ജിദ്ദ: കൊറോണാ വൈറസ് വ്യാപനം ഉറഞ്ഞു തുള്ളുന്ന ഇന്ത്യയിൽ നിന്ന് രോഗബാധിതരായ സ്വന്തം നാട്ടുകാരെ രക്ഷാദൗത്യത്തിലൂടെ നാട്ടിലെത്തിച്ച് സൗദി അറേബ്യ. പ്രതിരോധ മന്ത്രാലയത്തിലെ ആരോഗ്യ വിഭാഗം രക്ഷാദൗത്യ സംഘം ആണ് വിജയകരമായ രക്ഷാപ്രവർത്തനം നടത്തി സ്വന്തം പൗരന്മാരെ ഇന്ത്യയിൽ നിന്ന് സ്വദേശത്ത് എത്തിച്ചത്.ഇന്ത്യയിൽ വെച്ച് കൊറോണാ വൈറസ് ബാധിച്ച എഴുപത്തിനാലിലേറെ സൗദി പൗരന്മാരെയാണ് ഇത്തരത്തിൽ ഇന്ത്യയിൽ നിന്ന് സ്വദേശത്ത് എത്തിച്ചത്. സൗദി പൗരന്മാരെ വഹിച്ചു കൊണ്ടുള്ള വ്യോമസേനാ വിമാനം റിയാദിലെ കിങ് സൽമാൻ വ്യോമസേനാ താവളത്തിൽ എത്തിച്ചേർന്നു.

പതിനഞ്ച് മണിക്കൂർ സമയം എടുത്ത യാത്രയിലൂടെയാണ് രക്ഷാദൗത്യം വിജയകരമായി പൂർത്തിയാക്കിയത്. അതോടൊപ്പം, രക്ഷാ ദൗത്യത്തിൽ പങ്കെടുത്ത വ്യോമ, ആരോഗ്യ വിഭാഗത്തിലെ ഒരാൾക്ക് പോലും വൈറസ് ബാധ ഇല്ലാതെയുമായിരുന്നു ഈ ഒഴിപ്പിക്കൽ എന്നതും ശ്രദ്ധേയമായി. കൊറോണാ പ്രോട്ടോകോൾ പ്രകാരമുള്ള എല്ലാ ആരോഗ്യ മുൻകരുതൽ - പ്രതിരോധ സന്നാഹങ്ങളോടെയുമായിരുന്നു രക്ഷപ്പെടുത്തൽ.

ഭരണാധികാരി സൽമാൻ രാജാവിന്റെ നിർദേശപ്രകാരം സൗദി പ്രതിരോധ മന്ത്രാലയം ആരോഗ്യ സേവന വകുപ്പിന് കീഴിലെ എയർ മെഡിക്കൽ ഇവാക്വേഷൻ വിഭാഗമാണ് സ്വന്തം പൗരന്മാരോടുള്ള കടമ സ്തുത്യർഹമായ വിധം നിർവച്ചു കൊണ്ട് രക്ഷാദൗത്യം സാക്ഷാത്കരിച്ചത്. ചിത്രം: ഇന്ത്യയിൽ നിന്നുള്ള സൗദിയുടെ കൊറോണാ രക്ഷാദൗത്യം റിയാദിലെ വ്യോമസേനാ താവളത്തിൽ എത്തിയപ്പോൾ