ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദ തുറമുഖത്ത് വന്മയക്കുമരുന്ന് വേട്ട. രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച 16 ലക്ഷം ക്യാപ്റ്റഗൺ ഗുളികകൾ സൗദി സക്കാത്ത്, ടാക്‌സ് ആൻഡ് കസ്റ്റംസ് അധികൃതർ പിടിച്ചെടുത്തു. ജനറൽ ഡയറക്ടറേറ്റ് ഓഫ് നർക്കോട്ടിക്‌സ് കൺട്രോളുമായി ചേർന്ന് നടത്തിയ തുടരന്വേഷണത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു.

തുറമുഖത്തുകൊണ്ടുവന്ന ഒരു വാഹനത്തിന്റെ ഫ്‌ളോറിൽ വിദഗ്ധമായി ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. മയക്കുമരുന്ന് അടങ്ങിയ ട്രക്ക് രാജ്യത്ത് സ്വീകരിക്കേണ്ടിയിരുന്നവരാണ് പിടിയിലായത്.

രാജ്യത്ത് കള്ളക്കടത്തോ കസ്റ്റംസ് നിയമലംഘനങ്ങളോ നടക്കുന്നതായി ശ്രദ്ധയിൽപെട്ടാൽ സെക്യൂരിറ്റി റിപ്പോർട്ട് സെന്ററിന്റെ 1910 എന്ന നമ്പറിൽ ബന്ധപ്പെട്ട് രഹസ്യമായി വിവരം നൽകാമെന്ന് അധികൃതർ അറിയിച്ചു. ഇത്തരത്തിൽ ലഭിക്കുന്ന വിവരങ്ങൾ അടിസ്ഥാനപ്പെടുത്തി നടത്തുന്ന അന്വേഷണത്തിൽ കാമ്പുള്ളതായി കണ്ടെത്തിയാൽ പാരിതോഷികം നൽകുമെന്നും അധികൃതർ അറിയിച്ചു.