തിരുവനന്തപുരം: സോളാർ തട്ടിപ്പ് കേസ് പ്രതി സരിത നായർ ഉൾപ്പെട്ട 16 ലക്ഷം രൂപയുടെ തൊഴിൽ തട്ടിപ്പുകേസിൽ സരിതയുടെ കൂട്ടുപ്രതി പൊതു പ്രവർത്തകനും ഇടനിലക്കാരനുമായ മൂന്നാം പ്രതി വൈ. ആർ. ക്രിസ്റ്റഫർ ഷാജു എന്ന ഷാജു പാലിയോടിന് മുൻകൂർ ജാമ്യമില്ല. ഇയാളുടെ ജാമ്യ ഹർജി തിരുവനന്തപുരം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി കെ.എൻ. അജിത് കുമാർ തള്ളിയത്. ഗൗരവമേറിയ കൃത്യം ചെയ്ത പ്രതിക്ക് മുൻകൂർ ജാമ്യത്തിനർഹതയില്ല.

പ്രതികളെ കസ്റ്റഡിയിൽ വച്ച് ചോദ്യം ചെയ്ത് വഞ്ചിച്ചെടുത്ത പണം വീണ്ടെടുത്ത് തൊണ്ടിപ്പണമായി വിചാരണ കോടതിയായ മജിസ്‌ട്രേട്ട് കോടതിയിൽ ഹാജരാക്കേണ്ടതുണ്ട്. ജാമ്യം നൽകി സ്വതന്ത്രനാക്കിയാൽ തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും മൊഴി തിരുത്തിക്കാൻ സാധ്യതയുണ്ട്. പ്രതികൾ ഒളിവിൽ പോകാനും സാധ്യതയുണ്ട്. അപ്രകാരം സംഭവിച്ചാൽ വിചാരണക്ക് പ്രതിക്കൂട്ടിൽ പ്രതികളെ ലഭ്യമാകാത്ത സ്ഥിതിവിശേഷം സംജാതമാകുമെന്നും കോടതി ജാമ്യം നിരസിച്ച ഉത്തരവിൽ ചൂണ്ടിക്കാട്ടി.

അതേ സമയം കേസിലെ രണ്ടാം പ്രതി സരിത മറ്റൊരു കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യഹർജി കോടതി തള്ളി. തിരുവനന്തപുരം രണ്ടാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി ശേഷാദ്രിനാഥനാണ് സരിതക്ക് ജാമ്യം നിരസിച്ചത്. ജനുവരി 1 നാണ് സരിത പരീക്ഷണാർത്ഥം മുൻകൂർ ജാമ്യഹർജി സമർപ്പിച്ചത്. ജനുവരി 8 ന് വാദം ബോധിപ്പിക്കണമെന്ന് നിർദ്ദേശിച്ച് ജനുവരി 4 ന് കോടതി ഉത്തരവിട്ടു. എന്നാൽ കോടതിയുടെ ട്രെൻഡ് പ്രതികൂലമാണെന്ന് മനസ്സിലാക്കിയ സരിത ജനുവരി 8 ന് മുൻകൂർ ജാമ്യഹർജി പ്രസ് ചെയ്യുന്നില്ലെന്ന് കോടതിയിൽ അഭിഭാഷകൻ മുഖേന ബോധിപ്പിച്ചു. തുടർന്നാണ് ഹർജി കോടതി തള്ളിയത്.

വഞ്ചനാ കേസിൽ മജിസ്‌ട്രേട്ട് കോടതിയിൽ 2020 ഡിസംബർ 12നാണ് എഫ്‌ഐആർ സമർപ്പിച്ചത്. നെയ്യാറ്റിൻകര ഒന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതിയിലാണ് നെയ്യാറ്റിൻകര പൊലീസ് രണ്ട് എഫ് ഐ ആറുകൾ സമർപ്പിച്ചത്. ബിവറേജസ് കോർപ്പറേഷനിലും കേരളാ ടൂറിസ്റ്റ് ഡെവലപ്പ്‌മെന്റ് കോർപ്പറേഷനിലും ജോലി വാഗ്ദാദാനം ചെയ്ത് രണ്ടു യുവാക്കളിൽ നിന്നായി പതിനാറു ലക്ഷം രൂപ വഞ്ചിച്ചെടുത്ത് വ്യാജ നിയമന ഉത്തരവ് നൽകിയെന്നാണ് കേസ്. അഞ്ചു ലക്ഷം രൂപ തട്ടിയെടുത്തെന്ന ഓലത്താന്നി സ്വദേശി അരുണിന്റെയും പതിനൊന്നു ലക്ഷം രൂപ തട്ടിയെടുത്തെന്ന തിരുപുറം നിവാസി അരുണിന്റെയും പരാതിയിലാണ് രണ്ടു കേസുകളെടുത്തത്.

കുന്നത്തുകാൽ പഞ്ചായത്ത് പാലിയോട് വാർഡ് സി പി എം സ്ഥാനാർത്ഥി രതീഷാണ് കേസുകളിൽ ഒന്നാം പ്രതി. സരിത നായർ രണ്ടാം പ്രതിയും പൊതു പ്രവർത്തകനായ ഷാജു പാലിയോട് മൂന്നാം പ്രതിയുമാണ്. തിരുപുറം സ്വദേശി അരുണിന്റെ സഹോദരന് ബെവ്‌കോയിൽ സ്റ്റോർസ് അസിസ്റ്റന്റ് തസ്തികയിൽ ജോലി വാങ്ങി നൽകാമെന്ന് പ്രലോഭിപ്പിച്ച് 11 ലക്ഷം രൂപ വഞ്ചിച്ചെടുത്തുവെന്നാണ് ഒരു കേസ്.

വ്യാജ നിയമന ഉത്തരവിന്റെ പകർപ്പും സരിതാ നായർ അരുണിനോട് മൊബൈലിൽ സംസാരിച്ചതിന്റെ വോയ്‌സ് ക്ലിപ്പും പരാതിക്കൊപ്പം ആവലാതിക്കാരൻ ഹാജരാക്കിയിരുന്നു. നെയ്യാറ്റിൻകര സ്റ്റേഷൻ ഹൗസ് ഓഫീസറായ സർക്കിൾ ഇൻസ്‌പെക്ടർ ശ്രീകുമാരൻ നായരാണ് കേസ് അന്വേഷണം നടത്തുന്നത്. എന്നാൽ പിണറായിയിൽ സരിതക്കുള്ള സ്വാധീനത്താൽ പൊലീസ് പ്രതികളെ നാളിതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.