കൊല്ലം : സേവ് കോൺഗ്രസ്സ് എന്ന പേരിലുള്ള പോസ്റ്ററുകൾ തുടരുന്നു.കെപിസിസി വൈസ് പ്രസിഡന്റ് ശൂരനാട് രാജശേഖരനെതിരെയാണ് കൊല്ലത്ത് പ്രതിഷേധ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 'കോൺഗ്രസ് പാർട്ടിയെ ആർഎസ്എസ്സിന് വിറ്റുതുലച്ച ആർഎസ്എസ് റിക്രൂട്ട് ഏജന്റായ കെപിസിസി വൈസ് പ്രസിഡന്റ് ശൂരനാട് രാജശേഖരനെ പുറത്താക്കുക' എന്നാണ് പോസ്റ്ററിന്റെ ഉള്ളടക്കം. തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിയോടെയാണ് കോൺഗ്രസ്സിലെ വിഴുപ്പലക്കൽ മറനീക്കി പുറത്ത് വരുന്നത്. സംസ്ഥാന നേതൃത്വത്തിൽ തുടങ്ങി ജില്ലാ പ്രദേശിക നേതൃത്വത്തിന് എതിരെ വരെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് പ്രവർത്തകർ രംഗത്തെത്തുകയായിരുന്നു.തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് പധാനകാരണമായി പറയുന്ന ഗ്രൂപ്പ് വഴക്ക് തെരഞ്ഞെടുപ്പിന് ശേഷം കൂടുതൽ രൂക്ഷമാകുകായണ്.

കോൺഗ്രസുകാരാണ് പോസ്റ്ററിന് പിന്നിലെന്ന് കരുതുന്നില്ലെന്ന് ശൂരനാട് രാജശേഖരൻ പ്രതികരിച്ചു. 'പുരയ്ക്ക്തീപിടിക്കുമ്പോൾ വാഴവെട്ടുക എന്ന് പറയുന്നത് പോലെ തിരഞ്ഞെടുപ്പ് പരാജയത്തിനു പിന്നാലെ കോൺഗ്രസ് വിരുദ്ധരാണ് ഇത് ചെയ്തതെന്നാണ് എന്റെ വിശ്വാസം. ബിന്ദുകൃഷ്ണയ്ക്കെതിരേയും തനിക്കെതിരേയും ഒരേ കേന്ദ്രങ്ങളിലുള്ളവരാണ് പോസ്റ്റർ ഒട്ടിച്ചത് എന്നാണ് മനസ്സിലാക്കുന്നത്. കൊല്ലത്തെ സംഘടനാപ്രവർത്തനങ്ങൾ കൊല്ലത്തെ കോൺഗ്രസ് നേതൃത്വമാണ് നോക്കുന്നത്.' തന്റെ പേര് ഇതിലേക്ക് വലിച്ചിഴയ്ക്കേണ്ട കാര്യമില്ലെന്നും ശൂരനാട് രാജശേഖരൻ പറഞ്ഞു.

കഴിഞ്ഞ ദിവസം കൊല്ലം ഡിസിസി അധ്യക്ഷ ബിന്ദു കൃഷ്ണയ്ക്കെതിരേ കൊല്ലത്ത് പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരുന്നു.'പെയ്‌മെന്റ് റാണി ബിന്ദുകൃഷ്ണയെ ഡിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുറത്താക്കുക, കോൺഗ്രസിനെ രക്ഷിക്കുക', 'ബിജെപി ഏജന്റായ ബിന്ദു കൃഷ്ണ കോൺഗ്രസ് പ്രവർത്തകരുടെ ശത്രു' എന്നിങ്ങനെയെഴുതിയ പോസ്റ്ററുകളാണ് പുറത്തിറങ്ങിയത്. സേവ് കോൺഗ്രസ്സ് കൊല്ലം എന്ന പേരിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ഇതിനു പിന്നാലെയാണ് ശൂരനാട് രാജശേഖരനെതിരേയും പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.ഐ ഗ്രൂപ്പിലെ തർക്കമാണ് പോസ്റ്റർ പ്രതിഷേധത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ടുകൾ.

അതേസമയം കാൺഗ്രസിനുള്ളിൽ നേതൃമാറ്റ ആവശ്യം ശക്തമാകുന്നതിനിടെ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ നീക്കങ്ങൾ ശക്തമായി. കെ മുരളീധരൻ, കെ സുധാകരൻ എന്നിവരാണ് കെപിസിസി അധ്യക്ഷ പദവി മോഹിച്ചു രംഗത്തുള്ളത്. ഇവർക്ക് വേണ്ടി അണികൾ പലയിടങ്ങളിലുമായി പോസ്റ്ററുകളും പതിക്കുന്നുണ്ട്. ഇന്ന് തൃശ്ശൂരിൽ കെ മുരളീധരന് വേണ്ടിയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. കെ മുരളീധരനെ വിളിക്കൂ.. കോൺഗ്രസിനെ രക്ഷിക്കൂ എന്ന മുദ്രാവാക്യത്തിലാണ് പോസ്റ്റർ. കഴിഞ്ഞ ദിവസങ്ങളിൽ കോഴിക്കോട്ടും മുരളീധരന് വേണ്ടി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു.