളവരെ നിയമസഭയിലേക്ക് എത്തിച്ചിട്ടുള്ള മണ്ഡലമാണ് ഒറ്റപ്പാലം. എന്നാൽ ഇടതുമുന്നണിയെ പിന്തുണക്കുന്നതാണ് കണ്ടു വരുന്നത്.