ജയ്പുർ: സമരം ചെയ്യുന്ന കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കാത്തപക്ഷം ഈ സർക്കാരിന് വീണ്ടും അധികാരത്തിൽ വരാൻ സാധിക്കില്ലന്ന് മേഘാലയ ഗവർണർ സത്യപാൽ മാലിക്ക്. രാജസ്ഥാനിലെ ജുൻജുനു ജില്ലയിൽ നടന്ന ചടങ്ങിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തർപ്രദേശിലെ പല ഗ്രാമങ്ങളിലും ബിജെപി നേതാക്കൾ കയറിയിട്ടുപോലുമില്ല. കർഷകർക്കുവേണ്ടി ഗവർണർ പദവി ഉപേക്ഷിക്കുമോ എന്ന ചോദ്യത്തിനും അദ്ദേഹം ഉത്തരം നൽകി. കർഷകർക്കൊപ്പമാണ് താൻ. എന്നാൽ നിലവിൽ പദവി ഉപേക്ഷിക്കേണ്ട ആവശ്യമില്ല. ആവശ്യമെങ്കിൽ അതും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

ലഖിംപുർ ഖേരി സംഭവത്തിൽ ആരോപണ വിധേയനായ കേന്ദ്രമന്ത്രിക്ക് തൽസ്ഥാനത്ത് തുടരാനുള്ള അർഹതയില്ലെന്നും മാലിക്ക് പറഞ്ഞു. പടിഞ്ഞാറൻ ഉത്തർപ്രദേശിൽ നിന്നുള്ള ജാട്ട് നേതാവാണ് സത്യപാൽ മാലിക്ക്.