കൊച്ചി: അഡ്‌മിനിസ്‌ട്രേറ്ററുടെ നയങ്ങളിൽ ലക്ഷദ്വീപിൽ പ്രതിഷേധം കത്തുന്നു. അഡ്‌മിനിസ്ട്രേറ്ററെ തിരിച്ചു വിളിക്കണമെന്നാവശ്യപ്പെട്ട് ജൂൺ ഏഴിന് ദ്വീപിലെ വീടുകളിൽ 12 മണിക്കൂർ നിരാഹാരം സംഘടിപ്പിക്കും. ദ്വീപിലെ ബിജെപി. ഉൾപ്പെടെ എല്ലാ രാഷ്ട്രീയ കക്ഷികളും ചേർന്ന് രൂപവത്കരിച്ച 'സേവ് ലക്ഷദ്വീപ് ഫോറ'ത്തിന്റെ ആദ്യ യോഗത്തിലാണ് തീരുമാനം. എല്ലാ വീടുകളിലെയും മുഴുവൻ അംഗങ്ങളും നിരാഹാര സമരത്തിൽ പങ്കെടുക്കും. അന്ന് വീടുകൾക്കു മുന്നിൽ കറുത്ത തുണി കെട്ടി പ്രതിഷേധിക്കുകയും ചെയ്യും.

തുടർപ്രക്ഷോഭങ്ങൾക്കു രൂപം നൽകാൻ ഓരോ ദ്വീപുകളിലും സബ്കമ്മിറ്റികൾ ഉടൻ രൂപീകരിക്കും. അഞ്ചിന് മുൻപു രൂപീകരിക്കാനാണു നിർദ്ദേശം. ഈ കമ്മിറ്റികൾ മുഖേനയായിരിക്കും സമര പരിപാടികൾ ആവിഷ്‌കരിക്കുക. കൊച്ചിയിൽ നിയമ വിദഗ്ദ്ധരടങ്ങുന്ന ഉന്നത ഉപദേശക സമിതിയും വിവിധ കോടതികളിൽ നിയമപോരാട്ടത്തിനായി ലീഗൽ സെല്ലും ഉടൻ രൂപവത്കരിക്കും. അഡ്‌മിനിസ്ട്രേറ്ററെ തിരികെ വിളിക്കുംവരെ പ്രതിഷേധങ്ങൾ തുടരാനാണ് ബുധനാഴ്ച രാത്രി ചേർന്ന യോഗത്തിന്റെ തീരുമാനം. ലക്ഷദ്വീപ് എംപി. പി.പി. മുഹമ്മദ് ഫൈസൽ, മുൻ എംപി. ഡോ. പൂക്കുഞ്ഞിക്കോയ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

അതേസമയം, ലക്ഷദ്വീപ് ടൗൺ ആൻഡ് കൺട്രി പ്ലാനിങ് കരടു നിയമത്തിനെതിരെ എതിർപ്പറിയിച്ചവരുടെ എണ്ണം കുറച്ചു കാട്ടി ദ്വീപ് ഭരണകൂടം കേരള ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപണം. അഭിപ്രായം അറിയിക്കാനുള്ള സമയം നീട്ടിനൽകണമെന്നാവശ്യപ്പെട്ടു ഹൈക്കോടതിക്കു മുന്നിൽ വന്ന ഹർജി പരിഗണിച്ചപ്പോഴാണ് ആകെ 593 പരാതികളാണു ലഭിച്ചതെന്ന വിവരം ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേഷൻ അറിയിച്ചത്.

എന്നാൽ, കരടിൽ എതിർപ്പറിയിച്ചു 10 ദ്വീപുകളിൽ നിന്നുമായി പതിനായിരത്തോളം പരാതികൾ നൽകിയിട്ടുണ്ടെന്നിരിക്കെ ഭരണകൂടം കോടതിക്കു മുന്നിൽ ഇതു മനഃപൂർവം മറച്ചുവച്ചുവെന്ന ഗുരുതരമായ ആരോപണമാണു ദ്വീപുവാസികൾ ഉന്നയിക്കുന്നത്.

ഏപ്രിൽ 28 മുതൽ മെയ്‌ 19 വരെയാണ് കരട് നിയമത്തിൽ അഭിപ്രായം അറിയിക്കാൻ നൽകിയിരുന്നത്. ഇമെയിൽ, തപാൽ വഴി പരാതി നൽകാനായിരുന്നു നിർദ്ദേശം. തലസ്ഥാനമായ കവരത്തിയിൽ നിന്നു മാത്രം ആയിരത്തിലേറെ പരാതികൾ അധികൃതർക്കു നൽകിയെന്നു നാട്ടുകാരും വില്ലേജ് ദ്വീപു പഞ്ചായത്ത് പ്രതിനിധികളും പറയുന്നു. ഇതിനെല്ലാം രസീതും കൈപ്പറ്റിയിട്ടുണ്ട്. മിനിക്കോയ് ദ്വീപിൽ നിന്നു മൂവായിരത്തിലേറെയും ആന്ത്രോത്തിൽ നിന്ന് നാലായിരത്തിലേറെയും പരാതികൾ അയച്ചിട്ടുണ്ട്. 10 ദ്വീപുകളിൽ നിന്നുമുള്ള പരാതികളുടെ കണക്കിലെടുത്താൽ ഇതു പതിനായിരം കടക്കുമെന്നുറപ്പാണെന്നും ദ്വീപുകാർ പറയുന്നു.