കൊച്ചി: തന്റെ പ്രിയ സുഹൃത്തുക്കളായ ഭാവന, രമ്യ നമ്പീശൻ, ശിൽപ ബാല, മൃദുല മുരളി എന്നിവർക്കൊപ്പം ഉള്ള ഡാൻസ് വീഡിയോ ഇൻസ്റ്റയിലും എഫ്ബിയിലും പോസ്റ്റ് ചെയ്തതോടെ സയനോര ഫിലിപ്പിന് എതിരെ സൈബർ ആങ്ങളമാരുടെയും പെങ്ങന്മാരുടെയും രൂക്ഷമായ ആക്രമണമാണ്. ഡാൻസ് വീഡിയോയിൽ ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചതാണ് പലരെയും പ്രകോപിപ്പിച്ചത്. ചിലർ സയനോരയെ പിന്തുണച്ചും എത്തിയതോടെ വാക്‌പോര് തുടരുകയാണ്. ഷോർട്‌സ് ധരിച്ചുള്ള മറ്റൊരു ചിത്രം പോസ്റ്റ് ചെയ്ത് സയനോരയും ഗോളടിച്ചു. വനിതാ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ ഇക്കാര്യത്തിൽ തന്റെ നിലപാടുകൾ വ്യക്തമാക്കുകയും ചെയ്തു.

ഇത്തരക്കാരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും സ്ത്രീകളുടെ തുടയും സ്തനവുമൊക്കെ കാണുന്നത് എന്തോ പാപമാണെന്നും ശരീരം ഒരു ലൈംഗിക വസ്തു മാത്രമാണെന്നും കരുതുന്നവരാണ് കൂടുതലെന്നും സയനോര പറഞ്ഞു.

അത്തരം കമന്റുകൾ കേട്ടതിൽ ഒരു വിഷമവും ഇല്ലെന്നും സ്വന്തം ഇഷ്ടത്തിനനുസരിച്ച് താൻ പോസ്റ്റ് ചെയ്ത ഒരു വിഡിയോയാണ് അതെന്നും സയനോര പറയുന്നു.' ഞാൻ വീട്ടിൽ ഉപയോഗിക്കുന്ന തരം വസ്ത്രമാണത്. അതിപ്പോൾ ആളുകൾ കണ്ടു, എന്റെ കാല് കണ്ടു എന്നതൊന്നും എന്നെ ബാധിക്കുന്ന കാര്യമല്ല. എന്റെ കാലുകൾ ഒരാൾ കണ്ടതു കൊണ്ട് എന്താണ് കുഴപ്പം എന്നാണ് ഞാൻ ചോദിക്കുന്നത്.

'ഒരു അമ്മയാണ് നീ...ഒരു അമ്മ ഒരിക്കലും ഇങ്ങനെ ചെയ്യാൻ പാടില്ല' എന്നാണ് ചിലരുടെ ഉപദേശം. എനിക്ക് കുറേപ്പേർ പേഴ്സണൽ മെസേജായും ഈ ഉപദേശം തന്നു. അതെന്താണ് അമ്മമാർക്ക് ചെയ്യാൻ പാടില്ലാത്തത് ? എന്തുകൊണ്ട് ? അമ്മമാരാകുന്നതോടെ അവരുടെ വ്യക്തിത്വം ഇല്ലാതാകുമോ ? ഒരിക്കലുമില്ല. ഒരാളുടെ അധികാരി അയാൾ തന്നെയാണ്. നമ്മളാണ് തീരുമാനിക്കേണ്ടത്.

നമ്മളെക്കുറിച്ച് മറ്റുള്ളവർ എന്തു സംസാരിക്കും എന്നോർത്ത് ലൈഫിന്റെ തിളക്കം കുറയ്ക്കാൻ ഇനി എനിക്കു പറ്റില്ല. എനിക്കും നേരത്തെ സ്ലീവ് ലസ്സ് ഒക്കെയിടാൻ പേടിയായിരുന്നു. അയ്യേ...ആൾക്കാർ എന്തു വിചാരിക്കും എന്റെ കൈ നല്ല തടിച്ചിട്ടല്ലേ...എന്നൊക്കെ. ഞാൻ ആ ചിന്തകളിൽ നിന്നു പതിയെപ്പതിയെ പുറത്തു വന്നു,'' സയനോര പറഞ്ഞു.

