ന്യൂഡൽഹി: പെഗസസ് ഫോൺ ചോർത്തൽ അന്വേഷിക്കുന്ന പാർലമെന്ററി പാനലിനു മുന്നിൽ ഹാജരാവാത്ത കേന്ദ്ര സർക്കാരിന്റെ മൂന്ന് വകുപ്പുകളിലെ മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് കോൺഗ്രസ് എംപി. ശശി തരൂർ. ഈ ആവശ്യം അറിയിച്ച് ലോക്‌സഭാ സ്പീക്കർ ഓം ബിർളയ്ക്ക് ശശി തരൂർ കത്ത് അയച്ചു.

അവസനാ നിമിഷം സംശയാസ്പദമായ രീതിയിൽ യോഗത്തിൽ ഹാജരാവാതിരുന്നത് പാർലമെന്റിന്റെ അവകാശലംഘനമാണെന്നും പരമാധികാര സഭയോടുള്ള അവഹേളനമാണെന്നും അദ്ദേഹം കത്തിൽ പറഞ്ഞു.പെഗസസ് വിഷയത്തിലാണ് ഐ.ടി. പാനൽ യോഗം കൂടാൻ തീരുമാനിച്ചത്. യോഗത്തിൽ തെളിവുകൾ ഹാജരാക്കാൻ കേന്ദ്ര സർക്കാരിലെ ഐ.ടി., ആഭ്യന്തരം, വാർത്താവിനിമയം മന്ത്രാലയങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥരോട് ഹാജരാവാൻ നോട്ടിസും അയച്ചിരുന്നു.

ജൂലൈ 28 മൂന്ന് മണിക്കാണ് യോഗം ചേരാൻ തീരുമാനിച്ചത്. ഇതുസംബന്ധിച്ച അറിയിപ്പ് ജൂലൈ 20നു തന്നെ വകുപ്പ് മേധാവികളെ അറിയിച്ചിരുന്നു.എന്നാൽ യോഗം തുടങ്ങുന്നതിന് മുമ്പ് വകുപ്പ് ഉദ്യോഗസ്ഥർ മറ്റൊരു യോഗത്തിൽ പങ്കെടുക്കണമെന്ന് പറഞ്ഞ് യോഗത്തിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു. ഇത് ഗുഢാലോചനയാണെന്നാണ് തരൂർ കത്തിൽ പറയുന്നത്