ജിദ്ദ: രാജ്യത്ത് യോഗയുടെ പ്രചാരത്തിനായി പരസ്പര സഹകരണം വർധിപ്പിക്കാൻ ഇന്ത്യയുമായി ധാരണാപത്രം ഒപ്പിട്ട് സൗദി അറേബ്യ. ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള മൊറാർജി ദേശായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യോഗയുമായി സൗദി മിനിസ്ട്രി ഓഫ് സ്പോർട്സ് ലീഡേഴ്സ് ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ആണ് തിങ്കളാഴ്ച ധാരണാപത്രം ഒപ്പിട്ടത്. രാജ്യത്ത് യോഗ കോഴ്സുകൾ ആരംഭിക്കുന്നതിന് ധാരണാപത്രം വഴിയൊരുക്കും.

ഇന്ത്യൻ സ്ഥാനപതി ഡോ. ഔസഫ് സയീദും സൗദി സ്പോർട്സ് മിനിസ്ട്രിയുടെ ലീഡേഴ്സ് ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ അബ്ദുള്ള ഫൈസൽ ഹമ്മദും തമ്മിൽ ഒപ്പിട്ട ധാരണാ പത്രം യോഗയുമായി ബന്ധപ്പെട്ട മേഖലയിൽ ഗവേഷണം, പഠനം, പരിശീലനം എന്നിവയ്ക്കുള്ള സഹകരണവും ഉറപ്പാക്കും. അന്താരാഷ്ട്ര യോഗ ദിനവുമായി ബന്ധപ്പെട്ട് റിയാദിൽ സംഘടിപ്പിച്ച ചടങ്ങിലായിരുന്നു ധാരണയിലെത്തിയത്.