ന്യൂഡൽഹി: രാജ്യത്തിന്റെ തലസ്ഥാന നഗരത്തിൽ വായു മലിനീകരണം രൂക്ഷമായി തുടരുന്നതിനിടെ വിഷയത്തിൽ ഡൽഹി സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ മലിനീകരണം പരിഹരിക്കാനുള്ള നിർദേശവുമായി എത്തിയില്ലെങ്കിൽ വിഷയത്തിൽ ഇടപെടുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

സർക്കാരിന്റെ വാദഗതികൾക്കു വിരുദ്ധമായി ഡൽഹിയിലെ അന്തരീക്ഷ മലിനീകരണത്തിൽ വർധന ഉണ്ടായെന്നാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. മലിനീകരണം നിയന്ത്രിക്കാൻ ഡൽഹി സർക്കാർ സ്വീകരിച്ച നടപടികളിലും കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി.

'മലിനീകരണം വർധിച്ചു വരുന്നു, യാതൊന്നും സംഭവിക്കുന്നുമില്ല എന്നാണു ഞങ്ങൾക്കു തോന്നുന്നത്, സമയം മാത്രം പാഴാക്കപ്പെടുന്നു' വാദത്തിനിടെ ചീഫ് ജസ്റ്റിസ് എൻ.വി. രമണ നിരീക്ഷിച്ചു. തുടർച്ചയായ നാലാം ആഴ്ചയിലാണ് അന്തരീക്ഷ മലിനീകരണം സംബന്ധിച്ച വിഷയത്തിൽ സുപ്രീം കോടതി വാദം കേട്ടത്.

ഡൽഹിയിലെ വായു മലിനീകരണവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെയാണ് വിഷയത്തിൽ സർക്കാരുകൾ കാണിച്ച അനാസ്ഥയിലുള്ള അസംതൃപ്തി ചീഫ് ജസ്റ്റിസ് എൻ.വി രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കിയത്.

'മലിനീകരണത്തിന്റെ തോത് ഉയരുമ്പോഴും ഒരു നടപടിയും ഉണ്ടാകുന്നില്ലെന്നാണ് ഞങ്ങൾ മനസ്സിലാക്കുന്നത്. നമ്മൾ സമയം പാഴാക്കുകയാണ്. 24 മണിക്കൂർ സമയം തരുന്നു. വിഷയത്തിന്റെ ഗൗരവം ഉൾക്കൊണ്ട് പരിഹാരം കണ്ടെത്താൻ സർക്കാരുകൾ തയ്യാറാവണം'- സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കി.

അതേ സമയം വായു മലിനീകരണം രൂക്ഷമായതിനെത്തുടർന്നു ഡൽഹിയിലെ സ്‌കൂളുകൾ അടച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സ്‌കൂളുകൾ തുറക്കില്ലെന്നു പരിസ്ഥിതി മന്ത്രി ഗോപാൽ റായ് അറിയിച്ചു. 'വായു നിലവാരം മെച്ചപ്പെടുമെന്ന കരുതലിലാണ് സ്‌കൂളുകൾ തുറന്നത്. എന്നാൽ മലിനീകരണം വർധിച്ചതിനാൽ വെള്ളിയാഴ്ച മുതൽ സ്‌കൂളുകൾ തുറക്കില്ല.' മന്ത്രി പറഞ്ഞു.

വായു മലിനീകരണം വർധിക്കുന്നതിനിടെ സ്‌കൂളുകൾ തുറക്കാനുള്ള സർക്കാർ തീരുമാനത്തെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. 'മൂന്നും നാലും വയസ്സുള്ള കുട്ടികൾ സ്‌കൂളുകളിൽ പോകുന്നു, അതേസമയം മുതിർന്നവർ വീട്ടിലിരുന്നു ജോലി ചെയ്യുന്നു. സർക്കാരിനെ ഉപദേശിക്കാൻ കോടതി ഒരാളെ നിയമിക്കാം.' ചീഫ് ജസ്റ്റിസ് എൻ.വി.രമണ പറഞ്ഞു. അധ്യയനം നഷ്ടമാകുന്നെന്ന പരാതി ഉയർന്നതോടെയാണു സ്‌കൂളുകൾ തുറക്കാൻ തീരുമാനിച്ചതെന്നു സർക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകൻ മനു അഭിഷേക് സിങ്വി കോടതിയെ അറിയിച്ചു.

'കുട്ടികൾക്ക് ഓപ്ഷൻ നൽകിയിട്ടുണ്ടെന്നാണു നിങ്ങൾ വാദിക്കുന്നത്. പക്ഷേ വീട്ടിലിരിക്കാൻ ആർക്കാണ് ആഗ്രഹം? ഞങ്ങൾക്കും മക്കളും ചെറുമക്കളുമുണ്ട്. കോവിഡിനെ തുടർന്ന് അനുഭവിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചു ഞങ്ങൾക്കു നന്നായി അറിയാം. നിങ്ങൾ നടപടി എടുത്തില്ലെങ്കിൽ നടപടി ഞങ്ങൾ എടുക്കും' ചീഫ് ജസ്റ്റിസ് എൻ.വി. രമണ പറഞ്ഞു.

ഡൽഹി നഗരത്തിൽ മലിനീകരണ തോത് ഉയർത്തുന്ന ഫാക്ടറികളും നിർമ്മാണ പ്രവർത്തികളും തടയാൻ ഫ്ളയിങ് സ്‌ക്വാഡുകളെ നിയോഗിക്കണമെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വികാസ് സിങ് ആവശ്യപ്പെട്ടു. ഇത്തരം സ്ഥാപനങ്ങൾ മാർഗ നിർദേശങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തണം.

മലിനീകരണം നിയന്ത്രണ വിധേയമാക്കാനുള്ള നടപടികൾ ഡൽഹി സർക്കാർ സ്വീകരിച്ചു കഴിഞ്ഞുവെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. വായു മലിനീകരണത്തിന്റെ തോത് ഉയർന്നതിനെ തുടർന്ന് ഡൽഹിയിൽ സ്‌കൂളുകൾ അനിശ്ചിത കാലത്തേക്ക് അടച്ചു.