ചെന്നൈ: രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ള വി കെ ശശികലയുടെ തമിഴ്‌നാട് എൻട്രിക്ക് മുമ്പ് വീണ്ടും ട്വിസ്റ്റ്. തമിഴക രാഷ്ട്രീയത്തെ സ്വാധീനിക്കുന്നതാകും ശശികലയുടെ വരവ് എന്നതിനാൽ ഇതിന് തടയിടാൻ വേണ്ടിയുള്ള ശ്രമങ്ങളുമായി ഇപിഎസ് -ഒപിഎസ് പക്ഷം രംഗത്തുണ്ട്. ഇതിന്റെ ഭാഗമെന്ന നിലയിൽ ശശികലയുടെ ബിനാമി സ്വത്തുക്കൾ സർക്കാർ കണ്ടുകെട്ടി.

നൂറ് കോടിയിലധികം രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ചെന്നൈയിലെ ആറിടങ്ങളിലെ ബംഗ്ലാവും ഭൂമിയും കണ്ടുകെട്ടി. ജയിൽമോചിതയായ ശശികല നാളെ ചെന്നൈയിൽ എത്താനിരിക്കേ നടപടി. ഇളവരിശിയുടേയും സുധാകരന്റെയും പേരിലുള്ള സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ബിനാമി ആക്ട് പ്രകാരമാണ് നടപടി. ബിനാമി സ്വത്ത് തമിഴ്‌നാട് സർക്കാർ ഏറ്റെടുത്ത് ഉത്തരവിറക്കി. 2014 ൽ സർക്കാരിന് അനുകൂലമായി കോടതി ഉത്തരവുണ്ടായിരുന്നു.

4 വർഷത്തെ ജയിൽ ശിക്ഷയും കോവിഡ് ചികിത്സയും കഴിഞ്ഞ്, നാളെ ചെന്നൈയിൽ എത്തുന്ന ശശികലയ്ക്ക് വൻ സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്. തിരിച്ചുവരവ് ശക്തിപ്രകടനമാക്കി മാറ്റുന്നതു തടയാൻ അണ്ണാഡിഎംകെ രംഗത്തെത്തിയിട്ടുണ്ട്. ക്രമസമാധാനം തകർക്കാൻ ശശികലയും അനന്തരവൻ ടി.ടി.വി. ദിനകരനും പദ്ധതിയിട്ടിട്ടുണ്ടെന്നും തടയണമെന്നുമാവശ്യപ്പെട്ട് പാർട്ടി നേതാക്കൾ ഡിജിപിക്കു പരാതി നൽകി. ചെന്നൈയിൽ 12 ഇടത്ത് ശശികല അണ്ണാഡിഎംകെ പതാകയുയർത്തുമെന്നു റിപ്പോർട്ടുകൾ ഉണ്ട്.

അതേസമയം ശശികല വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ശശികലയുടെ അനന്തരവൻ ടി.ടി.വി. ദിനകരൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അഴിമതിക്കേസിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ശശികല, കോവിഡ് ചികിത്സയ്ക്കു ശേഷം ബെംഗളൂരുവിൽ വിശ്രമത്തിലാണ്. മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരായിരിക്കും, അവർ മത്സരിക്കുമോ എന്ന ചോദ്യത്തിന്, അക്കാര്യത്തിൽ അവർ തന്നെ തീരുമാനമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം ശശികലയുടെ തിരിച്ചുവരവ് ശക്തിപ്രകടനമാക്കി മാറ്റുന്നതു തടയാൻ അണ്ണാഡിഎംകെ ശക്തമായി തന്നെ രംഗത്തുണ്ട്. ചെന്നൈയിൽ സ്വീകരണ ഘോഷയാത്ര നടത്താൻ പൊലീസ് അനുമതി നൽകിയിട്ടില്ല. പാർട്ടിക്കുള്ളിൽ 'ചിന്നമ്മ അനുകൂല' സ്വരമുയരുന്നതു തടയാനായി അണ്ണാഡിഎംകെ ജില്ലാ സെക്രട്ടറിമാരുടെ അടിയന്തര യോഗം വിളിച്ചു.