ഇന്നലെ താൻ പോസ്റ്റു ചെയ്ത ചിത്രം ഇത്തരം വിമർശകർക്കുള്ള മറുപടിയാണെന്നും സയനോര കൂട്ടിച്ചേർത്തു. 'നിങ്ങൾ എങ്ങനെ വേണമെങ്കിലും എന്നെ വിധിച്ചോ, എനിക്ക് യാതൊരു പ്രശ്നവുമില്ല. നിങ്ങൾ എങ്ങനെ വേണമെങ്കിലും എന്നെക്കുറിച്ച് ചിന്തിച്ചോ, എനിക്ക് യാതൊരു കുഴപ്പവുമില്ല,'' സയനോര പറഞ്ഞു. അതേസമയം കുറേയേറെ ആളുകൾ തന്നെ പിന്തുണച്ച് പോസ്റ്റുകളും കമന്റുകളുമിട്ടു എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണെന്നും ഇതൊക്കെ മനസ്സിലാക്കുന്ന ഒരു വിഭാഗം ഉണ്ടെന്നത് വലിയ സന്തോഷമാണെന്നും താരം പറഞ്ഞു.

ഞാൻ എന്റെ ശരീരത്തെ ഇപ്പോഴാണ് സ്നേഹിക്കാൻ തുടങ്ങിയത്. അതൊരു വലിയ സത്യമാണ്. ഈ കാലഘട്ടത്തിൽ നമ്മുടെ ശരീരത്തെ അളവുകോലുകളില്ലാതെ വളരെ ആത്മാർഥമായി സ്നേഹിക്കാൻ പറ്റുക എന്നത് വളരെ വളരെ ബുദ്ധിമുട്ടാണ്. ഞാനതാണ് ഇപ്പോൾ ചെയ്യുന്നത്.

നമ്മൾ നമ്മുടെ ജീവിതത്തിൽ നിന്ന് എന്തു പഠിക്കുന്നു എന്നതാണ് പ്രധാനം. സ്വയം തിരുത്താൻ ശ്രമിക്കുക. മാതൃത്വത്തിൽ മാത്രം ഞാൻ എന്നെ ഒതുക്കി നിർത്താൻ ഉദ്ദേശിച്ചിട്ടില്ല. അത്തരം കാര്യങ്ങളെക്കുറിച്ചൊക്കെ എന്റെ മോളോട് ഞാൻ വ്യക്തമായി സംസാരിച്ചിട്ടുണ്ട്. വീഡിയോയുടെ അടിയിൽ കമന്റുകൾ വന്നതൊക്കെ ഞാൻ മോളോട് പറഞ്ഞു. 'മമ്മയ്ക്ക് തടിയുള്ളതു കൊണ്ട് ഷോർട്സ് ഇട്ട് ഡാൻസ് കളിച്ചതിന് ആൾക്കാൻ എന്തൊക്കെയോ പറഞ്ഞു' എന്നു പറഞ്ഞു. 'ഹൗ റൂഡ്' എന്നായിരുന്നു മോളുടെ പ്രതികരണം. 'മമ്മ ഒരു ഫോട്ടോ പോസ്റ്റ് ചെയ്യാൻ പോകുന്നുണ്ട് കേട്ടോ' എന്നു പറഞ്ഞപ്പോൾ അവളും സപ്പോർട്ട് ചെയ്തു. വിദേശത്തൊക്കെ പോയി ജീവിച്ചിട്ടും ശരീരവുമായി ബന്ധപ്പെട്ട പുരോഗമന നിലപാടുകളെ നഖശിഖാന്തം എതിർക്കുന്നവരാണ് പലരുമെന്നും ഇപ്പോൾ പലരും പ്രകടിപ്പിക്കുന്ന, പറയുന്ന പുരോഗമനം ഒരു മൂടുപടം മാത്രമാണെന്നും സയനോര പറഞ്ഞു.