കോഴിക്കോട്: ​തദ്ദേശ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ നിലപാടുകൾ ഒന്നും സ്വീകരിച്ചിട്ടില്ലെന്ന് വ്യക്തമാക്കി സമസ്ത രം​ഗത്ത്. സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങളാണ് മുസ്ലിം ലീ​ഗ് മുഖപത്രമായ ചന്ദ്രികയിലെ വാർത്ത തള്ളി രം​ഗത്തെത്തിയത്. മുസ്ലിംലീഗ് വിമത സ്ഥാനാർത്ഥികളെ പരാജയപ്പെടുത്തണമെന്ന് ജിഫ്രി തങ്ങൾ പറഞ്ഞുവെന്നായിരുന്നു ചന്ദ്രികയിലെ വാർത്ത. എന്നാൽ, ഏതെങ്കിലും മുന്നണികളെയോ വ്യക്തികളെയോ സംഘടനകളെയോ തോൽപിക്കണമെന്നോ വിജയിപ്പിക്കണമെന്നോ ഇതുവരെ പറഞ്ഞിട്ടില്ലെന്ന് ജിഫ്രി തങ്ങൾ പത്രക്കുറിപ്പിൽ വ്യക്തമാക്കി.

ചന്ദ്രികയിലെ വാർത്ത അടിസ്ഥാന രഹിതമാണെന്നും മുസ്ലിം ലീഗ് മുഖപത്രമായ ചന്ദ്രികയിൽ നിന്നും ഇത്തരമൊരു സമീപനം പ്രതീക്ഷിച്ചില്ലെന്നും തങ്ങൾ കുറ്റപ്പെടുത്തി. ചന്ദ്രിക തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും സമസ്ത അധ്യക്ഷൻ കൂട്ടിച്ചേർത്തു. മുസ്ലിം ലീഗിന് റിബലായി മത്സരിക്കുന്നവരെ പരാജയപ്പെടുത്താൻ ജിഫ്രി തങ്ങൾ പറഞ്ഞു എന്ന തരത്തിലാണ് ലീഗ് മുഖപത്രമായ ചന്ദ്രികയിൽ ഇന്ന് വാർത്ത വന്നത്. പാണക്കാട് കുടുംബം നേതൃത്വം നൽകുന്ന മുസ്ലിം ലീഗ് അധികാരത്തിൽ വരേണ്ടത് അനിവാര്യമാണെന്നും തങ്ങൾ പറഞ്ഞതായി ചന്ദ്രിക റിപ്പോർട്ട് ചെയ്തു.

നാദാപുരത്തെ ഒരു പരിപാടിയിൽ തന്നെ സമീപിച്ചവരോട് തെരെഞ്ഞെടുപ്പിലെ റിബൽ ശല്യത്തെ കുറിച്ചും ഹൈദരലി തങ്ങളുടെ തീരുമാനം അംഗീകരിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചുമൊക്കെ സൗഹൃദ സംഭാഷണത്തിൽ സംസാരിച്ചത് വർത്തയാക്കുന്നതും വിവാദത്തിന് ഇടയാക്കുന്നതും മാന്യത അല്ലെന്നും തങ്ങൾ പ്രസ്താവനയിൽ പറഞ്ഞു. ആശയപരമായി സുന്നി വിഭാഗത്തിന്റെ എതിർചേരിയിലുള്ള ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ രൂപമായ വെൽഫെയർ പാർട്ടിയുമായി ലീഗും യുഡിഎഫും ബന്ധമുണ്ടാക്കിയതിൽ സമസ്തയ്ക്ക് അതിയായ അമർഷമുണ്ട്.ഇതിനിടെയാണ് ലീഗിനെ വിജയിപ്പിക്കാൻ തങ്ങൾ ആഹ്വാനം നടത്തിയെന്ന വാർത്തയെ തള്ളി ജിഫ്രി തങ്ങൾ തന്നെ രംഗത്ത് വന്നത്.

ചന്ദ്രികയിലെ വാർത്ത ഇങ്ങനെ..

മുസ്‌ലിം ലീഗിന് റിബലായി മത്സരിക്കുന്നവരെ പരാജയപ്പെടുത്തുക: ജിഫ്രി തങ്ങൾ

നാദാപുരം: മുസ്‌ലിം ലീഗ് നേതൃത്വം പ്രഖ്യാപിച്ച സ്ഥാനാർത്ഥികൾക്ക് റിബലായി മത്സരിക്കുന്നവരെ പരാജയപ്പെടുത്തണമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ആഹ്വാനം ചെയ്തു. പാണക്കാട് കുടുംബം നേതൃത്വം നൽകുന്ന പാർട്ടിയാണ് മുസ് ലിം ലീഗ്. മത ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണത്തിനായി പോരാടുന്ന മുസ് ലിം ലീഗും ആ പാർട്ടി ഉൾക്കൊള്ളുന്ന മുന്നണിയും അധികാരത്തിൽ വരേണ്ടത് അനിവാര്യമാണ്.

ആസന്നമായ തദ്ദേശ തെരഞ്ഞെടുപ്പിൽ വളരെ ആലോചിച്ചുകൊണ്ട് ലീഗ് നേതൃത്വം പ്രഖ്യാപിച്ച സ്ഥാനാർത്ഥികൾക്ക് റിബലായി മത്സരിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും തങ്ങൾ പറഞ്ഞു. നാദാപുരം പുളിയാവിൽ സ്വകാര്യ സന്ദർശനത്തിന് എത്തിയതായിരുന്നു തങ്ങൾ. ചെക്യാട് പഞ്ചായത്തിലെ ജാതിയേരി വാർഡിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥി അഹമ്മദ് കുറുവയിൽ, പുളിയാവ് വാർഡ് സ്ഥാനാർത്ഥി സുബൈർ പാറേമ്മൽ എന്നിവരെ തങ്ങൾ ആശീർവദിച്ചു.

ആർ.വി കുട്ടിഹസൻ ദാരിമി, ഫുജൈറ കെഎംസിസി ജനറൽ സെക്രട്ടറി യു.കെ റാഷിദ്, ബെംഗളൂരു കെഎംസിസി വൈസ് പ്രസിഡന്റ് അസീസ് പുളിയച്ചേരി എന്നിവരും തങ്ങൾക്കൊപ്പമുണ്ടായിരുന്നു.