ഇടുക്കി: ഹമാസ് റോക്കറ്റ് ആക്രമണത്തിൽ ഭാര്യ കൊല്ലപ്പെടുമ്പോൾ ഫോണിന്റെ മറുതലയ്ക്കൽ ഉണ്ടായിരുന്നത് ഭർത്താവ്. സംഭവിച്ചത് എന്താണെന്ന് മനസ്സിലായിട്ടും ഒന്നും ചെയ്യനാകാത്ത നിസ്സഹായാവസ്ഥ. ഈ വേദനയിൽ നിന്നും ഇനിയും സന്തോഷ് മുക്തനായിട്ടില്ല. ഏഴ് വർഷമായി സൗമ്യ ഇസ്രയേലിൽ ജോലി ചെയ്യുന്നുണ്ട്. രണ്ടു വർഷം മുമ്പാണ് അവസാനമായി വീട്ടിലെത്തിയത്. മൃതദേഹം എങ്ങനേയും വീട്ടിൽ എത്തിക്കാനാണ് ശ്രമം. ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ സന്തോഷ് (32)ആണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇസ്രയേൽ-ഫലസ്തീൻ സംഘർഷം നിലനിൽക്കുന്നതിനിടെയാണ് സൗമ്യ കെയർ ടേക്കറായി ജോലി ചെയ്യുന്ന വീടിന് മുകളിലേക്ക് ഹമാസ് റോക്കറ്റ് പതിച്ചത്.

ഗസ്സ മുനമ്പ് അതിർത്തിയോട് ചേർന്നുകിടക്കുന്ന ഇസ്രയേലിലെ അഷ്‌കലോണിലെ ഒരു വീട്ടിലായിരുന്നു സൗമ്യ ഉണ്ടായിരുന്നത്. ആക്രമണത്തിൽ സൗമ്യ ഉൾപ്പടെ വീട്ടിലുണ്ടായിരുന്നു രണ്ടു സ്ത്രീകൾ കൊല്ലപ്പെടുകയും ഏതാനും പേർക്ക് പരിക്കേറ്റതായുമാണ് റിപ്പോർട്ട്. മൃതദേഹം നിലവിൽ അഷ്‌ക്കലോണിലെ ബർസിലായി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സൗമ്യയുടെ കുടുംബവുമായി സംസാരിച്ചിട്ടുണ്ടെന്നും സാധ്യമായ എല്ലാ സഹായങ്ങളും ഉറപ്പുനൽകിയിട്ടുണ്ടെന്നും വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ ട്വിറ്ററിൽ കുറിച്ചു. സൗമ്യ-സന്തോഷ് ദമ്പതികൾക്ക് ഏഴു വയസുള്ള ഒരു മകനുണ്ട്. ദുരന്തത്തിന്റെ ആഘാതത്തിൽ നിന്നും സന്തോഷിന് ഇനിയും തിരിച്ചുവരാൻ ആയിട്ടില്ല. ഫോൺ കോളിൽ ഭാര്യയുടെ ശബ്ദം മുറിഞ്ഞപ്പോൾ തന്നെ സന്തോഷിന് കാര്യം പിടികിട്ടിയെന്നതാണ് വസ്തുത.

സൗമ്യയുമായി സന്തോഷ് ഫോണിൽ സംസാരിക്കവെയാണ് അപകടമുണ്ടായത്. സന്തോഷിന്റെ കണ്ണിൽ നിന്നും ഒരൊറ്റ നിമിഷം കൊണ്ട് നഷ്ടം വീട്ടുകാരും തിരിച്ചറിഞ്ഞു. ഞൊടിയിട കൊണ്ട് ആ വീട് ഒരു അലറിക്കരച്ചിലിന് സാക്ഷിയായി. ഇസ്രയേലിലെ പ്രശ്‌നങ്ങളെ കുറിച്ച് കുടുംബത്തിനും അറിയാമായിരുന്നു. ഇതു കാരണം നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു സൗമ്യ. ഇതിനിടെയാണ് റോക്കറ്റിൽ ദുരന്തം എത്തുന്നത്. ഭർത്താവിനേയും മകനേയും ആശ്വസിപ്പിക്കാൻ നാട്ടുകാർക്കും ബന്ധുക്കൾക്കും കഴിയാത്ത അവസ്ഥ.

'ഫോൺ ചാർജ് ചെയ്യാനോ ഫുഡ് കഴിക്കാനോ ഫോൺ ഓഫ് ചെയ്യുമെന്നേയുള്ളൂ. അല്ലെങ്കിൽ രാത്രി വരെ ഞങ്ങൾ ഫോണിലാണ്. ഭക്ഷണം കഴിക്കുകയാണെന്ന് പറഞ്ഞതോർമ്മയുണ്ട്. ചെവിപൊട്ടുമാറുച്ചത്തിൽ ശബ്ദം കേട്ടു. ഒരു സ്ഫോടന ശബ്ദം. പിന്നാലെ ഫോൺ അങ്ങ് മറിഞ്ഞു. ഹലോ ഹലോ എന്ന് വിളിച്ചിട്ടും മറുതലയ്ക്കൽ ആളനക്കമില്ല.. ഒരു മിനിട്ട് കഴിഞ്ഞപ്പോൾ ആള് കൂടുന്നത് പോലെ ശബ്ദം കേട്ടു-സന്തോഷ് വേദന കടിച്ചമർത്തി വിശദീകരിക്കുന്നു

പെട്ടെന്ന് ഇസ്രയേലിലുള്ള പെങ്ങളെ വിളിച്ചു. അവളു വിളിച്ചിട്ട് പറഞ്ഞു, എടാ ശരിയാടാ അവിടെ അടുത്താണ് സംഭവം ഉണ്ടായത്. ഒരു പീസ് അങ്ങോട്ട് പോയി വീണതേയുള്ളൂ. അതൊന്നും അല്ലാർന്നു, എനിക്ക് അറിയാർന്നു, അവൾക്ക് എന്തേലും ബുദ്ധിമുട്ടുണ്ടേൽ അവൾ പെട്ടെന്ന് എന്നെ വിളിക്കും.' സന്തോഷ് പറഞ്ഞു. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സൗമ്യ നാട്ടിലേക്ക് വരാൻ ഇരിക്കുകയായിരുന്നെന്നും എന്നാൽ കോവിഡ് സാഹചര്യത്തിൽ വരവ് നീണ്ടുപോയതാണെന്നും സന്തോഷ് പറഞ്ഞു.

കഞ്ഞിക്കുഴി പഞ്ചായത്ത് മുൻ മെമ്പർമാരായ സതീശന്റെയും സാവിത്രിയുടെയും മകളാണ് കൊല്ലപ്പെട്ട സൗമ്യ. ഇന്ത്യൻ സമയം 6.30 ഓടെയാണ് സൗമ്യ ഷെൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. അഞ്ച് വർഷമായി സൗമ്യ ഇസ്രയേലിൽ കെയർ ടേക്കറായി ജോലി ചെയ്യുകയായിരുന്നു. ആക്രമണത്തിൽ സൗമ്യ പരിചരിച്ചിരുന്ന ഇസ്രയേൽ വനിതയും മരിച്ചു. ഇസ്രയേലിൽ ആദ്യമായാണ് ഷെൽ ആക്രമണത്തിൽ ഒരു മലയാളി കൊല്ലപ്പെടുന്നത്.